Tuesday 15 December 2020 04:43 PM IST : By സ്വന്തം ലേഖകൻ

താരനും മുടി കൊഴിച്ചിലും ഇനിയില്ല, മുടി നന്നായി തഴച്ചുവളരും; കഞ്ഞി വെള്ളത്തിൽ നിന്നും കിടിലൻ ഹെയർ പാക്ക് ഇതാ...

rricecvbb

എല്ലാ വീട്ടിലും നിത്യവും ഉണ്ടാകുന്ന സാധനമാണ് കഞ്ഞി വെള്ളം. പലപ്പോഴും ഒന്നും നോക്കാതെ എടുത്തു മറിച്ചു കളയുകയാണ് പതിവ്. എന്നാൽ നമ്മുടെ തലമുടിയുടെ ആരോഗ്യത്തിനു വേണ്ട എല്ലാം കഞ്ഞിവെള്ളത്തിൽ സമ്പുഷ്ടമാണ്. ഒരല്പം ശ്രദ്ധ നൽകിയാൽ പാർലറിൽ ഒന്നും പോകാതെ നല്ല ഹെൽത്തി ഹെയർ പാക്കുകൾ വീട്ടിൽ തന്നെ തയാറാക്കാം.

1. അരി കഴുകുമ്പോൾ ഒരു ഗ്ലാസ്‌ വെള്ളം മാറ്റി വെക്കുക. ഈ വെള്ളത്തിലേക്ക് കുറച്ചു സാധാരണ പച്ചവെള്ളം കൂടി ചേർത്ത് നന്നായി നേർപ്പിക്കുക. ഇതിനു ശേഷം ഒരു സ്പൂൺ കറ്റാർ വാഴയുടെ ജ്യൂസ് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു കുപ്പിയിലേക്ക് ഒഴിച്ച് നന്നായി കുലുക്കണം. ഷാംപൂ ഉപയോഗിച്ച് കഴുകിയ ശേഷം ഈ വെള്ളം തലമുടിയിൽ നന്നായി സ്പ്രേ ചെയ്യുക. തലയോട്ടിയിലും തലമുടിയിലും നന്നായി മൃദുവായി മസ്സാജ് ചെയ്യുക. അഞ്ചു മിനിറ്റു നേരം ഇങ്ങനെ മസ്സാജ് ചെയ്ത ശേഷം മുടി നന്നായി കഴുകി, കോട്ടൻ തുണി ഉപയോഗിച്ച് തോർത്താം. മുടി വിടർത്തിയിട്ട് വേണം ഉണക്കിഎടുക്കാൻ. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യാം.

2. തലേ ദിവസത്തെ കഞ്ഞി വെള്ളം ഒരു കുപ്പിയിലാക്കി നന്നായി അടച്ചു വെക്കുക. പിറ്റേന്ന് നന്നായി പുളിച്ച കഞ്ഞി വെള്ളത്തിലേക്ക് ഇരട്ടി അളവിൽ പച്ച വെള്ളം കൂടി ചേർക്കാം. ഇതിനോടൊപ്പം നാലു തുള്ളി ലാവെൻഡർ ഓയിൽ കൂടി ചേർത്തു നന്നായി മിക്സ് ചെയ്യുക. ശേഷം മുടി കഴുകി കണ്ടിഷണർ കൂടി ഉപയോഗിച്ച ശേഷം ഈ വെള്ളം തലമുടിയുടെ മുകളിൽ നിന്നും അറ്റത്തേക്ക് ഒഴിക്കാം. മുടികൾക്കിടയിൽ നന്നായി മസ്സാജ് ചെയ്ത് എല്ലാ സ്ഥലത്തും ഈ വെള്ളം പിടിപ്പിക്കണം. ശേഷം സാധാരണ വെള്ളത്തിൽ കഴുകി ഉണക്കാം. തലയിലെ താരൻ, ചൊറിച്ചിൽ, ഫങ്ക്സ്, എന്നിവയെല്ലാം മാറി മുടി വൃത്തിയായിട്ട് ഇരിക്കാൻ ഈ പാക്ക് സഹായിക്കും.

3. അഞ്ചു സ്പൂൺ കടുക് നന്നായി പൊടിച്ച് ഒലിവ് ഓയിൽ കൂടി മിക്സ് ചെയ്ത് നന്നായി ചേർത്ത് ഇളക്കുക. ഇതിലേക്ക് കുറച്ചു കഞ്ഞി വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് കുഴമ്പു പരുവത്തിൽ ആക്കുക. ഈ പാക്ക് കുളിക്കാൻ പോകുന്നതിന്റെ പത്തു മിനിറ്റു മുന്നേ തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കാം. 20 മിനിറ്റു ശേഷം അല്പം കഞ്ഞി വെള്ളം തന്നെ ഒഴിച്ച് നന്നായി മസ്സാജ് ചെയ്യുക. അഞ്ചു മിനിറ്റ് മസ്സാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകി ഉണക്കണം. മുടിയുടെ തിളക്കത്തിനും വളർച്ചയ്ക്കും ഉത്തമമാണ്.

4. കറിവേപ്പിലയും തുളസിയും നന്നായി അരച്ചെടുക്കുക. ഇതിലേക്ക് സവോളയുടെ നീര് കൂടി ചേർത്ത് മിശ്രിതമാക്കാം. ഈ മിശ്രിതം കുറച്ചു കഞ്ഞി വെള്ളം കൂടി ചേർത്തു കുഴമ്പു പരുവത്തിൽ ആക്കാം. ഇത് തലയിൽ നന്നായി തേച്ചു പിടിപ്പിച്ചു 15 മിനിറ്റു നേരം ഷവർ ക്യാപ് ഉപയോഗിച്ച് കെട്ടി വെക്കാം. ശേഷം മൈൽഡ് ആയിട്ടുള്ള ഷാംപൂ ഉപയോഗിച്ച് കഴുകാം. മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും നല്ല പാക്കാണിത്. 

Tags:
  • Glam Up
  • Beauty Tips