Friday 24 August 2018 02:00 PM IST : By സ്വന്തം ലേഖകൻ

പാർശ്വഫലങ്ങളില്ല, സ്കിൻ ക്ലിനിക്കിലെ സിറ്റിങ്ങുകൾ വേണ്ട; അകറ്റാം അനാവശ്യ രോമങ്ങൾ!

hair-remover4567

‘ഇവൾ ഞങ്ങടെ ആൺകുട്ടിയാ’... മുഖത്തെ രോമവളർച്ചയുടെ കാര്യത്തിൽ ഇങ്ങനെയൊരു കമന്റ് കേട്ടാൽ ഏതു പെണ്ണിന്റെയും മനസ്സൊന്നു നോവും. അനാവശ്യ രോമങ്ങളെ എളുപ്പത്തിൽ അകറ്റാൻ ഏറെ വഴികളുണ്ട്. വീട്ടിലിരുന്ന് ചെയ്യാവുന്ന ചില പൊടികൈകൾ ഇതാ...

പച്ചമഞ്ഞളിനെ കൂട്ടുപിടിക്കൂ...

∙ പച്ചമഞ്ഞൾ അരച്ച് കുഴമ്പു രൂപത്തിലാക്കി  പുരട്ടുന്നത്  രോമത്തിന്റെ കറുപ്പുനിറം കുറയ്ക്കാനും വളർച്ച കുറയ്ക്കാനും സഹായിക്കും. പച്ചമഞ്ഞൾ അരച്ചതിൽ തുല്യമായ അളവിൽ തേൻ ചേർക്കുന്നതും നല്ലതാണ്. പതിവായി ചെയ്താലേ പൂർണമായ ഫലം കിട്ടൂ.

‌∙ അരക്കപ്പ് തണുത്ത പാലും  രണ്ടു വലിയ സ്പൂൺ പച്ചമഞ്ഞ ൾ അരച്ചതും  ഒരു ചെറിയ സ്പൂൺ ഉപ്പും  ചേർത്തു യോജിപ്പിച്ച് മുഖത്ത് പുരട്ടി 10 മിനിറ്റ് വൃത്താകൃതിയിൽ മസാജ് ചെയ്യുക. ഇളം ചൂടുവെള്ളത്തിൽ കഴുകാം.

എഗ് വൈറ്റ് വാക്സ്

∙ മുഖത്ത് മുട്ടയുടെ വെള്ള തേച്ചു പിടിപ്പിക്കുക. അതിനു മുകളിലായി ടിഷ്യൂ പേപ്പർ ഒട്ടിക്കുക. ഇതിനു മുകളിലായി വീണ്ടും ഒരു ലെയർ മുട്ട വെള്ള പുരട്ടുക. വീണ്ടും ടിഷ്യൂ പേപ്പർ ഒട്ടിക്കുക. ഉണങ്ങിക്കഴിഞ്ഞ് മാസ്ക് മുകളിലേക്ക് വലിക്കുക. രോമങ്ങൾ അകറ്റാനുള്ള സ്വാഭാവിക വഴിയാണിത്.

സിട്രിക് ബ്ലീച്

∙ നാരങ്ങ, മുന്തിരി, തക്കാളി, ഓറഞ്ച് പോലുള്ള അസിഡിക് സ്വഭാവമുള്ള പഴങ്ങൾ ബ്ലീച്ചിങ് ഏജന്റായി ഉപയോഗിക്കാം. ഇവ രണ്ടായി മുറിച്ച് മുഖത്ത് വൃത്താകൃതിയിൽ ഉരസുക. ഉണങ്ങി തുടങ്ങുമ്പോൾ തന്നെ ചെറുചൂടുവെള്ളത്തിൽ കഴുകണം. ചർമം വലിയാൻ അനുവദിക്കരുത്. ആഴ്ചയിൽ  മൂന്നു ദിവസം  ഇങ്ങനെ  ചെയ്താൽ രോമം  കനം കുറഞ്ഞ് നിറം മങ്ങും. മുഖത്തിന് തിളക്കവും നിറവും കൂടും.

∙ തൈരുപയോഗിച്ചും  ബ്ലീച് ചെയ്യാം. മുഖത്ത് തൈര് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. ഇളം ചൂടു വെള്ളത്തിലാണ് കഴുകേണ്ടത്. ചർമസുഷിരങ്ങളിൽ അടിയുന്ന തൈര് മുഴുവനായി കളയുന്നതിനാണ്  ഇളംചൂടു വെള്ളം. നന്നായി വൃത്തിയാക്കണം. അല്ലെങ്കിൽ മുഖക്കുരു വരാന്‍ സാധ്യതയുണ്ട്.

സ്ക്രബ്, അടുക്കളയിൽ നിന്ന്

∙ സ്ക്രബ് ചെയ്യുന്നവരിൽ രോമ വളർച്ച ക്രമേണ കുറയും. കടലമാവ്, ചെറുപയർപൊടി, റവ എന്നിവ നാചുറൽ സ്ക്രബാണ്. അധികം  ബലം  കൊടുക്കാതെ  മൃദുവായി  വേണം  സ്ക്രബ് ചെയ്യാൻ. സ്ക്രബിങ് അമിതമായാൽ സ്കിൻ ടെക്സചറിനെ ദോഷകരമായി ബാധിക്കും.

∙ ഒരു ചെറിയ സ്പൂൺ കടലമാവ് കാൽ ചെറിയ സ്പൂൺ മ ഞ്ഞൾ അരച്ചതിലോ തൈരിലോ ചേർത്ത് മുഖത്തു പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് മെല്ലെ സ്ക്രബ് ചെയ്ത് ഇളം ചൂടുവെള്ളത്തിൽ കഴുകുക.

∙എണ്ണമയം കൂടുതലുള്ളവർ ചെറുപയർപൊടി തേച്ച് സ്ക്രബ് ചെയ്ത് തണുത്ത വെള്ളത്തിൽ കഴുകുക.

∙ റവ പാലിൽ കുതിർത്ത് പച്ചമഞ്ഞൾ ചേർത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് മെല്ലേ സ്ക്രബ് ചെയ്ത് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

വിവരങ്ങൾക്ക് കടപ്പാട്: മേരി ജീന, സെലിബ്രിറ്റി ബ്യൂട്ടി സ്പെഷ്യലിസ്റ്റ്, ഹെയർ അഫെയർ, കൊച്ചി