Tuesday 17 December 2019 04:35 PM IST : By സ്വന്തം ലേഖകൻ

‘മുടി സൂപ്പറാണ്’ എന്ന കമന്റ്സ് കിട്ടണോ? 10 ഹെയർ പ്രോഡക്ട്സ് അറിഞ്ഞിരുന്നോളൂ...

hair-colour66ghbjhh

‘മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ടി’ എന്ന ലേബലിൽ കാണുന്ന എന്തും അപ്പോ ൾ തന്നെ പണം മുടക്കി വാങ്ങുന്നവരുണ്ട്. ഇതെല്ലാം മുടിയിൽ പ്രയോഗിച്ചാൽ പരസ്യത്തിലേതു പോലെ മുടി തിളങ്ങുമെന്ന് അവർ വിശ്വസിക്കും. പക്ഷേ, അമിതമായ ഈ ആവേശം പലപ്പോഴും അപകടത്തിൽ എത്തിക്കുകയേ ഉള്ളൂ.

എന്നാൽ മുടിയുടെ ആരോഗ്യം സൂക്ഷിക്കാൻ ഉറപ്പായും കയ്യിൽ കരുതേണ്ട ചില എസൻഷ്യൽസ് ഉണ്ട്. ഹെയർ സ്റ്റൈലിങ് ടൂൾസ്, ഹെയർ പ്രോട്ടക്ടിങ് പ്രോഡക്ട്സ്, ഹെയർ ക്ലീനിങ് പ്രോഡക്ട്സ്... തുടങ്ങിയവയാണ് ഇത്.

അമിതമായി ഉപയോഗിക്കാതെ, ആവശ്യാനുസരണം മാത്രം ഉപയോഗിച്ചാൽ ‘മുടി സൂപ്പറാണ്’ എന്ന കമന്റ്സ് ഇവ നേടിത്തരും. ബ്യൂട്ടി ബോക്സിൽ നിന്ന് ഒഴിവാക്കാൻ പാടില്ലാത്ത 10 ഹെയർ പ്രോഡക്ട്സ് അറിഞ്ഞിരുന്നോളൂ...

ഷാംപൂ/കണ്ടീഷ്നർ

മിക്കവരും ഉപയോഗിക്കുന്ന ഹെയർ കെയർ പ്രോഡക്റ്റസ് ആണ് ഷാംപൂവും കണ്ടീഷ്നറും. മുടിയിലെ അഴുക്കും പൊടിയും നീക്കാനും എണ്ണമയം മാറ്റി മുടിയിഴകൾ സുന്ദരമാക്കാനും ഷാംപൂ ചെയ്യുക തന്നെ വഴി.

താരൻ അകറ്റാൻ, മുടി കൊഴിച്ചിൽ കുറയ്ക്കാ ൻ, മുടി വളരാൻ, മുടിക്ക് കനം തോന്നിക്കാൻ എന്നു തുടങ്ങി ഹെയർ കളറിങ്, സ്മൂത്തനിങ് പോലുള്ള ഹെയർ ട്രീറ്റ്മെന്റ്സിനു ശേഷം ഉപയോഗിക്കാൻ വരെയുള്ള പ്രത്യേകം ഷാംപൂസ് വിപണിയിലുണ്ട്. ആവശ്യാനുസരണം ഇവ തിരഞ്ഞെടുക്കാം.

ഇത്തരത്തിൽ കണ്ടീഷ്നറും ലഭ്യമാണ്. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം കണ്ടീഷ്നർ ശിരോചർമത്തിലേക്ക് തേച്ചുപ്പിടിപ്പിക്കരുത് എന്നതാണ്. മുടിയിൽ മാത്രം പുരട്ടി രണ്ടു മിനിറ്റ് കാത്തിരുന്ന ശേ ഷം വേണം കഴുകിക്കളയാനും.

ഡ്രൈ ഷാംപൂ

മുടി കൊഴിച്ചിൽ കൂട്ടാനും മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്താനും കാരണമാ കുമെന്നതിനാൽ എല്ലാ ദിവസവും തലമുടി കഴുകരുത് എന്നാണ് വിദഗ്ധർ പറയുന്നത്. മുടിയിൽ ഈർപ്പം നിന്നാൽ പൊടിയും അഴുക്കും അടിഞ്ഞ് താരൻ വരും. മുടിയുടെ ഭംഗിയെയും ബാധിക്കും. അതിനാൽ തല നനച്ചുള്ള കുളി ആഴ്ചയിൽ മൂന്നു ദിവസം മതി. അപ്പോൾ പിന്നെ, ഷാംപൂ ചെയ്യാതെ മുടിയിഴകൾ പാറിപ്പറക്കാൻ എന്തു ചെയ്യും? അതിനുള്ള വഴിയാണ് ഡ്രൈ ഷാംപൂ. ഷാംപൂ എന്നാണ് പേരെങ്കിലും ഇത് സ്പ്രേ ആണ്. മുടി ചെറുഭാഗങ്ങളായി തിരിച്ച് സ്പ്രേ ചെയ്ത് വിരലുകൾകൊണ്ടു തന്നെ കോതിക്കൊടുക്കാം. എണ്ണമയം നീങ്ങി, ഷാംപൂ ചെയ്തതു പോലെ സുന്ദരമാകും മുടി.

ഹെയർ മാസ്ക്

മുടിയുടെ ആരോഗ്യം കാക്കാൻ വേണ്ടത് ശരിയായ പരിചരണമാണ്. താരനാണ് ചിലരുടെ പ്രശ്നമെങ്കിൽ മുടിയുടെ വരൾച്ചയാണ് ചിലരെ അലട്ടുക. കരുത്തുറ്റ മുടിയുണ്ടെങ്കിലും സിനിമാതാരത്തെ പോലെ തിളക്കമുള്ള മുടിയില്ലല്ലോ എന്നു ചിന്തിക്കുന്നവരുമുണ്ട്. ഇതിനെല്ലാമുള്ള പരിഹാരമാണ് ഹെയർ മാസ്ക്. കണ്ടീഷനിങ് മാസ്ക്, ഹൈഡ്രേറ്റിങ് മാസ്ക് എ ന്നിങ്ങനെ പല തരം മാസ്കുകളുണ്ട്. ക്രീം രൂപത്തിലുള്ള ഇവ ആഴ്ചയിലൊരിക്കൽ മുടിയിൽ പുരട്ടി നിശ്ചിത സമയത്തിനുള്ളില്‍ കഴുകിക്കളയാം. മുടി ‘അടിമുടി’ മാറും.

ഹെയർ ഡ്രയർ

പൊടി, പുക, ഈർപ്പം... ഇവയാൽ അന്തരീക്ഷം നിറഞ്ഞിരിക്കുകയാണ്. മലയാളിയുടെ ശീലം പോ ലെ രാവിലെ കുളി കഴിഞ്ഞ് ഓഫിസിലേക്ക് ഓടുമ്പോള്‍ ഇവയെല്ലാം മുടിയുമായി കൂട്ടു കൂടും. പിന്നെ, താരനായി, മുടി കൊഴിച്ചിലായി, മുടിക്കായയായി... ഓഫിസ് വിട്ടു വന്ന് വൈകുന്നേരമാണ് കുളിയെങ്കിലും ഈർപ്പം മാറാതെ നിന്നാൽ മുടിയുടെ അവസ്ഥ ഇതുതന്നെ. അതുകൊണ്ട് ഹെയർ ഡ്രയർ ‘മസ്റ്റ് ഹാവ്’ ആണിപ്പോൾ.   

അധികം നനഞ്ഞ, വെള്ളം ഇറ്റു വീഴുന്ന മുടിയിൽ അല്ല  ഹെയർ ഡ്രയർ ഉപയോഗിക്കേണ്ടത്. മുടിയിലെ വെള്ളം ടവ്വൽ ഉപയോഗിച്ച് ഒപ്പിയെടുത്ത ശേഷം മുടി പല സെക്‌ഷനായെടുത്ത് ഒതുക്കി ക്ലിപ് ചെയ്തു വയ്ക്കണം. പിന്നീട് ഓരോ ഭാഗമായി മുടി ഉണക്കിയെടുക്കാം.

മുടിയിൽ നിന്നു ആറ്–എട്ട് ഇഞ്ച് അകലത്തിൽ വേണം ഹെയർ ഡ്രയര്‍ പിടിക്കാൻ. ശിരോചർമത്തിൽ ചൂടേൽക്കുന്നത് മുടി കൊഴിയാൻ കാരണമാകുമെന്നതിനാൽ മുടിയുടെ ചുവടുഭാഗം അധികം ഉണക്കാൻ ശ്രമിക്കേണ്ട. മുടി ഹെയർ ബ്രഷ് കൊണ്ടു ചീകി ശിരോചർമത്തിൽ നിന്നകറ്റി വലിച്ചു പിടിച്ചശേഷം ഡ്രയർ കൊണ്ട് മുടി ഉണക്കാം.

ഹെയർ കേളേഴ്സ്

കുറച്ചു നാളുകൾക്കു മുൻപ് വരെ കുനു കുനാ ചുരുണ്ടു കിടക്കുന്ന സൂപ്പർ കേളി സ്റ്റൈലായിരുന്നു ട്രെൻഡ്. പക്ഷേ, ഇപ്പോൾ തിരമാലകൾ പോലുള്ള വേവി സ്റ്റൈലും, മുടിയുടെ അറ്റം മാത്രം അലസമായി ചുരുട്ടിയിടുന്നതുമൊക്കെയാണ് പെൺകുട്ടികൾക്കിഷ്ടം. ഇങ്ങനെ മാറി വരുന്ന സ്റ്റൈലിനൊപ്പം കിടപിടിക്കാൻ പല വലുപ്പത്തിൽ ചുരുളുകൾ ഉണ്ടാക്കാൻ കഴിയുന്ന ഹെയർ കേളേഴ്സിൽ ഒന്ന് കയ്യിൽ കരുതാം. മുടിച്ചുരുളുകൾ കേളി, വേവി, കോയിലി (കോയിൽ പോലുള്ളവ) എന്നിങ്ങനെ പല വിധമുണ്ട്. ഇവയോരോന്നിലും വേരിയേഷൻസും ഉണ്ട്. ഇന്റർചെയ്ഞ്ചബിൾ സ്റ്റൈലിങ് കേളേഴ്സ് ഉപയോഗിച്ചാൽ മുടിയിൽ മാജിക് കേൾസ് തീർക്കാം.

ഹെയർ സ്ട്രെയ്റ്റ്നർ

അന്നും ഇന്നും എന്നും ട്രെൻഡ് ആണ് ഹെയർ സ്ട്രെയ്റ്റ്നിങ്. പക്ഷേ, ഹെയർ സ്റ്റൈൽസ് മാറി മാറി പരീക്ഷിക്കാൻ കൊതിക്കുന്ന യങ് ജനറേഷൻ പെർമനന്റ് സ്ട്രെയ്റ്റ്‌നിങ്ങിനെ കുറിച്ച് അധികം ചിന്തിക്കാറേയില്ല. സ്വാഭാവികമായുള്ള മുടി ഇടയ്ക്കു നീട്ടാനും സ്റ്റൈലായി സെറ്റ് ചെയ്യാനുമൊക്കെയാണ് അവർക്ക് ആഗ്രഹം. അപ്പോൾ പിന്നെ, ഒരു ഹെയർ സ്ട്രെയ്റ്റ്നർ സ്വന്തമാക്കാതെങ്ങനെ...

സ്ട്രെയ്റ്റനേഴ്സ് പല തരത്തിൽ വിപണിയിലുണ്ട്. ഹോട്ട് പ്ലേറ്റ്സ് ഘടിപ്പിച്ചവയാണ് മിക്കവരുടെയും ചോയ്സ്. വീതിയുള്ള പാഡിൽ ബ്രഷ് പോലുള്ള ഹെയർ സ്ട്രെയ്റ്റനേഴ്സും ഉണ്ട്. ഇവയിൽ ഏതിലായാലും വേണ്ട ടെംപറേച്ചർ സെറ്റ് ചെയ്ത് മുടി ഓരോ സെക്‌ഷനായി പകുത്തെടുത്ത് നീട്ടിയെടുക്കാം. സ്ട്രെയ്റ്റ്നേഴ്സിലും മുടി ചുറ്റി വച്ച് സിംപിൾ കേളിങ് ചെയ്യാം.

ഹീറ്റ് പ്രൊട്ടക്റ്റന്റ്

മുടിയിൽ എപ്പോഴൊക്കെ ഹീറ്റ് അപ്ലൈ ചെയ്യുന്നോ അപ്പോഴെല്ലാം ഹീറ്റ് പ്രൊട്ടക്റ്റന്റ് ഉപയോഗിക്കണം. അതായത് മുടി ഉണക്കുന്നതിന്റെയും ചുരുട്ടുന്നതിന്റെയും നീട്ടുന്നതിന്റെയുമൊക്കെ ആദ്യപടി ഹീറ്റ് പ്രൊട്ടക്റ്റന്റ്സ് പുരട്ടുക എന്നതാണ്. അല്ലെങ്കിൽ പതിവായി ചൂടേറ്റ് മുടി പൊട്ടിപ്പോകാനും വരണ്ടുപോകാനും സാധ്യതയുണ്ട്.

ശിരോചർമത്തോടു ചേർന്ന് ഡ്രയർ, കേളർ, സ്ട്രെയ്റ്റ്നർ എന്നിവയൊന്നും ഉപയോഗിക്കാത്തതുകൊണ്ടു തന്നെ ചൂട് അധികം ഏൽക്കുന്നത് മുടിയുടെ പകുതി മുതല്‍ അറ്റം വരെയാണ്. അതിനാൽ ഈ ഭാഗത്ത് ഹെയർ പ്രൊട്ടക്റ്റന്റ്സ് നന്നായി അപ്ലൈ ചെയ്യണം. സ്പ്രേ രൂപത്തിലും സിറമായും ഇവ ലഭിക്കും. വിലയൽപം ഏറിയാലും ബ്രാൻഡഡ് പ്രൊഡക്റ്റ്സ് തന്നെ തിരഞ്ഞെടുക്കുക.

ഹെയർ സിറം

എണ്ണമയമുള്ള മുടിക്ക് നല്ല തിളക്കമാണ്. പക്ഷേ, ത ലയോട്ടിയോട് ഒട്ടിക്കിടക്കും. ആഘോഷാവസരങ്ങളിൽ മാത്രമല്ല ഷോപ്പിങ്ങിനായാലും ഇത് അഭംഗി തന്നെ. എണ്ണയുപയോഗിക്കാതെ മുടിക്ക് തിളക്കം നൽകാനുള്ള സൂത്രമാണ് ഹെയർ സിറം. മുടി വിടർന്നു കിടക്കുകയും ചെയ്യും. സ്റ്റൈലിങ് ചെയ്യുന്നില്ലെങ്കിൽ കൂടി സിറം മാത്രം പുരട്ടി ബ്രഷ് ചെയ്തുവിട്ടാൽ ചകിരിനാരു പോലുള്ള മുടി പോലും മൃദുവാകും.

എണ്ണ പുരട്ടുന്നതു പോലെ സിറം തലയിൽ തേച്ചു പിടിപ്പിക്കരുത്. കയ്യിൽ അൽപമെടുത്ത് മുടിയുടെ പുറമേ പുരട്ടുകയേ ആകാവൂ. സ്ട്രെയ്റ്റ്നിങ്ങോ കേളിങ്ങോ ചെയ്തശേഷം കുഞ്ഞിമുടികൾ തല പൊക്കുന്നുണ്ടെങ്കിൽ അൽപം സിറം പുരട്ടിക്കൊടുക്കാം.

ഹെയർ കോമ്പ്

മുടിയിൽ എന്തു സ്റ്റൈലിങ് ചെയ്യണമെങ്കിലും ചീപ്പ് മസ്റ്റ് ആണ്. ഒരു തരം ചീപ്പ് പോരാ, മൂന്നു തരം ചീപ്പെങ്കിലും വേണം. അതിൽ ആദ്യത്തേത് പല്ലുകൾ തമ്മിൽ അകലമുള്ള ചീപ്പാണ്. രാവിലെ ഉറക്കമെണീക്കുമ്പോഴും പുറത്തു പോയി വന്നശേഷവും ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷവുമൊക്കെ മുടി ചീകുമ്പോൾ ഈ ചീപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ കെട്ടുവീണ മുടികൾ ചീപ്പിൽ കുരുങ്ങി പൊട്ടിപ്പോകും. ഇനി വേണ്ടത് വീതിയുള്ള ഒരു പാഡിൽ ബ്രഷ് ആണ്. മുടി ഉണക്കുമ്പോഴും സ്ട്രെയ്റ്റൻ ചെയ്യുമ്പോഴുമെല്ലാം ഇതാവശ്യമാണ്. പല ഭാഗങ്ങളായി  മുടി വകഞ്ഞെടുത്ത് ഈ ബ്രഷ് ഉപയോഗിച്ച് ചീകിപ്പിടിക്കുകയാണെങ്കിൽ കൂടുതൽ ഭംഗിയായും എളുപ്പത്തിലും മുടി സുന്ദരമാക്കാം. സാധാരണ ചീപ്പ് കൂടിയായാൽ ‘കോമ്പ് കോംബോ’ റെഡി. മുടിയിൽ വകച്ചിൽ എടുക്കാനും  ഹെയർ സ്റ്റൈൽ  ചെയ്യുമ്പോൾ  മുടി ചീകിയൊതുക്കാനും ഇത്തരം ചീപ്പാണ് നല്ലത്.

ഹെയർ സപ്ലിമെന്റ്സ്

പോഷണം നിറഞ്ഞ ആഹാരം തന്നെയാണ് മികച്ച ഹെയർ സപ്ലിമെന്റ്. പക്ഷേ, മുടിയുടെ ആരോഗ്യത്തിനു വേണ്ട പോഷകങ്ങൾ പലപ്പോഴും ശരീരത്തിൽ വേണ്ടതുപോലെ എത്താറില്ല. സിങ്ക്, ബയോട്ടിൻ, വൈറ്റമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിങ്ങനെ മുടി വളരാനും കരുത്തോടെയിരിക്കാനുമുള്ള ഒട്ടേറെ പോഷകങ്ങൾ അടങ്ങിയ സപ്ലിമെന്റ്സ് ഉണ്ട്. ഒരു മാസം, മൂന്നു മാസം എന്നീ കാലയളവിലേക്ക് ഈ സപ്ലിമെന്റ്സ് കഴിക്കാം. ഡോക്ടറുടെ നിർദേശം സ്വീകരിക്കാൻ മറക്കേണ്ട.

വിവരങ്ങൾക്കു കടപ്പാട് : ജീന, മേക്കപ് ആർട്ടിസ്റ്റ്, കൊച്ചി

Tags:
  • Hair Style
  • Glam Up
  • Beauty Tips