Saturday 16 May 2020 03:20 PM IST : By സ്വന്തം ലേഖകൻ

ആരോഗ്യമാണ് മുടിയുടെ തിളക്കവും ഭംഗിയും; കരുത്ത് കൂട്ടുന്ന കെരറ്റിൻ ട്രീറ്റ്മെന്റിനെ കുറിച്ച് അറിയേണ്ടതെല്ലാം...

hair-keratingfd

നമ്മുെട മുടിയിൽ സ്വാഭാവികമായുള്ള പ്രോട്ടീനാണ് കെരറ്റിൻ. ചർമത്തിലും നഖങ്ങളിലും ഒക്കെ അടങ്ങിയിട്ടുണ്ട് ഈ പ്രോട്ടീൻ. ഇതു മുടിക്ക് ബലം നൽകുന്നു. പൊട്ടിപ്പോകുന്നത് തടയുന്നു. മുടിയുടെ കരുത്തിനും അഴകിനും ആവശ്യമുള്ളതാണിത്.

അന്തരീക്ഷ മലിനീകരണം, പലതരം രാസവസ്തുക്കളുടെ ഉപയോഗം, മോശം പരിചരണം അങ്ങനെ പല കാരണങ്ങളാൽ മുടിയിൽ നിന്ന് കെരറ്റിൻ നഷ്ടപ്പെടാം. ഇത് മുടിക്ക് തിരിച്ചു നൽകുകയാണ് കെരറ്റിൻ ട്രീറ്റ്മെന്റിലൂടെ ചെയ്യുന്നത്. പ്രായമേറുമ്പോഴും കെരറ്റിൻ നഷ്ടം ഉണ്ടാകാം.

എന്നും സുന്ദരി മുടി സൂക്ഷിക്കണമെന്ന് മോഹിക്കുന്നവർക്ക് കെരറ്റിൻ ട്രീറ്റ്മെന്റ് തിരഞ്ഞെടുക്കാം. മുടിയുടെ കേടുപാടു വന്ന ഭാഗങ്ങളെ കെരറ്റിൻ ഉപയോഗിച്ചു പരിപോഷിപ്പിച്ചെടുക്കാൻ ഉദ്ദേശിച്ചുള്ളതാണ് കെരറ്റിൻ ട്രീറ്റ്മെന്റ്. പുതുതായി വളരുന്ന മുടി, ട്രീറ്റ് ചെയ്ത മുടിയിൽ നിന്നു വേറിട്ടു നിൽക്കുന്നതായി തോന്നുകയുമില്ല.

വിവിധ കമ്പനികളുെട ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ള കെരറ്റിൻ ട്രീറ്റ്മെന്റുകളിൽ നിങ്ങൾക്ക് യോജിച്ചത് വിദഗ്ധ നിർദേശം അനുസരിച്ച് തിരഞ്ഞെടുക്കാം.

കെരറ്റിൻ ട്രീറ്റ്മെന്റിലൂടെ മുടിയുടെ കരുത്ത് കൂടും. ജട പിടിക്കുന്നത് മാറും. പരുക്കനായ മുടിയെ ഇത് തിളക്കമുള്ളതാക്കും.‘ഡൾ’ ലുക്കുള്ള മുടിയെ സുന്ദരമാക്കാൻ ഏറ്റവും അനുയോജ്യമാണ് കെരറ്റിൻ ട്രീറ്റ്മെന്റ്. ഇത് മുടി എളുപ്പത്തിൽ സ്റ്റൈൽ ചെയ്യാനും കൈകാര്യം ചെയ്യാനും പറ്റുന്നതാക്കും.

സ്ട്രെയ്റ്റനിങ്, റീ ബോണ്ടിങ് ഇവയിൽ നിന്നു വ്യത്യസ്തമാണ് കെരറ്റിൻ ട്രീറ്റ്മെന്റ്.  മുടി പൂർണമായും ഫ്ലാറ്റൻ ചെയ്യുന്നില്ല.  മുടിയുെട അറ്റം ചൂലുപോലെ നേർത്തതാക്കുന്നില്ല. ഒരു സൂപ്പർ സ്ട്രോങ് ഡീപ് കണ്ടീഷനർ പോലെയാണ് ഇതിലടങ്ങിയിട്ടുള്ള കെരറ്റിൻ പ്രവർത്തിക്കുന്നത്. ഇതിന്റെ ഫലം ഒാരോരുത്തരുടെയും മുടിയനുസരിച്ച് വ്യത്യസ്തമാകാം.

വിവിധ കമ്പനികളുെട ഉൽപന്നങ്ങൾ അനുസരിച്ചുള്ള പലതരം കെരറ്റിൻ ട്രീറ്റ്മെന്റുകൾ ലഭ്യമാണ്. ബ്രസീലിയൻ കെരറ്റിൻ ഉൽപന്നം ഉപയോഗിച്ച് ചെയ്യുന്ന ബ്രസീലിയൻ ബ്ലോ ഒൗട്ട് കെരറ്റിൻ ആയിരുന്നു ആദ്യകാലത്ത് ഏറെ പ്രചാരത്തിലായത്. ഇപ്പോൾ ഫോർമാൽഡിഹൈഡ് അടങ്ങാത്ത പുതിയ തരം കെരറ്റിൻ ട്രീറ്റ്മെന്റുകൾ വന്നിട്ടുണ്ട്.

െകരാഫ്യൂഷൻ കെരറ്റിൻ ട്രീറ്റ്മെന്റ്

കെരറ്റിൻ ട്രീറ്റ്മെന്റുകളിലെ ഏറ്റവും നവീനമായവയിൽ ഒന്നാണിത്. ഇതിൽ പ്രത്യേകമായി സംയോജിപ്പിച്ചെടുത്ത പ്രോട്ടീ ൻ കോംപ്ലക്സ് ആണ് ഉപയോഗിക്കുന്നത്.  മുടിയിലെ കെട്ടുപിണച്ചിലും ചുരുളുകളും മാറ്റി മുടി തിളങ്ങുന്നതും ആരോഗ്യമുള്ളതും ആക്കി മാറ്റുന്നു.

ഇതിന്റെ ക്രീം കെരറ്റിൻ മുടിയിൽ പുരട്ടുമ്പോൾ ഇത് മുടിയുടെ ക്യൂട്ടിക്കിളുകളിലേക്ക് ആഴത്തിലിറങ്ങുന്നു. സുഷിരങ്ങളുള്ള ഭാഗങ്ങളെ അടയ്ക്കുന്നു. ബ്ലോ ‍ഡ്രൈയിങ്ങും  അയണിങ്ങും ചെയ്യുന്നതോടെ ഇത് ക്യൂട്ടിക്കിളിൽ പറ്റിച്ചേർന്നതു പോെലയാകുന്നു. അങ്ങനെ മുടി സ്മൂത്ത് ആക്കുന്നു. 8– 9 മാസം വരെ ഇതിന്റെ ഫലം നിൽക്കും.

ചില കമ്പനികളുെട ഉൽപന്നമുപയോഗിച്ച് ഈ ട്രീറ്റ്മെന്റ് ചെയ്യാൻ രണ്ടു ദിവസം വേണ്ടി വരും.

ആദ്യ ദിവസം ട്രീറ്റ്മെന്റിന് രണ്ടര മണിക്കൂറെടുക്കും. പ്രത്യേക ഷാംപൂ ഇട്ട് മുടി കഴുകുന്നു.  മുടി 100 ശതമാനം ഡ്രൈ ചെയ്ത് ക്രീം ഇടുന്നു. ഫോയിൽ പേപ്പർ െകാണ്ട് കവർ ചെയ്ത് ഒരു മണിക്കൂർ വെയ്റ്റ് ചെയ്ത ശേഷം ബ്ലോ ഡ്രൈ ചെയ്യും. പിന്നീട് അയണിങ് ചെയ്യുന്നു. എന്നിട്ട് ആദ്യ ദിവസം വീട്ടിൽ തിരിച്ചു പോകാം.

24 മണിക്കൂറിനു ശേഷം  വീണ്ടും വന്ന് ഒന്നു കൂടി അയൺ ചെയ്യുന്നു. പിന്നീട് ഷാംപൂവും കണ്ടീഷനറും ഇട്ട് വാഷ് ചെയ്യും. രണ്ടാം ദിവസം ട്രീറ്റ്മെന്റിന് അര മണിക്കൂർ എടുക്കും.  

ആരോഗ്യകരം, ബൊട്ടോക്സ് കെരറ്റിൻ

മൂന്നു മണിക്കൂർ ആണ് ബൊട്ടോക്സ് കെരറ്റിൻ ട്രീറ്റ്മെന്റിനു വേണ്ടത്. ഫോർമാൽഡിഹൈഡ് ഫ്രീ ആണെന്നതാണ് ഇതിന്റെ പ്രത്യേകത.

ആദ്യം ഇതിനായുള്ള ഡീക്ലെൻസിങ് ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് മുടി കഴുകുന്നു. ഒരുപാട് എണ്ണ തേക്കുന്നവരാണെങ്കിൽ നാലു തവണ ഷാംപൂ ചെയ്യണം.

അധികം എണ്ണമയമുള്ള മുടിയാണെങ്കിൽ മൂന്നു തവണ ഷാംപൂ ഇട്ടു പതപ്പിച്ച് പത്തു മിനിറ്റെങ്കിലും ഓരോ തവണയും വയ്ക്കണം.

കണ്ടീഷനർ ഇല്ലാതെ കഴുകിയ ശേഷം മുടി 100 ശതമാനം ഡ്രൈ ആക്കും.

പിന്നീട് ഹെയർ ബൊട്ടോക്സ് ക്രീം മുടി പല ഭാഗമായി തിരിച്ച് വേണ്ട സമയം എടുത്ത് മുടിയിൽ പുരട്ടുന്നു.

 മുടി പ്ലാസ്റ്റിക് ഫോയിലിൽ െപാതിഞ്ഞ് ഒരു മണിക്കൂർ വച്ച ശേഷം എടുത്ത് ബ്ലോ ‍ഡ്രൈ ചെയ്യുന്നു. എന്നിട്ട് അയണിങ് ചെയ്യുന്നു. ഒാരോ മുടിയുടെയും പ്രത്യേകതയും ആരോഗ്യവും അനുസരിച്ച് അയണിങ് ചെയ്യണം.

ഇനി 20 മിനിറ്റ് മുടി വെറുതെ ഇടുക. പിന്നീട് ഷാംപൂ ഉപയോഗിച്ച് കഴുകുക. ഷാംപൂവിങ് കഴിഞ്ഞ് കണ്ടീഷനറും രണ്ടു മൂന്നു തുള്ളി അർഗൻ ഒായിലും കലർത്തി മുടിയിൽ തേച്ച് 10 മിനിറ്റ് വയ്ക്കുക. പിന്നീട് മുടി കഴുകുന്നു.

ഈ ട്രീറ്റ്മെന്റിന്റെ സവിശേഷത 20 ശതമാനം രാസവസ്തുക്കളേ ഇതിലുള്ളൂ എന്നതാണ്. ട്രീറ്റ്മെന്റിനു ശേഷം മുടി കൊ ഴിയുന്നത് കുറവായിരിക്കും. ചെയ്തു കഴിഞ്ഞാൽ വളരെ സ്ട്രെയ്റ്റ് ഹെയര്‍ ലുക്ക് അല്ല, കെട്ടു പിണയാതെ ഭംഗിയായിരിക്കും മുടി.  

shutterstock_1070503037

സുഗന്ധം പരത്തും കൊക്കോ കെരറ്റിൻ

കെരാ ബോണ്ട് ടി എം ടെക്നോളജി ഉപയോഗിച്ചു ചെയ്യുന്ന കെരറ്റിൻ ട്രീറ്റ്മെന്റാണിത്. ഇതിൽ 95 ശതമാനം വരെ മുടിയുടെ ചുരുളുകൾ നിവർത്തി നേരേയാക്കുന്നു. മുടിക്ക് ചോക്‌ലെറ്റിന്റേതു പോലെ സുഗന്ധം കിട്ടും.

മുടി കെട്ടു പിണയാതെ ഒഴുകി കിടക്കുന്നതും തിളങ്ങുന്നതും ആക്കുന്നു. മൂന്ന് മാസം നിൽക്കും ഇതിന്റെ ഫലം. മുടിയുടെ ഘടന കൂടുതൽ ഭംഗിയുള്ളതാക്കാനും മികച്ചതാക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ ട്രീറ്റ്മെന്റ് ചെയ്യാം. ഏതു തരം മുടിയിലും ചെയ്യാം.

െമാറോക്കിയൻ അർഗൻ ഒായിൽ കെരറ്റിൻ  

ബ്രസീലിയൻ കെരറ്റിൻ പോലെ ഇതും മുടിയെ റീ ബിൽ‍ഡ് ചെയ്യുന്നതാണ് മൊറോക്കിയൻ അർഗൻ ഓയിൽ കെരറ്റിൻ ട്രീറ്റ്മെന്റ്. അർഗൻ ഒായിൽ മുടിക്ക് ഡീപ് കണ്ടീഷനിങ്ങിന്റെ ഗുണവും ഒാജസ്സും നൽകുന്നു. ഇതിനു ശേഷം രണ്ടാഴ്ചയിലൊരിക്കൽ ഹെയർസ്പാ ചെയ്യുന്നത് നല്ലതാണ്.

പുറത്തു പോകാത്ത ദിവസം വീട്ടിൽ പ്രകൃതിദത്ത വസ്തുക്കളുപയോഗിച്ചും ഹെയർ സ്പാ ചെയ്യാം. മുട്ടവെള്ള, ഒരു ചെറിയ സ്പൂൺ ഒലിവ് ഒായിൽ, ഒരു ചെറിയ സ്പൂൺ ശുദ്ധമായ തേൻ ഇവ മുടിയിൽ തേച്ചു പിടിപ്പിച്ച് അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. മുടി കഴുകുന്ന സമയത്ത് മുടിയുടെ അ റ്റത്ത് വിർജിൻ കോക്കനട്ട് ഒായിൽ പുരട്ടി കഴുകിയാൽ അറ്റം വരണ്ടു പോകില്ല.

ഏതു ട്രീറ്റ്മെന്റ് എടുത്താലും പ്രകൃതിദത്ത വസ്തുക്കളുപയോഗിച്ചുള്ള ശരിയായ പരിചരണം മുടിക്കു നൽകണം.

കെരറ്റിൻ ട്രീറ്റ്മെന്റിനു ശേഷം

∙ നിർദേശിക്കുന്ന സമയത്തിനു ശേഷമേ ട്രീറ്റ്മെന്റിനു ശേഷം മുടി നനയ്ക്കാവൂ.   

∙ ബ്യൂട്ടിഷൻ നിർദേശിക്കുന്ന, സൾഫേറ്റ് ഫ്രീ ആയ ഷാംപൂവും കണ്ടീഷനറും മാത്രം ഉപയോഗിക്കുക.  

∙ അടുപ്പിച്ചടുപ്പിച്ച് ഷാംപൂ ചെയ്യുന്നത് മുടിയിലെ കെരറ്റിൻ നഷ്ടപ്പെടുത്തും.  

∙ ആദ്യ മൂന്നു നാലു ദിവസം മുടി കെട്ടാതെ അഴിച്ചിടുക.

∙ വളരെ മൃദുവായ തലയണ വച്ച് ഉറങ്ങുക.   

∙ ഒരാഴ്ചയ്ക്കു ശേഷം, വിർജിൻ കോക്കനട്ട് ഒായിൽ മുടിയിൽ തേക്കാം. ഇതിന്റെ ഉപയോഗം മുടി കഴുകുമ്പോൾ കെരറ്റിൻ നഷ്ടപ്പെടുന്നത് പരമാവധി കുറയ്ക്കുന്നു. മുടിയിൽ തേക്കാൻ ശുദ്ധമായ ഒലിവ് ഒായിലും നല്ലതാണ്.

∙ കെരറ്റിൻ ട്രീറ്റ്മെന്റിനു 15 ദിവസം മുൻപോ 15 ദിവസം കഴിഞ്ഞോ മാത്രമേ ഹെന്ന, ഹെയർ കളറിങ് എന്നിവ ചെയ്യാവൂ. മറ്റ് െകമിക്കൽ ട്രീറ്റ്മെന്റുകളും ഇതിനോടടുപ്പിച്ച് ചെയ്യരുത്. കെരറ്റിൻ ട്രീറ്റ്മെന്റിനു ശേഷം സ്വിമ്മിങ് പൂളിലും മറ്റും നീന്തുന്നത് മുടിയിലെ കെരറ്റിൻ നഷ്ടപ്പെടുത്തും.

∙ ആദ്യ രണ്ടു ദിവസത്തെ പരിചരണം ഇതിന്റെ ഫലം കൂടുതൽ കാലം നിൽക്കുന്നതിന് പ്രധാനമാണ്. ആദ്യ രണ്ടു ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.  

∙ ആദ്യ ദിവസങ്ങളിൽ സ്റ്റീം ബാത് എടുക്കരുത്.

∙ ബ്രഷ് ചെയ്യുമ്പോഴും മുഖം കഴുകുമ്പോഴും ഷവർ ക്യാപ്പോ സ്പാ ബാൻഡോ ഉപയോഗിച്ച് മുടി കവർ ചെയ്യുക. ഷവറിൽ കുളിക്കുമ്പോൾ മുടി പൂർണമായും മുടി കവർ ചെയ്യുന്ന ഷവർ ക്യാപ് ഉപയോഗിക്കുക.

∙ ക്ലിപ്, പോണി ടെയ്ൽ ബാൻഡ്, സൺഗ്ലാസ് ഇവ മുടിയിൽ വയ്ക്കരുത്. രാത്രിയിൽ മുടി അഴിച്ചിട്ട് കിടന്നുറങ്ങുക.

∙ ചെവിയുടെ ഭാഗത്തെ മുടി ചുരുട്ടി പിന്നിലോട്ടു വയ്ക്കാനും ശ്രമിക്കരുത്. ബാൻഡ്, ബ്രെയ്ഡ് ഇവയൊന്നും ഈ രണ്ടു ദിവസം മുടിയിൽ ഉപയോഗിക്കരുത്.

കടപ്പാട് : അനില ജോസഫ്, അനില ജോസഫ്സ് ബ്യൂട്ടി കെയർ സൊലുഷൻസ്, തിരുവനന്തപുരം. ബീനാ ഉണ്ണികൃഷ്ണൻ, പ്രെറ്റി ഫെയ്സ്, ബ്യൂട്ടി പാർലർ, പനമ്പിള്ളി നഗർ, കൊച്ചി

shutterstock_40117144
Tags:
  • Glam Up
  • Beauty Tips