Friday 01 May 2020 12:28 PM IST : By സ്വന്തം ലേഖകൻ

പ്രകൃതിദത്ത കൂട്ടുകളാൽ ചർമം മൃദുലവും തിളക്കമുള്ളതുമാക്കാം; വീട്ടിൽ തയാറാക്കാവുന്ന ആറ് തരം ഷുഗർ സ്ക്രബുകൾ

scrub

ചർമം മിന്നിത്തിളങ്ങാൻ ചെലവേറിയ ട്രീറ്റ്മെന്റിന് പിന്നാലെ പോകേണ്ട. പ്രകൃതിദത്ത കൂട്ടുകളാൽ തയാറാക്കുന്ന ബോഡി സ്ക്രബ് പരീക്ഷിച്ചാൽ മതി. വീട്ടിൽത്തന്നെ എളുപ്പത്തിൽ തയാറാക്കാവുന്ന ഷുഗർ സ്ക്രബ് ചർമം മൃദുലവും തിളക്കമുള്ളതുമാക്കും.

വൃത്തിയാക്കിയ ചർമത്തിൽ വേണം ഷുഗർ സ്ക്രബ് പുരട്ടേണ്ടത്. അഞ്ച് - പത്ത് മിനിറ്റ് നേരമെടുത്ത് സ്ക്രബ് ചർമത്തിൽ മസാജ് ചെയ്യണം. പതിനഞ്ച് മിനിറ്റിന്  ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകി വൃത്തിയാക്കുക. നനവൊപ്പി മാറ്റിയതിന് ശേഷം ചർമത്തിന് അനുയോജ്യമായ മോയ്സ്ചറൈസിങ് ക്രീമോ ലോഷനോ പുരട്ടണം.

ചർമത്തിനേകാം ചെറുപ്പം

മൃതകോശങ്ങൾ നീക്കി ചർമത്തിന് അഴകും തിളക്കവുമേകുന്ന ആറ് തരം ഷുഗർ സ്ക്രബ് തയാറാക്കുന്ന വിധം അറിയാം.

1. ഒരു നാരങ്ങ പിഴിഞ്ഞ നീരിൽ ഒരു കപ്പ് പഞ്ചസാരയും നാല് വലിയ സ്പൂൺ തേനും ചേർക്കുക. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മൂന്ന് ദിവസം ഉപയോഗിക്കാം.

2. ഒരു കപ്പ് വെള്ളരി തൊലിയോട് കൂടി അരിഞ്ഞത്  കൂട്ടുകൾ പൊടിച്ചെടുക്കുന്നതിനുള്ള ജാറിലിട്ട് അടിക്കുക. ഇതിലേക്ക് അരക്കപ്പ് വെളിച്ചെണ്ണ, ഒരു കപ്പ് പഞ്ചസാര ഇവ ചേർക്കുക.

3. രണ്ട് കപ്പ് പഞ്ചസാര, കാൽ കപ്പ് വെളിച്ചെണ്ണ, മൂന്നോ നാലോ റോസപ്പൂവിന്റെ ഇതളുകൾ  ഇവ ചേർത്ത് ഒറ്റ തവണ ചെറിയ സ്പീഡിൽ മിക്സിയിൽ അടിക്കുക.

4. അര കപ്പ് ഓട്സ് പൊടിച്ചെടുക്കുക. ഇതിൽ ഒരു കപ്പ് വെളിച്ചെണ്ണ, അര കപ്പ് ബ്രൗൺ ഷുഗർ, ഒന്നോ രണ്ടോ വലിയ സ്പൂൺ ഒലീവ് ഓയിൽ ഇവ ചേർക്കുക. മൃതകോശങ്ങൾ നീക്കി ചർമം സുന്ദരമാകാൻ ഈ സ്‌ക്രബ് നല്ലതാണ്. വായു കടക്കാത്ത പാത്രത്തിൽ അടച്ച് വച്ചാൽ നാലോ അഞ്ചോ മാസം ഉപയോഗിക്കാനാകും.

5. കാൽ കപ്പ്  തൈര്, അര കപ്പ് പഞ്ചസാര, ഒരു വലിയ സ്പൂൺ തേൻ, കാൽ കപ്പ് വെളിച്ചെണ്ണ ഇവ മിശ്രിതമാക്കുക.

6. അര കപ്പ് വെളിച്ചെണ്ണയിൽ അര കപ്പ് പഞ്ചസാര ചേർത്ത് മിശ്രിതമാക്കണം.