Wednesday 17 November 2021 04:27 PM IST : By സ്വന്തം ലേഖകൻ

തേനും കുങ്കുമവും പപ്പായയും ചേർന്ന സൗന്ദര്യക്കൂട്ട്; മുഖത്തെ അഴുക്കുകൾ നീക്കം ചെയ്ത് ചർമം മൃദുലമാക്കും

honeysafrrrrr

ചർമ്മത്തിന്റെ അഴക് കൂട്ടാനും വണ്ണം കുറയ്ക്കാനുമൊക്കെ ഫലപ്രദമായ ഒന്നാണ് തേൻ. സൗന്ദര്യസംരക്ഷണത്തിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന തേൻ ഉപയോഗിച്ചു വീട്ടിൽ ചെയ്യാവുന്ന നിരവധി ഫെയ്സ്പായ്ക്കുകളുണ്ട്. തിളങ്ങുന്ന ചർമം സ്വന്തമാക്കാൻ ഇവ പരീക്ഷിച്ചുനോക്കൂ... 

തേൻ- പാൽ 

പാലും തേനും ഒരു ടേബിൾസ്പൂൺ വീതം എടുത്ത് നന്നായി യോജിപ്പിച്ചു മുഖത്ത് വൃത്താകൃതിയിൽ പുരട്ടുക. 20 മിനിറ്റുകൾക്കുശേഷം കഴുകി കളയുക. ദിവസവും ഇങ്ങനെ ചെയ്താൽ മുഖം തിളങ്ങും.

തേൻ- പപ്പായ  

ഒരു പാത്രത്തിൽ അരസ്പൂൺ തേനും അരക്കപ്പ് പപ്പായ ജ്യൂസും ചേർത്തു നന്നായി മിക്സ് ചെയ്യുക. 20 മിനിറ്റ് മുഖത്ത് പുരട്ടിയശേഷം കഴുകി കളയുക. ഈ മിശ്രിതത്തിൽ വിറ്റാമിൻ A, C, E എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പ്രകൃതിദത്ത ആന്റി ടാനിങ് ഏജന്റായി ഇത് പ്രവർത്തിക്കും.

തേൻ- തക്കാളി 

ഒരു സ്പൂൺ തേൻ, 1/3 കപ്പ് പുളിച്ച തൈര്, ഒരു തക്കാളി പൾപ്പ്, രണ്ടു ടീസ്പൂൺ കടലമാവ് എന്നിവ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. ചർമം മിനുസമാകുന്നതിന് ഇത് സഹായിക്കും.

തേന്‍, കുങ്കുമം, പപ്പായ 

അരക്കപ്പ് പപ്പായ, ഒരു സ്പൂൺ തേൻ, ഒരു സ്പൂൺ കുങ്കുമം എന്നിവ നന്നായി കലർത്തി മുഖത്തു പുരട്ടുക. വിരലുകൾ വൃത്താകൃതിയിൽ ചലിപ്പിച്ച് നന്നായി തടവുക. 15 മിനിറ്റിനുശേഷം ചെറുചൂടു വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ അഴുക്കുകൾ നീക്കം ചെയ്ത് ചർമം മൃദുലമാക്കും. 

Tags:
  • Glam Up
  • Beauty Tips