Wednesday 10 January 2018 05:37 PM IST : By സ്വന്തം ലേഖകൻ

മുടികൊഴിച്ചിൽ മാറി തലമുടി തഴച്ചുവളരണോ? വീട്ടിൽ തയാറാക്കാം ഈ ഹെയർ പായ്ക്കുകൾ

hair

നാടൻ ആയാലും മോഡേൺ ആയാലും എല്ലാവർക്കും മുടിയോടുള്ള പ്രിയം പണ്ടും ഇന്നും മാറിയിട്ടില്ല. എന്നാൽ പ്രായമാകുന്നതും ഇന്നത്തെ തിരക്കു നിറഞ്ഞ ജീവിത സാഹചര്യങ്ങളും തലമുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പലപ്പോഴും ഉറക്കകുറവു മൂലം തലമുടി കൊഴിയാറുമുണ്ട്. തലമുടി കൊഴിച്ചിൽ രോഗമല്ലെങ്കിലും അത് ഡിപ്രഷൻ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ പോലും ഉണ്ടാക്കാൻ കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. മുടികൊഴിച്ചില്‍ മാറ്റാനും, കൂടുതല്‍ വളരാനും പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചു മടുത്തവരാണോ നിങ്ങൾ? ഇതാ പ്രകൃതിദത്തമായ മാർഗങ്ങൾ വീട്ടിൽ തന്നെ ചെയ്യാം.

മുടിയുടെ കരുത്തും ഭംഗിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. മുടിയിലെ രാസപ്രയോഗങ്ങള്‍ മുടിയുടെ ഭംഗി കെടുത്തുകയേ ഉള്ളൂ. അത് കൊണ്ട് ആർട്ടിഫിഷ്യൽ സ്ട്രെയ്റ്റനിങ്ങോ കരാറ്റിൻ ട്രീറ്റ്മെന്റോ ഒക്കെ ചെയ്തവർ ഈ പായ്ക്കുകൾ ഉപയോഗിച്ചിട്ട് കാര്യമില്ല.

മൈലാഞ്ചി

ഏറെ പേരുകേട്ട ഒരു മുടി സംരക്ഷണ മാര്‍ഗ്ഗമാണ് മൈലാഞ്ചി ഉപയോഗിക്കുന്നത്. 'ഹെയര്‍ ആല്‍കെമിസ്റ്റ്' എന്ന് വിളിപ്പേരുള്ള മൈലാഞ്ചിക്ക് നരച്ച് ആരോഗ്യം നഷ്ടപ്പെട്ട മുടിയെ തിളക്കമുള്ളതാക്കാനുള്ള കഴിവുണ്ട്. മുടിയുടെ വേരിലേക്കിറങ്ങി പ്രവര്‍ത്തിക്കാനുള്ള കഴിവ് മൈലാഞ്ചിക്കുണ്ട്.

പായ്ക്ക്- ഒരു കപ്പ് മൈലാ‍ഞ്ചിപ്പൊടി അരകപ്പ് തൈരുമായി കൂട്ടികലര്‍ത്തുക. രണ്ട് മണിക്കൂറിന് ശേഷം ഇത് തലയോട്ടിയില്‍ തേച്ച്പിടിപ്പിക്കുക. ഇത് ഉണങ്ങിയ ശേഷം തല കഴുകി വൃത്തിയാക്കാം.

തേങ്ങാപ്പാല്‍

പ്രോട്ടീന്‍, ഇരുമ്പ്, പൊട്ടാസ്യം, കൊഴുപ്പുകള്‍ എന്നിവ ധാരാളമായി അടങ്ങിയ തേങ്ങാപ്പാല്‍ മുടികൊഴിച്ചിലും, പൊട്ടലും കുറയ്ക്കും.

പായ്ക്ക്- തേങ്ങാപ്പാല്‍ രാത്രിയില്‍ തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് രാവിലെ കഴുകിക്കളയാം.

മുട്ട

പ്രോട്ടീന്‍, സെലീനിയം, ഫോസ്ഫറസ്, സിങ്ക്,ഇരുമ്പ്, സള്‍ഫര്‍, അയഡിന്‍ എന്നിവ അടങ്ങിയ മുട്ട മുടിക്ക് നല്ലൊരു സംരക്ഷണ മാര്‍ഗ്ഗമാണ്. മുടി ഇടതൂര്‍ന്ന് വളരാനും മുട്ട സഹായിക്കും. അല്പം ഒലിവ് ഓയില്‍ മുട്ടയില്‍ ചേര്‍ത്ത് ഹെയര്‍ പാക്ക് തയ്യാറാക്കാം.

പായ്ക്ക്- മുട്ടയുടെ വെള്ളയും, ഒരോ സ്പൂണ്‍ വീതം തേനും, ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കുക. ഇത് തലയോട്ടിയില്‍ മുഴുവന്‍ ഒരേ അളവില്‍ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂര്‍ ഇരിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. കേടുവന്നതും, വരണ്ടതുമായ മുടിക്ക് ഈ രീതിയിലൂടെ കരുത്ത് പകരാം.

ഗ്രീന്‍ ടീ

മുടിസംബന്ധമായ പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയതാണ് ഗ്രീന്‍ ടീ. ഇതിലെ പോളിഫെനേല്‍സും, മറ്റ് ഘടകങ്ങളും മുടിക്ക് കരുത്ത് പകരും.

പായ്ക്ക്- രണ്ട് ടീ ബാഗുകള്‍ ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഇളക്കുക. ഇതുകൊണ്ട് തല കഴുകുക. കൂടാതെ ദൈനംദിന ഭക്ഷണത്തിലും ഗ്രീന്‍ ടീ ഉള്‍പ്പെടുത്തുക.

നെല്ലിക്ക

വിറ്റാമിന്‍ സിയുടെയും, ആന്‍റി ഓക്സിഡന്‍റുകളുടെയും വന്‍ശേഖരമാണ് നെല്ലിക്കയിലുള്ളത്. ഇത് മുടി വളര്‍ച്ചയെ സഹായിക്കുകയും, മുടിയുടെ നിറം മാറുന്നത് ചെറുക്കുകയും ചെയ്യുന്നു.

പായ്ക്ക്- തലേദിവസം പാലിൽ കുതിർത്ത് വച്ച നെല്ലിക്ക നാലെണ്ണം അരച്ച് തലയോട്ടിയിൽ മസാജ് ചെയ്ത് ഉണങ്ങുമ്പോൾ കഴുകി കളയാം.

കറ്റാര്‍ വാഴ, തേന്‍

വിറ്റാമിന്‍ എ, ബി, ഇ, സെലിനിയം തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയതാണ് കറ്റാര്‍വാഴ. ഇത് മുടിക്ക് പോഷണം നല്കുന്നതിനൊപ്പം താരനില്‍ നിന്നും മുക്തി നല്കും.

പായ്ക്ക്- കറ്റാര്‍വാഴ നീര് രാത്രിയില്‍ കിടക്കുന്നതിന് മുമ്പായി തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. ഇത് രാവിലെ കഴുകി വൃത്തിയാക്കാം. കറ്റാര്‍വാഴ നീരും, തേനും സമാസമം ചേര്‍ത്തും തലയില്‍ തേക്കാം. മുപ്പത് മിനുട്ടിന് ശേഷം തണുത്തവെള്ളത്തില്‍ ഇത് കഴുകി വൃത്തിയാക്കാം.

സവാള നീര്‌

കൊളോജന്‍ കോശങ്ങളുടെ വളര്‍ച്ചയെ പോഷിപ്പിക്കുന്ന സള്‍ഫര്‍ ധാരാളമായി അടങ്ങിയതാണ് സവാള നീര്‌. ഇത് മുടിയിഴകള്‍ക്ക് പുനര്‍ജ്ജീവന്‍ നല്കും. ഇതിന് പുറമേ തലയോട്ടി വൃത്തിയായിരിക്കാനും, രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ഉള്ളി സഹായകരമാണ്.

പായ്ക്ക്- സവാള ചെറുകഷ്ണങ്ങളായി മുറിച്ച് അതിന്‍റെ നീരെടുക്കുക. ഇത് തലയോട്ടിയില്‍ തേച്ച് 30-45 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. ഉള്ളിയുടെ തീഷ്ണഗന്ധം ഒഴിവാക്കാന്‍ അല്പം പനിനീരോ, തേനോ ഇതില്‍ ഉപയോഗിക്കാം.

ബദാം

തലമുടിക്ക് പോഷകമേകുന്നതോടൊപ്പം സ്നിഗ്ധത വർധിപ്പിക്കാൻ ബദാമിന് കഴിയും.

പായ്ക്ക് - ഒരു പിടി ബദാം രാത്രി വെള്ളത്തിലിട്ട് വെയ്ക്കുക. പിറ്റേന്ന് രാവിലെ ഇതിന്‍റെ തൊലി നീക്കം ചെയ്ത് രണ്ട് സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് മിക്സ് ചെയ്ത് കുഴമ്പ് പരുവത്തിലാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഇരുപത് മിനുട്ട് ഇങ്ങനെ ഇരുന്ന് ഉണങ്ങിയ ശേഷം തല കഴുകി വൃത്തിയാക്കുക.