Wednesday 10 January 2018 04:41 PM IST : By സ്വന്തം ലേഖകൻ

ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും അകറ്റി സുന്ദരചര്‍മം സ്വന്തമാക്കാം, വീട്ടില്‍ തന്നെ

white_heads

മൂക്കിലും താടിയിലുമൊക്കെ ഇടയ്ക്കിടെ കറുപ്പിലും വെളുപ്പിലും തല പൊക്കുന്ന വില്ലന്മാരാണു ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും. പാർലറിൽ പോകാതെ വീട്ടിലിരുന്നു തന്നെ ഇവയെ അകറ്റാനുള്ള വഴികളിതാ.

∙ ഒരു വലിയ സ്പൂൺ ഉലുവയില അരച്ചു ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഉള്ള ഭാഗത്തു പുരട്ടുക. 10 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളമുപയോഗിച്ചു കഴുകുക. ഒരാഴ്ച പതിവായി ചെയ്താൽ, പിന്നെ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഇല്ലേയില്ല.

∙ ഒരു വലിയ സ്പൂൺ തേനും ഒരു ചെറിയ സ്പൂൺ പാലും യോജിപ്പിച്ചു മൈക്രോവേവ് അവ്നിൽ വച്ച് അഞ്ച് – പത്ത് സെക്കൻഡ് ചൂടാക്കുക. പുറത്തെടുത്തു നന്നായി ഇളക്കി യോജിപ്പിച്ച് ഇളം ചൂടിൽ ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്തു നേർമയായി പുരട്ടുക. ഇതിനു മുകളിൽ ഉണങ്ങിയ വൃത്തിയുള്ള കോട്ടൺ തുണി ഒട്ടിച്ചു വച്ച് 20 മിനിറ്റിനു ശേഷം വലിച്ചു മാറ്റുക. ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും തുണിയില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാകും.

∙ മുട്ടവെള്ളയുപയോഗിച്ചും ബ്ലാക്ക് ഹെഡ്സ് നീക്കാം. ഒരു മുട്ടയുടെ വെള്ള ഒന്നടിച്ച ശേഷം അൽപമെടുത്തു ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്തു പുരട്ടുക. ഇതിൽ ടിഷ്യു പേപ്പർ ഒട്ടിച്ച് ഉണങ്ങിയ ശേഷം വീണ്ടും ഒരു ലെയർ മുട്ടവെള്ള പുരട്ടുക. ഉണങ്ങിക്കഴിയുമ്പോൾ ടിഷ്യൂ പേപ്പർ വലിച്ചെടുക്കുക.

∙ ഒരു വലിയ സ്പൂൺ ജെലറ്റിനും രണ്ടു വലിയ സ്പൂൺ പാലും യോജിപ്പിച്ച് 10 സെക്കൻഡ് മൈക്രോവേവ് അവ്നിവൽ വച്ചു ചൂടാക്കുക. ഈ മിശ്രിതം ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സുമുള്ള ഭാഗങ്ങളിൽ പുരട്ടി ഉണങ്ങിക്കഴിയുമ്പോൾ മാസ്ക് പോലെ വലിച്ചെടുക്കാം. എണ്ണമയമുള്ള ചർമമുള്ളവർ പാലിനു പകരം തക്കാളിനീരു ചേർക്കുക.

∙ ഒരു ചെറിയ കഷണം കറുവാപ്പട്ട പൊടിച്ചതും ഒരു വലിയ സ്പൂൺ തേനും യോജിപ്പിച്ചു പേസ്റ്റ് പരുവത്തിലാക്കി പുരട്ടുക. ഇതിനു മുകളിൽ കോട്ടൺ തുണി ഒട്ടിച്ചു വച്ചു മൂന്നു മിനിറ്റിനു ശേഷം വലിച്ചെടുക്കുക. ബ്ലാക്ക് ഹെഡ്സ് ഇളകിപ്പോരും.