Saturday 04 August 2018 02:15 PM IST : By സ്വന്തം ലേഖകൻ

ആരോഗ്യമുള്ള, മിനുസമുള്ള ചർമ്മത്തിന് കൊറിയൻ സ്‌കിൻ കെയർ ട്രീറ്റ്‌മെന്റ്; അറിയേണ്ടതെല്ലാം...

koria1

പൂവിതൾ പോലെ  മൃദുലമായ ചർമം. അങ്ങിങ്ങായി മങ്ങലോ നിറവ്യത്യാസമോ ഇല്ലാതെ തെളിഞ്ഞ നിലാവു പോലുള്ള മുഖം. പരസ്യങ്ങളിലെ സുന്ദരികളെ കാണുമ്പോൾ ആഗ്രഹിക്കാറില്ലേ, ഈ മനോഹാരിത എനിക്കും കിട്ടിയിരുന്നെങ്കിലെന്ന്. നിങ്ങളുടെ ചർമത്തിന്റെ സ്വഭാവം  മനസ്സിലാക്കി വേണം  പരിചരണം.  ഇതിനായി എളുപ്പ വഴികൾ തേടുന്നത് പലപ്പോഴും ഉദ്ദേശിച്ച ഫലമായിരിക്കില്ല നൽകുന്നത്. മൃദുല ചർമം സ്വന്തമാക്കാനായി ഈ പുതിയ സ്കിൻ കെയർ മാർഗങ്ങൾ പരീക്ഷിക്കാം.

ചിട്ടയോടെ പരിപാലനം

കൊറിയക്കാരുടെ ചർമം കണ്ടിട്ടില്ലേ! തിളക്കവും  മൃദുത്വവും മാത്രമല്ല  ആരോഗ്യവുമുള്ളതുമാണ്. ശരിയായ രീതിയിൽ ചിട്ടയോടെയുള്ള പരിചരണമാണ്  അവരുടെ സുന്ദര ചർമത്തിന്റെ രഹസ്യം.  ഓരോ ദിവസവും   രാവിലെയും  രാത്രിയും  ചർമ സംരക്ഷണത്തിനായി അൽപസമയം  മാറ്റി വയ്ക്കണം.  മുഖത്തെ ജലാംശം പൂർണമായും തുടച്ചു നീക്കാതെ ചർമം പട്ടുപോൽ പരിപാലിക്കുന്ന രീതിയാണ് കൊറിയൻ സ്കിൻ കെയർ. ചർമത്തിനു യോജിക്കാത്ത പ്രൊഡക്ടുകളാണു തിരഞ്ഞെടുക്കുന്നതെങ്കിൽ ചർമ കോശങ്ങൾ നശിച്ചു പോകാനിടയുണ്ട്. നമ്മുടെ ചർമത്തിൽ പ്രധാനമായും വെള്ളമാണ് ഉൾപ്പെടുന്നത് എന്നതിനാൽ ചർമത്തിലെ ജ ലാംശം നിലനിർത്താന്‍ വളരെ ശ്രദ്ധിക്കണം. ലയറിങ് ചെയ്തു ചർമം സംരക്ഷിക്കുകയാണ് കൊറിയൻ സ്റ്റൈൽ.

1 ഓയിൽ ക്ലെൻസിങ്

കൊറിയൻ സൗന്ദര്യസംരക്ഷണത്തിലെ ആദ്യപടി ഓയിൽ ക്ലെൻസിങ്ങാണ്. ചർമത്തിലെ അഴുക്കു നീക്കുന്നതിനാണ്  ക്ലെൻസിങ് ചെയ്യുന്നത്. ചർമത്തിൽ നിന്നു പൊടിയും അഴുക്കും നീക്കം ചെയ്യുമ്പോൾ സ്വാഭാവികമായുള്ള എണ്ണമയം നഷ്പ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. അതുകൊണ്ടു തന്നെ മൈൽഡ് പ്രൊഡക്ട്  ഉപയോഗിക്കുക പ്രധാനമാണ്. കൊറിയൻ സ്കിൻ കെയറിൽ ചർമത്തിനു ദോഷമാകാത്ത ക്ലെൻസിങ് ഓയിലോ ക്ലെൻസിങ് ബാമോ ആണ് ഉപയോഗിക്കുക. ഇത് ചർമത്തിന് മൃദുത്വം നൽകുന്നതോടൊപ്പം  കോശങ്ങളെയും സംരക്ഷിക്കും.

മേക്കപ്പോ സൺസ്ക്രീൻ ക്രീമോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതു നീക്കം ചെയ്യാനും ക്ലെൻസിങ് നല്ലൊരു മാർഗമാണ്. ഓരോരുത്തർക്കും യോജിച്ച ഓയിലോ ബാ മോ തിരഞ്ഞെടുക്കുക. അതുപയോഗിച്ച് മുഖം മുഴുവൻ മൃദുവായി മസാജ് ചെയ്യുക. അതിനുശേഷം കോട്ടൻ പാഡ് ഇളം ചൂടുവെള്ളത്തിൽ നനച്ച് ഓയിൽ തുടച്ചു മാറ്റുക. വീട്ടില്‍ ലഭ്യമായ ഓയിൽ ഉപയോഗിച്ചും ക്ലെൻസിങ് ചെയ്യാം.

രാത്രിയിൽ കിടക്കുന്നതിനു മുൻപ് ചെയ്യേണ്ടതാണ് ഡ ബിൾ ക്ലെൻസിങ്.  ഒരു വട്ടം ക്ലെൻസ്  ചെയ്തു തുടച്ചു നീക്കിയ ശേഷം വീണ്ടും  ക്ലെൻസ് ചെയ്യുന്നതാണ്  ഡബിൾ ക്ലെൻസിങ്. ചർമത്തിലെ അധികമായ എണ്ണമയം നീക്കം  ചെയ്യാൻ ഇതുവഴി കഴിയും. അതുപോലെ മേക്കപ്പ് നീക്കം ചെയ്യേണ്ടി വരുമ്പോഴും ഡബിൾ ക്ലെൻസിങ് ഉപയോഗപ്രദമാണ്. മുഖക്കുരു വരുന്നത് ഒരു പരിധിവരെ തടയാനും ഇത് സഹായിക്കും.

koria3

2. മുഖമൊന്നു കഴുകാം

ഓയിൽ ക്ലെൻസിങ് ചെയ്തു കഴിഞ്ഞാൽ വളരെ മൃദുവായ ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക. അതിനുശേഷം വൃത്തിയുള്ള മൈക്രോ ഫൈബർ ടവൽ ഉപയോഗിച്ച് മുഖം തുടയ്ക്കുക. മുഖം അമർത്തി തുടയ്ക്കരുത്. ടവലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മൃദുവായി ഒപ്പിയെടുക്കുക മാത്രമേ ചെയ്യാവൂ.

എണ്ണമയം അധികമുള്ളവർ സാധാരണയായി വീര്യം കൂടിയ ഫെയ്സ് വാഷുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇ വർക്ക് മൈൽഡ് ഫെയ്സ് വാഷുകളാണ് അനുയോജ്യം. ചർമത്തിലെ സ്വാഭാവിക എണ്ണ ഉൽപാദനത്തിന് തടസ്സമാകുന്ന സൾഫേറ്റുകൾ കൂടുതലടങ്ങിയ ഫെയ്സ് വാഷ് മുഖത്ത് ഉപയോഗിക്കുന്നത് ഒഴിവാക്കുക.

3. ടോണറും എസ്സൻസും

കൊറിയൻ സൗന്ദര്യ സംരക്ഷണ പരിചരണത്തിൽ മൂന്നാമത്തെ സ്റ്റെപ് ടോണിങ്ങാണ്. ചർമത്തിന് ആവശ്യമുള്ളവ  നൽകി, അനാവശ്യമായവയെ തടയുന്ന സിംപിൾ ടെക്നിക്കാണ് ടോണിങ്. ടോണർ അല്ലെങ്കിൽ എസ്സൻസ് ഉപയോഗിച്ച് മുഖം മൃദുവായി മസാജ് ചെയ്യുകയാണ് വേണ്ടത്. മുഖം കഴുകിയ ശേഷം ചർമത്തിൽ ചെറിയ നനവുള്ളപ്പോൾത്തന്നെ ടോണിങ് ചെയ്യണം. വളരെ ചെറിയ തന്മാത്രകളാണ് ടോണറിലുള്ളത്. അതുകൊണ്ടു തന്നെ ചർമം എളുപ്പത്തിൽ ഇവ ആഗീരണം ചെയ്ത് വരൾച്ച അനുഭവപ്പെടാതെ ചർമത്തിനു ഹൈഡ്രേഷൻ നൽകും.  

ടോണറും സിറവും  തമ്മിലുള്ള  ഹൈബ്രിഡ് ആണ്  എ സ്സൻസ്. വരണ്ട ചർമമുള്ളവർക്ക് എസ്സൻസും എണ്ണമയമുള്ള ചർമമുള്ളവർക്ക് ടോണറുമാണ് നല്ലത്. ടോണർ ഒരു കോട്ടൻ പാഡിലെടുത്ത് പുരട്ടുകയോ, വിരലുകൾകൊണ്ട് തൊട്ടെടുത്ത് ഉപയോഗിക്കുകയോ ചെയ്യാം. അല്ലെങ്കിൽ ഒരു സ്‌പ്രേ ബോട്ടിലിൽ നിറച്ച് അൽപം അകലത്തിൽ നിന്നു മുഖത്തേക്ക് നേരിട്ട് സ്പ്രേ ചെയ്യുക. അതിനുശേഷം മൃദുവായി മസാജ് ചെയ്യുക. അൽപം അളവിൽ മാത്രമേ  ടോണർ ഉപയോഗിക്കാവൂ എന്നതാണ് പ്രധാന കാര്യം.

4. സിറം പുരട്ടാം

സിറം ഉപയോഗിക്കുന്നതാണ് നാലാമത്തെ സ്റ്റെപ്. മുഖം ഫെയ്സ് വാഷ് ഉപയോഗിച്ച് കഴുകി കഴിയുമ്പോൾ ചർമം വരണ്ടതാകും. ചെറിയ തന്മാത്രകളുള്ള ടോണർ ഉപയോഗിക്കുമ്പോൾ ചർമത്തിൽ അൽപം ജലാംശം മാത്രമേ ഉണ്ടാകൂ. വലിയ തന്‍മാത്രകളടങ്ങിയ സിറം  ഉപയോഗിക്കുമ്പോൾ ചർമത്തിൽ ആവശ്യത്തിന് ജലാംശം ലഭിക്കുകയും മൃദുവാക്കി നിർത്തുകയും ചെയ്യും. എണ്ണമയമുള്ള ചർമമുള്ളവർക്ക് ഏതു സിറവും ഉപയോഗിക്കാം. വരണ്ട ചർമമുള്ളവർക്ക്  കോൾഡ് പ്രെസ്സ്ഡ് ഓയിൽ ആണു നല്ലത്. മൂന്നു നാലു തുള്ളി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

സിറം ചർമത്തിൽ ആഗിരണം ചെയ്യാൻ പത്ത് മിനിറ്റ് സമയം കൊടുക്കണം. ഇനി ഓയിൽ പുരട്ടാം. എണ്ണ പുരട്ടുന്നതോടുകൂടി മുഖത്തെ സുഷിരങ്ങൾ അടഞ്ഞ് ചർമം സുരക്ഷിതമാകും. ഗ്രേപ് സീഡ് ഓയിൽ, ഹൊഹൊബാ ഓയിൽ, റോസ്ഹിപ് ഓയിൽ എന്നിവയെല്ലാം ചർമത്തിനു വളരെ നല്ലതാണ്.

5. കണ്ണിന് കൂടുതൽ സംരക്ഷണം

കണ്ണിനുതാഴെ കറുപ്പു വീണാലോ കൺകോണിൽ രണ്ടു ചെറിയ ചുളിവു വന്നാലോയെല്ലാം പരിഭ്രമമാണ്. ശരിയായി പരിചരിച്ചാൽ ഈ ഡാർക്ക് സർക്കിൾസ് കണ്ണുകളുടെ മനോഹാരിത കളയില്ല. കണ്ണുകൾക്ക് താഴെയുള്ള ചർമം വളരെ വരണ്ടതും  മൃദുലവുമാണ്. ഇവിടെ എണ്ണഗ്രന്ഥികൾ ഇല്ലാത്തതു കൊണ്ടു ത ന്നെ ഐ ക്രീം പുരട്ടുമ്പോഴാണ് ആവശ്യത്തിന് ഹൈഡ്രേഷ ൻ കണ്ണിനു താഴെ ലഭിക്കുന്നത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ജലാംശം നിലനിർത്താൻ ആവശ്യമായ അളവിൽ ക്രീം  ഉപയോഗിക്കണമെന്നുള്ളതാണ്. കണ്ണിനു ചുറ്റും നല്ല കുളിർമ കിട്ടണം. എന്നും രാത്രി കിടക്കുന്നതിനു മുൻപ്  ഐ ക്രീം പുരട്ടി  ര ണ്ടു മിനിറ്റ്  മൃദുവായി മസാജ് ചെയ്യുക. വരണ്ട ചർമമുള്ളവർ രാവിലെയും ഐ ക്രീം പുരട്ടണം.

ഓർക്കേണ്ട കാര്യങ്ങൾ

ഒന്നോ രണ്ടോ ദിവസം കൊണ്ട് മാറ്റങ്ങൾ പ്രകടമാകില്ല. കുറച്ചു നാൾ തുടർച്ചയായി  ചെയ്താലേ  കൊറിയൻ സ്കിൻ കെയറിലൂടെയുള്ള പൂർണഫലം ഉണ്ടാകൂ. സ്കിൻ കെയറിൽ ഓരോ ഘട്ടത്തിലും പത്ത് മിനിറ്റുകൾ ഇടവേള കൊടുക്കണം. എന്നാൽ മാത്രമേ  ഇവയോരോന്നും ചർമം നന്നായി ആഗീരണം ചെയ്യൂ.

koria2

വിവരങ്ങൾക്ക് കടപ്പാട്: ലക്ഷ്മി മേനോൻ, ഫെയ്സ് പാലറ്റ് മേക്കപ് പ്രൊ ട്രെയിനിങ് & സ്റ്റുഡിയോ, കൊച്ചി