Thursday 11 November 2021 04:22 PM IST : By സ്വന്തം ലേഖകൻ

താരൻ ശല്യവും വരൾച്ചയും ഇല്ലാതാക്കും; മുടി തിളക്കമേറിയതും മൃദുലവും ആകാൻ വെണ്ടക്കാ കണ്ടീഷണർ

hair-ladieeddfggb

മുടിയുടെ സൗന്ദര്യത്തിന്റെ കാര്യത്തിൽ പല പരീക്ഷണങ്ങളും നടത്തുന്നവരാണ് പെൺകുട്ടികള്‍. കെമിക്കലുകൾ ചേർന്ന ഷാംപൂവും ഹെയർ കണ്ടീഷണറുമൊക്കെ ഉപയോഗിക്കുന്നതിനു പകരം വീട്ടിൽ കിട്ടുന്ന സുലഭമായ വസ്തുക്കൾ ഉപയോഗിച്ചു നോക്കൂ, മുടി ആരോഗ്യത്തോടെ വളരും. 

മുടി തിളങ്ങാൻ വെണ്ടക്കാ കണ്ടീഷണർ

വരണ്ട മുടിയുള്ളവർക്ക് ബെസ്റ്റാണ് വെണ്ടക്ക കൊണ്ടുള്ള കണ്ടീഷണർ. വിറ്റാമിൻ എ,സി, കെ എന്നിവയാലും ആന്റി ഓക്സിഡന്റുകളാലും സമൃദ്ധമാണ് വെണ്ടക്ക. നിയാസിൻ, തിയാമിൻ, ഫൈബർ, മാഗ്നീഷ്യം, മാഹ്കനീസ്, സിങ്ക്, കോപ്പർ, പൊട്ടാസ്യം, ഫോളിക് ആസിഡ്, അയേൺ തുടങ്ങിയവയും വെണ്ടക്കയിൽ ഉണ്ട്. വെണ്ടക്കയിൽ നിന്നുണ്ടാക്കുന്ന പ്രകൃതിദത്തമായ ഹെയർ കണ്ടീഷണർ മുടിയുടെ വരൾച്ച ഇല്ലാതാക്കുകയും കൂടുതൽ മൃദുവും തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു.

വെണ്ടയ്ക്കാ കണ്ടീഷണർ തയാറാക്കുന്ന രീതി

പത്തു വെണ്ടക്ക എടുത്ത് നീളത്തിൽ അരിയുക. ഇനി ഇവ ഒന്നേകാൽ കപ്പു വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ചെറിയ ചൂടിൽ വേണം വേവിക്കാൻ. പശ രൂപത്തിൽ ആവുന്ന വെണ്ടക്കയിലേക്ക് നല്ല സുഗന്ധം ലഭിക്കുന്നതിനായി ഒരു തുള്ളി ലാവൻഡറോ കർപ്പൂരാദി എണ്ണയോ ചേർക്കാം. ഇതിലേക്ക് അൽപം തേനോ നാരാങ്ങാ നീരോ ചേർക്കുന്നതും നല്ലതാണ്. മിശ്രിതം തണുക്കുന്നതോടെ അരിച്ചെടുക്കുക. വെണ്ടയ്ക്കാ കണ്ടീഷണർ റെഡി.

എങ്ങനെ ഉപയോഗിക്കാം?

വീര്യം കുറഞ്ഞ ഷാംപൂ അല്ലെങ്കിൽ ചെറുപയർപൊടി ഉപയോഗിച്ച് മുടി കഴുകുക. മുടിയിൽ അവശേഷിക്കുന്ന വെള്ളവും നന്നായി തുവർത്തിയെടുക്കുക. മുടിയുടെ വേരു മുതൽ താഴേയ്ക്ക് കണ്ടീഷണർ നന്നായി തേച്ചു പിടിപ്പിക്കാം. നന്നായി മസാജ് ചെയ്ത് മുക്കാൽ മണിക്കൂറിനു ശേഷം വൃത്തിയായി കഴുകുക. മുടി തിളക്കമേറിയതും മൃദുവും ആയിരിക്കുന്നതു കാണാം. താരൻ ശല്യം നേരിടുന്നവര്‍ക്കും വെണ്ടയ്ക്ക കണ്ടീഷണർ ഉത്തമമാണ്.