Wednesday 24 November 2021 03:13 PM IST : By സ്വന്തം ലേഖകൻ

‘ദിവസത്തിൽ ഒട്ടേറെ തവണ ലിപ്സ്റ്റിക്ക് ഉപയോഗിക്കരുത്’; കറുപ്പുനിറം മാറ്റി റോസാപ്പൂ ചുണ്ടുകള്‍ക്ക് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...

lipsttt566bnmmmkkg

ചിരി ഭംഗിയുള്ളതാകണമെങ്കിൽ ചുണ്ടുകളും മനോഹരമായിരിക്കണം. റോസാപൂവിതൾ പോലുള്ള ചുണ്ടുകൾ സ്വന്തമായാൽ തന്നെ സൗന്ദര്യം നേടിയെന്നർഥം. ചുണ്ടിന്റെ സൗന്ദര്യം കെടുത്തുന്ന ശീലങ്ങൾ മാറ്റി മൃദുലവും ഭംഗിയുള്ളതുമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ... 

ചുണ്ടിലെ കറുപ്പ്

ചുണ്ടിലെ കറുപ്പുനിറത്തിനു ധാരാളം കാരണങ്ങളുണ്ട്. ലൈക്കൻ പ്ലാനസ് (Lichen Planus – പ്രതിരോധശക്തിയിലെ തകരാർമൂലം ഉണ്ടാകുന്ന ചർമപ്രശ്നം), മരുന്നുകൾ കാരണമുണ്ടാകുന്ന ഫിക്സഡ് ഡ്രഗ് ഇറപ്ഷൻ (Fixed Drug eruption) എന്ന അലർജി, ലെൻറിജീൻസ് (Lentigines - സൂര്യപ്രകാശമേൽക്കുന്ന ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന പാടുകൾ) എന്നീ രോഗങ്ങൾ ചുണ്ടിലെ കറുപ്പിനു കാരണമാകും.

അഡ്രീനൽ ഗ്രന്ഥി, പിറ്റ്യൂട്ടറി ഗ്രന്ഥി എന്നിവയിലെ പ്രവർത്തന വൈകല്യങ്ങളും പുകവലിയും കറുപ്പുനിറം ഉണ്ടാക്കാറുണ്ട്. ചുണ്ടിൽ ഉണ്ടാകുന്ന പാടുകൾ പൊതുവെ ദോഷമുള്ളവയല്ല. എന്നാൽ അപൂർവമായി Peutz Jegher’s Syndrome എന്ന അവസ്ഥയിൽ ചുണ്ടിലെ കറുത്തപുള്ളികൾ കാണുന്നതിനൊപ്പം ആമാശയത്തിലും കുടലിലും പോളിപ്പുകൾ (Polyps) കാണപ്പെടാറുണ്ട്.

പാരമ്പര്യമായി കറുപ്പുനിറം

ചിലരിൽ പാരമ്പര്യമായും ചുണ്ടിലെ കറുപ്പുനിറം, പ്രത്യേകിച്ചു മേൽചുണ്ടിൽ കാണാറുണ്ട്. ലിപ്സ്റ്റിക്കുകളുടെ നിരന്തരമായ ഉപയോഗം മൂലം ചിലർക്കു ചുണ്ടിൽ കറുപ്പുനിറം ഉണ്ടാകുന്നു. സൺസ്ക്രീനുകൾ അടങ്ങിയ ലിപ് മോയ്സ്ചറൈസർ ഉപയോഗിക്കുന്നത്  ചികിത്സയിൽ പ്രധാനമാണ്. പകൽ സമയത്തു കുറഞ്ഞതു നാലു മണിക്കൂറിന്റെ ഇടവേളയിലെങ്കിലും ഇതു പുരട്ടണം. അതോടൊപ്പം ചുണ്ടിലെ കറുപ്പ് കുറയ്ക്കാനായി പ്രത്യേകം തയാർ ചെയ്ത ലേപനങ്ങളും കെമിക്കൽ പീലുകളും ഉപയോഗിക്കാം.

കഴിവതും ഗുണമേന്മയുള്ള ലിപ്സ്റ്റിക്കുകൾ മാത്രം തിരഞ്ഞെടുക്കുക. രാത്രി ഉറങ്ങുന്നതിനു മുമ്പ് ലിപ്സ്റ്റിക്ക് നീക്കിയതിനുശേഷം ആവണക്കെണ്ണ പുരട്ടുന്നതു നല്ലതാണ്. വരണ്ടു വിണ്ടുകീറിയ ചുണ്ടുള്ളവർ ഇങ്ങനെ ചെയ്യുന്നതു നന്നായിരിക്കും. ലിപ്സ്റ്റിക്ക് പുരട്ടുന്നതിനു മുമ്പ് ലിപ് ബാം ചുണ്ടിൽ പുരട്ടുന്നതിലൂടെ കറുപ്പുനിറം ഉണ്ടാകുന്നതു തടയാം.

ആകൃതിയിലെ പ്രശ്നങ്ങൾ

പ്രായം കൂടുംതോറും ചുണ്ടിനു പല പ്രശ്നങ്ങളും ഉണ്ടാകാം. വലുപ്പം കുറയൽ, ഇലാസ്തികത, തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് ചുണ്ടിന്റെ സൗന്ദര്യം നഷ്ടപ്പെടാം. ആകൃതിയിലുള്ള വ്യത്യാസം പരിഹരിക്കാൻ ആധുനിക സൗന്ദര്യ ചികിത്സാരീതികളിൽ നിരവധി മാർഗങ്ങളുണ്ട്.

വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾ ലിപ് ഹൈഡ്രേഷൻ എന്ന ചികിത്സയിലൂടെ അത്യാകർഷകമാക്കാം. ചുണ്ടിന്റെ വലുപ്പത്തിൽ പ്രകടമായ മാറ്റം വരുകയുമില്ല. ഭംഗി കുറഞ്ഞ അനാകർഷകമായ ചുണ്ടുകളെ സൗന്ദര്യമുള്ളതാക്കി തീർക്കാനായി ഡെർമൽ ഫില്ലർ ചികിത്സ വളരെ ഫലപ്രദമാണ്. ചുണ്ടുകളുടെ ആകൃതി ക്രമീകരിച്ച് വലുപ്പം കൂട്ടി മൃദുത്വമുള്ളതും നിറമുള്ളതുമാക്കി തീർക്കുന്നു.   

സൗന്ദര്യ ടിപ്സ് 

ലിപ് സ്ക്രബ് ചുണ്ടിലെ നിർജീവമായ കോശങ്ങൾ നീക്കം ചെയ്ത് കൊളാജൻ ഉൽപാദിപ്പിക്കുന്നു. കുറച്ച് പഞ്ചസാര തേനിൽ ചേർത്ത് ചുണ്ടുകളിൽ മൃദുവായി ഉരച്ചു കഴുകിയാൽ മതി.

ദിവസത്തിൽ ഒട്ടേറെ പ്രാവശ്യം ലിപ്സ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കണം. എക്സ്പയറി ഡേറ്റ് കഴിഞ്ഞ ലിപ്സ്റ്റിക് ഉപയോഗിക്കരുത്. 

കറ്റാർ വാഴയുടെ നീര് പുരട്ടുന്നത് ചുണ്ടുകൾ തണുപ്പിക്കാനും മയപ്പെടുത്താനും സഹായിക്കും.

ധാരാളം വെള്ളം കുടിക്കുന്നതും ചുണ്ടുകളുടെ ആരോഗ്യത്തിനു നല്ലതാണ്.

ദിവസവും രാത്രി ചുണ്ടുകളിൽ ഗ്ലിസറിൻ‍ പുരട്ടിയാൽ ചുണ്ടിലെ ജലാംശം നഷ്ടമാകില്ല. 

ചുണ്ടുണങ്ങുന്നതു മൂലമുള്ള നിറവ്യത്യാസവും പരിഹരിക്കാം.

Tags:
  • Glam Up
  • Beauty Tips