Tuesday 10 August 2021 02:53 PM IST : By സ്വന്തം ലേഖകൻ

ഡ്രാമാറ്റിക് ലുക് അല്ല, സ്വാഭാവിക ഭംഗിയാണ് വേണ്ടത്; ലിപ്സ്റ്റിക് വാങ്ങും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

lipsttt566gbhjjhgg

മേക്കപ്പ് ബോക്സിൽ ഒന്നാം സ്ഥാനം ലിപ്സ്റ്റിക്കിന് തന്നെയാണ്. ചർമ്മത്തിന് ഇണങ്ങുന്ന നിറത്തിലുള്ള ലിപ്സ്റ്റിക്കുകൾ മുഖഭംഗി കൂട്ടാൻ സഹായിക്കും. എന്നാൽ മോഡലുകളെയും സിനിമാ നടിമാരെയും അനുകരിച്ച് സ്വന്തം ചര്‍മത്തിന് ഇണങ്ങാത്ത നിറത്തിലെ ലിപ്സ്റ്റിക് അണിയുന്നത് കൃത്രിമത്വവും അഭംഗിയുമാവും നൽകുക. 

ഷോപ്പുകളിൽ ഭംഗിയുളള പല നിറങ്ങളിലുളള ലിപ്സ്റ്റിക് കാണുമ്പോൾ ഏതു വാങ്ങണമെന്ന ആശയക്കുഴപ്പമുണ്ടാവുക സ്വാഭാവികം. പകൽ സമയത്തുളള ഫങ്ഷനുകളിൽ ഓരോരുത്തരുടെയും ചർമത്തിന് ഇണങ്ങുന്ന നിറം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. സ്വാഭാവികമായ സൗന്ദര്യമാണ് ഇത്തരം നിറങ്ങൾ നൽകുക. പാർട്ടികളിൽ അണിയാൻ അല്‍പം ഡ്രാമാറ്റിക് ലുക്ക് നൽകുന്ന കടും നിറങ്ങള്‍ അണിയാം. ഹെയർ സ്റ്റൈലിനും അണിയുന്ന വസ്ത്രങ്ങള്‍ക്കും ഇണങ്ങുന്നതാവണം ലിപ് കളർ.

ലിപ്സ്റ്റിക് വാങ്ങും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം;

∙ പിങ്ക്, റെഡ് നിറങ്ങളിലെ പല ഷേഡുകളിലാണു കൂടുതൽ പേരും പരീക്ഷണം നടത്തുക. ഒരു വിധം എല്ലാ സ്കിൻ ടോണിനും ചേരുമെന്നതാണ് ഈ നിറങ്ങളുടെ ഗുണം. മിക്കവാറുമെല്ലാ ഹെയർസ്റ്റൈലിനും പലതരം വസ്ത്രങ്ങൾക്കും ഈ നിറങ്ങൾ ചേരും.

∙ വെളുത്ത ചർമമുളളവർക്ക് പിങ്ക് കലർന്ന കോറൽ റെഡ്, കടുംചുവപ്പ് റെ‍ഡ് നിറങ്ങള്‍ ഇണങ്ങും.

∙ ഇരുനിറത്തിലെ ചർമമുളളവർക്കു പിങ്ക്, ക്രാൻബെറി റെഡ്, ബ്രിക് റെഡ് നിറങ്ങളിലെ ലിപ്സ്റ്റിക് നന്നായി യോജിക്കും.

∙ ഇരുണ്ട ചര്‍മമുളളവർക്ക് ബർഗണ്ടി ഷേഡ് കലർന്ന ചുവപ്പോ അതല്ലെങ്കിൽ ബ്രൗൺ നിറത്തിലുളളതോ ആയ ലിപ്സ്റ്റിക് ഇണങ്ങും.

∙ ലിപ്സ്റ്റിക് വാങ്ങും മുമ്പ് അത് ചർമത്തിന് ഇണങ്ങുമോയെന്നു നോക്കണം. പല നിറങ്ങൾ പരീക്ഷിക്കുമ്പോള്‍ ഓരോന്നും പൂർണമായി നീക്കം ചെയ്ത ശേഷം വേണം അടുത്ത നിറം അണിഞ്ഞു നോക്കേണ്ടത്. അതല്ലെങ്കില്‍ പല നിറങ്ങൾ ചേർന്നു യഥാർഥ നിറം അറിയാൻ കഴിയാതെ വരും. മേക്കപ് റിമൂവറോ ലോഷനോ ഉപയോഗിച്ചു ലിപ് കളർ പൂർണമായി നീക്കം ചെയ്തശേഷം മാത്രം അടുത്തതു പരീക്ഷിക്കുക.

∙ അനുയോജ്യമായ ലിപ് കളർ തിരഞ്ഞെടുക്കാൻ വിദഗ്ദ്ധ നിർദേശം തേടുന്നതു നല്ലതാണ്. പല നിറങ്ങൾ അണിഞ്ഞു നോക്കുമ്പോൾ ചർമത്തിന് ഇണങ്ങുന്ന നിറം തിരിച്ചറിയാൻ നമുക്ക് സ്വയം കഴിയണമെന്നില്ല. ഷോപ്പിലെ മേക്കപ് കൗണ്ടറിലുളളവരോട് സഹായം ചോദിക്കുന്നതിൽ മടിക്കേണ്ട കാര്യമില്ല.

∙ അണിയുന്ന വസ്ത്രത്തിന്റെ അതേ നിറത്തിലെ ലിപ്സ്റ്റിക് ഡ്രാമാറ്റിക് ലുക്കാവും നല്‍കുക. സ്വാഭാവിക ഭംഗിയാണു വേണ്ടതെങ്കിൽ ഇത് ഒഴിവാക്കുന്നതാണു നല്ലത്.

Tags:
  • Glam Up
  • Beauty Tips