Thursday 15 February 2018 02:27 PM IST : By സ്വന്തം ലേഖകൻ

പ്രകൃതിദത്ത വാക്സിങ്ങിലൂടെ അനാവശ്യ രോമങ്ങൾ നീക്കാം, പാർശ്വഫലങ്ങളില്ലാതെ..

waxing-at-home

ചില സ്ത്രീകളിലും പെൺകുട്ടികളിലും കൈയിലും കാലിലും അമിതരോമവളർച്ച കാണാറുണ്ട്. ഇതു കളയാൻ ആയുർവേദ രീതിയിൽ നിർമിക്കാവുന്ന ഒരു വാക്സിങ് കൂട്ട്.

പ്രകൃതിദത്ത വാക്സിങ്

കട്ടിച്ചുണ്ണാമ്പ് അഞ്ചു ടീസ്പൂൺ, ഗന്ധകം ശുദ്ധിചെയ്തത് ഒരു ടീസ്പൂൺ, കല്യാണക്ഷാരം ഒരു ടീസ്പൂൺ ഇവ പൊടിച്ച് ഒരു കുപ്പിയിലാക്കി നന്നായി കുലുക്കണം. ഈ പൊടി കുറച്ചെടുത്ത് വെള്ളം ചാലിച്ചു പുരട്ടുക. രണ്ടു മിനിറ്റു കഴിഞ്ഞു മരുന്നു വടിച്ചു കളയണം.

മുഖത്തെ രോമം നീക്കാം

∙ പച്ചമഞ്ഞൾ രാത്രിയിൽ അരച്ചു കട്ടിയായി രോമമുള്ള ഭാഗത്തു പൂശിയതിനുശേഷം കാലത്തു കഴുകിക്കളയുക.

∙ പച്ചപപ്പായയും പച്ചമഞ്ഞളും ചേർത്ത് അരച്ചു രോമമുള്ള ഭാഗത്തു പുരട്ടി അരമണിക്കൂറിന് ശേഷം കഴുകുക.

∙ ചെറുപയർപൊടി, ചെറുനാരങ്ങാനീര്, പശുവിൻപാൽ ഇവ ചേർത്ത മിശ്രിതം മുഖത്തു പതിവായി പുരട്ടുക. അമിത രോമവളർച്ച ഇല്ലാതാകും.

കൺപീലികളുടെയും പുരികത്തിന്റെയും സൗന്ദര്യത്തിന്

പുരികത്തിനു കട്ടികൂടാനും കൺപീലികൾ കൊഴിയുന്നതു തടയാനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില നാടൻ മരുന്നുകളുണ്ട്. ഇവ ഉപയോഗിച്ച് പുരികത്തിന്റെയും കണ്ണുകളുടെയും സൗന്ദര്യം വർദ്ധിപ്പിക്കാം..

∙ ആവണക്കെണ്ണ പുരികത്തിൽ രാത്രി കിടക്കാൻ നേരം പുരട്ടിയിടുന്നതു പുരികം നന്നാവാനും കട്ടികൂടാനും ഉപകരിക്കുന്നു.

∙ ആവണക്കെണ്ണയും പാൽപ്പാടയും ചേർത്തു കുഴമ്പാക്കി രാത്രി പുരികത്തിൽ പുരട്ടി കിടക്കുക. നിത്യവും ആവർത്തിക്കണം.

∙ എന്നും രാവിലെ വെറും വയറ്റിൽ പത്ത് ആര്യവേപ്പില കഴിക്കുന്നതു പുരികം കട്ടികൂടുന്നതിനു നന്നാണ്.