Saturday 05 December 2020 04:10 PM IST : By സ്വന്തം ലേഖകൻ

ഓൺലൈനിൽ ‘സൗന്ദര്യം’ വാങ്ങുന്നത് സുരക്ഷിതമാണോ? ബ്യൂട്ടി പ്രോഡക്ട്സ് വാങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ

pnline444dfg

കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കു നോക്കുകയാണെങ്കിൽ ഏകദേശം 18 മുതൽ 25 ശതമാനം വരെയാണ് കോസ്മെറ്റിക് ഇൻഡസ്ട്രിയുടെ ഇന്ത്യയിലെ വളർച്ചാനിരക്ക്. അതിൽതന്നെ കൂടുതലും ഓൺലൈൻ ഷോപ്പിങ്  വഴി ആണ്.

 സമയക്കുറവും വിപുലമായ ബ്രാൻഡുകൾ എളുപ്പത്തിൽ തിരഞ്ഞെടുക്കാനുള്ള അവസരവും ആകർഷണീയമായ ഓഫറുകളും മറ്റും കാരണം ഓൺലൈൻ ഷോപ്പിങ്ങിനാണ് മിക്കവരും മുൻഗണന നൽകുന്നത്. എന്നാൽ കൃത്യമായ ധാരണയില്ലാതെ ബ്യൂട്ടി പ്രൊഡക്റ്റ്സ് തിരഞ്ഞെടുക്കുന്നവർ ഒരുപാട് അബദ്ധങ്ങളി ൽ ചെന്നെത്താറുമുണ്ട്.

ജീവനുള്ള ചർമത്തെയും  മുടിയെയും പരിപാലിക്കുന്ന സൗന്ദര്യവർധകങ്ങൾ വ്യക്തമായ ധാരണയില്ലാതെ വാങ്ങുന്നത് ഒട്ടും ശരിയല്ല. തലമുടിക്കും ചർമത്തിനും വേണ്ടി തിരഞ്ഞെടുക്കുന്ന എന്തും നമുക്ക് യോജിച്ച താണോ എന്ന് ഉറപ്പു വരുത്തണം.

നമ്മുടെ ആവശ്യം ശരിയായി  മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഫെയ്സ് വാഷ് അല്ലെങ്കിൽ ക്ലെൻസർ, ബോഡിവാഷ്, ടോണർ, സൺസ്ക്രീൻ, രാത്രിയും പകലും ഉപയോഗിക്കുന്ന ക്രീമുകൾ, ഷാംപൂ, കണ്ടീഷണർ, ഹെയർ ഓയിൽ, മോയ്‌സ്ചറൈയ്‌സിങ് ക്രീം, ഫൗണ്ടേഷൻ, കൺസീലർ, കോംപാക്ട്, ലിപ്സ്റ്റിക്, ലിപ് ലൈനർ, ഐബ്രോ പെൻസിൽ, ഹൈലൈറ്റർ, മസ്കാര, ലിപ്ബാം തുടങ്ങി നിത്യോപയോഗത്തിനുള്ള സൗന്ദര്യ വർധകങ്ങളാണ്  ഓൺലൈൻ ആയി  കൂടുതലും    വാങ്ങു ന്നത്. എന്നാൽ കടകളിൽ നിന്ന് ഇവ നേരിട്ട് വാങ്ങുമ്പോൾ ഇൗ പ്രൊഡക്‌റ്റുകളെക്കുറിച്ചു നേരിട്ടറിയാനാകും.

ഒട്ടുമിക്ക മികച്ച ബ്യൂട്ടി ഷോപ്പുകളിലും ബ്യൂട്ടി എക്സ്പേർട്സ് ഉണ്ടായിരിക്കും.  ഓരോരുത്തർക്കും യോജിക്കുന്ന പ്രൊഡക്ട്സിനെ കുറിച്ച് വ്യക്തമായ ധാരണ നൽകാൻ ഈ എക്സ്പേർട്ടിന് കഴിയും. എന്നാൽ ഓൺലൈനിൽ നിന്നു വാങ്ങുമ്പോൾ ഇതല്ല സ്ഥിതി.

നമ്മുടെ ചർമത്തിന് ഏറ്റവും ഇണങ്ങുന്ന പ്രൊഡക്ട് ഒാൺലൈൻ പർചേസിലൂടെ എങ്ങനെ തിരഞ്ഞെടുക്കാം? ഓൺലൈൻ ഷോപ്പിങ് എളുപ്പത്തിലും കാര്യക്ഷമമായും ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങൾ അറിയുക.

ഫെയ്സ് വാഷ്, ക്ലെൻസർ, ബോഡി വാഷ്

ബ്യൂട്ടി പ്രോഡക്ട് തിരഞ്ഞെടുക്കുമ്പോൾ അടിസ്ഥാനമാക്കേണ്ടത് ചർമ സ്വഭാവമാണ്. അഞ്ചു തരം ചര്‍മമാണ് പൊതുവേ കാണുന്നത്. സാധാരണ ചർമം, വരണ്ടചർമം, എണ്ണമയമുള്ള ചർമം, കോംബിനേഷൻ സ്കിൻ, ഡ്രൈ ആൻഡ് സെൻസിറ്റീവ് സ്കിൻ. ഇതു കൂടാതെ നിലവിൽ ചർമത്തിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതു കൂടി കണക്കാക്കിവേണം പ്രൊഡക്റ്റ്സ് തിരഞ്ഞെടുക്കാൻ.

മിക്ക ബ്രാൻഡുകളും ഓരോ സ്‌കിൻ ടൈപ്പിനും വേണ്ടി തന്നെ പ്രത്യേകം പ്രൊഡക്ട്സ് ലേബൽ ചെയ്തു ഇറക്കുന്നുണ്ട്. ചർമത്തിന്റെ പിഎച്ച്‌ ബാലൻസിനെ ബാധിക്കാത്തതും ചർമത്തെ വരണ്ടതാക്കാത്തതും ചർമപ്രശ്നങ്ങൾ ഉണ്ടാക്കാത്തതുമായ മികച്ച ബ്രാൻഡുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

പല ബ്രാൻഡുകളും മാറി മാറി ഉപയോഗിക്കുന്നതിലും നല്ലത് ഒരു ബ്രാൻഡ് സ്ഥിരമായി ഉപയോഗിക്കുന്നതാണ് എന്നതും മറക്കേണ്ട. കുളിക്കാൻ സോപ്പിനേക്കാൾ നല്ലത് ബോഡിവാഷ് ആണ്. മുഖം കഴുകാൻ സോപ്പിനു പകരം ഫെയ്സ് വാഷ് ഉപയോഗിക്കുക. രാവിലെ മുഖം കഴുകാൻ വീര്യം വളരെ കുറഞ്ഞ ഫെയ്സ്‌വാഷ് മതി. പുറത്തുപോയി വന്നശേഷം മാത്രം ആഴത്തിൽ വൃത്തിയാക്കുന്നവ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.

ടോണർ

പലപ്പോഴും നമ്മൾ ടോണറിന് അത്ര പ്രാധാന്യം കൊടുക്കാറില്ല. എന്നാൽ ചർമത്തിന്റെ സ്വാഭാവികമായ പിഎച്ച് ബാലൻസ് നിലനിര്‍ത്താൻ ടോണർ വളരെ നല്ലതാണ്. ആൽക്കഹോൾ ഫ്രീ ടോണർ വാങ്ങി ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

സൺസ്ക്രീൻ

ചർമത്തിലെ 90 ശതമാനം പ്രശ്നങ്ങൾക്കും കാരണം സൂര്യനിൽ നിന്നുള്ള യുവി റേഡിയേഷൻ ആണ്. രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയുള്ള സമയത്ത് ഏതു പ്രായക്കാരും ഏതു കാലാവസ്ഥയിലും സൺസ്ക്രീൻ ഉപയോഗിക്കണം. ഓരോ ചർമത്തിനും അനുയോജ്യമായവ വിപണിയിൽ ലഭ്യമാണ്.

200 രൂപ മുതൽ 5000 രൂപ വരെ വിലയുള്ള സൺസ്ക്രീൻ ഉണ്ട്. ബ്രോഡ് സ്പെക്ട്രം (യുവിഎ, യുവിബി റെയ്സിൽ നിന്നു സംരക്ഷിക്കുന്നവ), സിങ്ക് ഓക്സൈഡ്, എസ്പിഎഫ് 30 ശതമാനത്തേക്കാൾ കൂടുതൽ, വാട്ടർ റെസിസ്റ്റന്റ്, നോൺസ്റ്റിക്കി ഇങ്ങനെ പല ഘടകങ്ങൾ ചേരുന്നതാണ് നല്ല സ്ൺസ്ക്രീൻ. ടൈറ്റാനിയം, സിങ്ക്ഓക്സൈഡ് ഇവ അടങ്ങിയത് സെൻസിറ്റീവ് ചർമത്തിന് പ്രത്യേകമായി ഉപയോഗിക്കാം. എണ്ണമയമുള്ള ചർമത്തിന് ജെൽ രൂപത്തിലുള്ളവ വേണം തിരഞ്ഞെടുക്കാൻ.

ഇവയെല്ലാം ഒഴിവാക്കാം

സൗന്ദര്യ വർധകങ്ങളിൽ പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന പാരബൻസ്, കൃത്രിമ സുഗന്ധങ്ങൾ, സോഡിയം ലോറേറ്റ് സൾഫേറ്റ് എന്നിവയുെട സാന്നിധ്യം ചർമത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഹെയർ ഡൈ,  നെയിൽപോളിഷ് ഇവയിൽ കാണപ്പെടുന്ന toluene അധികമായാൽ പ്രതിരോധശേഷിയെ തകർക്കാൻ ശേഷിയുള്ളതാണ്. ഗർഭിണികൾ ഇവ അടങ്ങിയ ഉൽപന്നങ്ങൾ ഉപയോഗിച്ചാൽ ജനിക്കാനിരിക്കുന്ന കുട്ടിക്കു വരെ അപകടമാണെന്നാണ് പഠനങ്ങൾ പറയുന്നത്.

പഴ്സനൽ കെയർ പ്രൊഡക്ടുകളിൽ കാണപ്പെടുന്ന phthalates (DBP, DEHP, DEP) ഹോർമോൺ വ്യതിയാനത്തിനും അതുമൂലം പ്രത്യുൽപാദന ശേഷിക്കുറവിനും കാരണമാകാം. ഷാംപൂ, ലോഷനുകൾ, സൺസ്ക്രീൻ എന്നിങ്ങനെ കട്ടിയുള്ള കോസ്മെറ്റിക് ഉൽപന്നങ്ങളിൽ കണ്ടുവരുന്ന പോളിഎത്തീലിൻ ഗ്ലൈകോൾ (PEG) അപകടകാരിയാണ്. സൗന്ദര്യ വർധകങ്ങളിൽ ചേർക്കുന്ന പ്രിസർവേറ്റീവ്‌ ഫോർമാൽഡിഹൈഡ് കാൻസറിനും ആസ്‍മയ്ക്കും കാരണമായേക്കാം.

സൺസ്ക്രീനിലും മോയിസ്ചറൈസറിലും ലിപ്ബാമുകളിലും കാണപ്പെടുന്ന ഓക്സിബെൻസോൺ തൈറോയ്ഡ്ഗ്രന്ഥിയെയും എൻഡോക്രൈൻ സിസ്റ്റത്തെയും ദോഷകരമായി ബാധിക്കാം.

ബോഡിവാഷിലും ഷാംപൂവിലും പതയ്ക്കു വേണ്ടി ചേർക്കുന്ന ഡൈതാനോലമിൻ (DEA), ആന്റി ബാക്ടീരിയൽ സോപ്പുകളിലും ക്രീമുകളിലും ചേർക്കുന്ന ട്രിക്‌ളോസാൻ എന്നിവയുടെയൊക്കെ നിരന്തര ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിത്തീരും.

ഓൺലൈൻ സൈറ്റുകളിലെ പ്രൊഡക്ട് ഡിസ്‌ക്രിപ്ഷനിൽ ചേരുവകൾ എഴുതിയിട്ടുണ്ടാകും. ഇതു നോക്കി കോസ്മെറ്റിക് ഉൽപന്നങ്ങൾ വാങ്ങുക.

onlineddghg55

ഡേ ക്രീം, നൈറ്റ് ക്രീം ഇവ വാങ്ങുമ്പോൾ

ചർമം നന്നായി സംരക്ഷിക്കുന്നതിന് ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് ഡേ ക്രീമും നൈറ്റ് ക്രീമും. ശരിയായ രീതിയിലുള്ള ഡേ ക്രീം ആണെങ്കിൽ ചർമത്തിനും മേക്കപ്പിനും ഇടയിൽ ഒരു സംരക്ഷണമായി പ്രവർത്തിക്കുകയും മോയ്സ്ചറൈസേഷൻ നൽകുകയും ചെയ്യുന്നു.

എണ്ണമയമുള്ള ചർമത്തിനു വേണ്ടിയാണ് ക്രീം തിരഞ്ഞെടുക്കുന്നതെങ്കിൽ എണ്ണമയം ബാലൻസ് ചെയ്യുന്നതും ചർമത്തിനു ശ്വസിക്കാൻ കഴിയുന്നതുമായ ക്രീം വേണം തിരഞ്ഞെടുക്കാൻ. മുഖക്കുരുവിന്റെ പ്രശ്നത്തിനുള്ള ക്രീം ആണു തിരഞ്ഞെടുക്കുന്നതെങ്കിൽ കെമിക്ക ൽസ് അധികമുള്ള പ്രൊഡക്ട്സ് ഒഴിവാക്കണം. അതു മാത്രമല്ല, മുഖക്കുരുവിനെ പ്രതിരോധിക്കുന്ന ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടീസ് അടങ്ങിയിട്ടുള്ളതുമായ പ്രൊഡക്ട്സ് ഉപയോഗിക്കാനും ശ്രദ്ധിക്കുക.

ഡേ ക്രീം ചർമത്തിന്റെ സ്വഭാവത്തിനനുസരിച്ചു മാത്രമല്ല ഉപയോഗിക്കുന്ന ആളിന്റെ പ്രായത്തിനനുസരിച്ചും വേണം തിരഞ്ഞെടുക്കാൻ. ഉദാഹരണത്തിന്, മുപ്പതുകളിൽ ആന്റി ഏജിങ് പ്രശ്നം ലഘൂകരിക്കുന്ന ക്രീംആണ് ഉപയോഗിക്കേണ്ടത്. ഇരുപതുകളിൽ മോയിസ്ചറൈസിങ്ങിന് പ്രാധാന്യം നൽകാം. മറ്റു ചർമപ്രശ്നങ്ങളുണ്ടെങ്കിൽ അവയ്ക്കിണങ്ങുന്നതും മറ്റു പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ക്രീം വേണം തിരഞ്ഞെടുക്കാൻ.

ചർമത്തിന്റെ കേടുപാടുകൾ തീർത്ത് പുതുക്കിയെടുക്കാൻ ഉള്ളവയാണ് നൈറ്റ് ക്രീം. 28 ദിവസം കൂടുമ്പോൾ നമുക്കെല്ലാവർക്കും പുതിയചർമം ഉണ്ടാവുന്നുണ്ട്. അതിനാൽതന്നെ ചർമത്തിനു രാത്രിയിൽ നല്ല പരിചരണം നൽകാനും മോയ്സ്ചറൈസേഷൻ ലഭിക്കാനും ചർമത്തിന്റെ ആരോഗ്യത്തിനു വേണ്ട പോഷകങ്ങൾ ലഭ്യമാക്കാനുമാണ് നൈറ്റ് ക്രീം ഉപയോഗിക്കുന്നത്.

സ്കിൻ റിപ്പയറിങ്, ഐഡിയൽ ന്യൂട്രീഷൻ, കൊളജൻ ബൂസ്റ്റിങ്, റിജുവനേഷൻ, മോയ്സചറൈസിങ്, ആന്റിഏജിങ് ഇങ്ങനെയുള്ള ഫലങ്ങളോടു കൂടിയാണ് മിക്ക ബ്രാൻഡുകളും നൈറ്റ് ക്രീം വിപണിയിലെത്തിക്കുന്നത്.

ഓരോരുത്തരുടെയും പ്രായത്തിനും ചർമത്തിന്റെ സ്വഭാവത്തിനും ചർമ പ്രശ്നങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കുന്ന തരത്തിലുമാകണം നൈറ്റ്ക്രീം തിരഞ്ഞെടുക്കേണ്ടത്.

ഹെയർ കെയർ പ്രൊഡക്ട്സ്

ഏറ്റവുമധികം ആളുകൾ ഓൺലൈനായി വാങ്ങുന്നത് ഹെയർകെയർ പ്രൊഡക്റ്റ്സ് ആണ്. ഷാംപൂ, കണ്ടീഷനർ, ഹെയർ ഓയിൽ, ഹെയർ സെറ്റിങ് പ്രൊഡക്ട്സ് എന്നിവയാണ് ഇവയിൽ പ്രധാനം.

ഷാംപൂ വാങ്ങുമ്പോൾ സൾഫേറ്റ് അടങ്ങിയിട്ടില്ലാത്ത പിഎച്ച് ബാലൻസ്ഡ് ആയത് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സൾഫേറ്റ് പോലുള്ള ചേരുവകൾ തലമുടിയെ വരണ്ടതാക്കും. മുടി വേഗം പൊട്ടിപ്പോകുകയും ചെയ്യും. ഡീപ് കണ്ടീഷനിങ് ഉള്ളവ, മോയ്സ്ചറൈസിങ് കണ്ടീഷനർ തുടങ്ങിയവ നോക്കി വാങ്ങുന്നതാണ് ഉത്തമം.

ഹെയർ ഓയിലും ബോഡി ഓയിലും വാങ്ങുമ്പോൾ മിനറൽ ഓയിൽസ് അടങ്ങിയിട്ടില്ലാത്ത വെ ർജിൻ കാറ്റഗറിയിലുള്ളവയാണ് ഉത്തമം.

വ്യാജന്മാർ ഇവിടെയുമുണ്ട്

നിലവാരം കുറഞ്ഞ ബ്രാൻഡും ഒറിജിനൽ ബ്രാൻഡിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഉൽപന്നങ്ങളും മാർക്കറ്റിൽ സജീവമായി ഉണ്ട്. നമ്മുടെ ചർമത്തിൽ ഏറെ നേരം പറ്റിയിരിക്കുന്ന ഈ സൗന്ദര്യവർധകങ്ങൾ വ്യാജ നിർമിതി കൂടി ആണെങ്കിൽ ചർമത്തിന് കേടു പറ്റാനും പെട്ടെന്ന് പ്രായം തോന്നാനും കാരണമായേക്കാം. ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

onlinddg4455

ഫൗണ്ടേഷൻ, കോംപാക്ട്

ഫൗണ്ടേഷൻ, കോംപാക്ട് എന്നിവ തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തരുടെയും ചർമത്തിന് അനുസരിച്ചാണ് തിരഞ്ഞെടുക്കേണ്ടത്. സാധാരണ ചർമമാണെങ്കിൽ ഏതു ടൈപ്പ് ഫൗണ്ടേഷനും യോജിക്കും. എണ്ണമയമുള്ള ചർമമാണെങ്കിൽ പൗഡർ ഫൗണ്ടേഷനാണ് നല്ലത്. വരണ്ട ചർമത്തിനു മോയിസ്ചറൈസിങ് ഫൗണ്ടേഷനാണ് യോജിക്കുക. മിക്സഡ് സ്കിൻ ആണെങ്കിൽ ക്രീം, ലിക്വിഡ് എന്നിവയാണ് ചേരുന്നത്.

വിവിധ ഷേഡുകൾ ഫൗണ്ടേഷനിൽ ലഭ്യമാണ്. ചർമത്തിന് ഏറ്റവും ഇണങ്ങുന്ന ഷേഡ് തിരഞ്ഞെടുത്താൽ മാത്രമേ നാചുറലായും മുഖത്തെ നിറത്തോട് യോജിച്ചും ഇരിക്കുകയുള്ളൂ.

ഒരു തവണയെങ്കിലും കടയിൽ പോയി ഇണങ്ങുന്ന ഷേഡ് തിരഞ്ഞെടുത്ത് ഉപയോഗിച്ചശേഷം ഓൺലൈനായി വാങ്ങുന്നതാകും നല്ലത്. പെർഫക്ട് ഫിനിഷ് നൽകുന്ന ബ്രാൻഡ് തന്നെ വാങ്ങുക.

ഷോപ്പിങ് സുരക്ഷിതമാക്കാം

കോസ്മെറ്റിക് പ്രൊഡക്ട്സ് ഓൺലൈൻ ആയി വാങ്ങുമ്പോൾ പൊതുവായി കുറേ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഷോപ്പിങ് സുരക്ഷിതമാക്കാം.

∙ വെബ്സൈറ്റിന്റെ ആധികാരികത വിശദമായി പ രിശോധിക്കണം. ബാക്ഗ്രൗണ്ട് വെരിഫൈ ചെയ്തു വേണം ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾ തീരുമാനിക്കാൻ.

∙ പണമിടപാടുകളിൽ സുരക്ഷിതത്വം ഉറപ്പാക്കണം. പ്രൊഡക്ട് കയ്യിൽ എത്തുമ്പോൾ പണം കൊടുക്കുന്ന ക്യാഷ് ഓൺ ഡെലിവറിയാണ് കൂടുതൽ നല്ലത്.

∙ ഷോപ്പിങ് ഇൻഫർമേഷനും പോളിസികളും കൃത്യമായി മനസ്സിലാക്കിയതിനുശേഷം മാത്രം ഓർഡർ നൽകുകയാണ് വേണ്ടത്.

∙ മിക്ക ബ്രാൻഡഡ് കമ്പനികൾക്കും റിട്ടേൺ ആൻഡ് റീഫണ്ട് പോളിസി ഉണ്ടാകും. അതനുവദിക്കാത്ത ബ്രാൻഡുകളോ ഓൺലൈൻ സൈറ്റുകളോ യഥാർഥമാകണമെന്നില്ല. സുതാര്യമായ റീഫണ്ട് പോളിസിയുള്ള ഉൽപന്നങ്ങൾക്ക് മുൻഗണന കൊടുക്കുക.

∙ പ്രൊഡക്ട്സ് വാങ്ങിയിട്ടുള്ള മുൻ ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വായിച്ചു മനസ്സിലാക്കുക. ആദ്യത്തെ ഒന്നോ രണ്ടോ റിവ്യൂസ് വായിച്ചാൽമാത്രം പോരാ വിശദമായിത്തന്നെ പരിശോധിക്കണം. കൂടുതലോ നെഗറ്റീവ് റിവ്യൂസ് അല്ലെങ്കിൽ കമൻസ് ശ്രദ്ധയിൽപെടുകയാണെങ്കിൽ അവ ഒഴിവാക്കാം.

∙ പല ഓൺലൈൻ സൈറ്റുകളിലും ഒരേ പ്രൊഡക്ടിനു തന്നെ ഒന്നിൽ കൂടുതൽ വിൽപ്പനക്കാരെ കാണാറുണ്ട്. ഓരോ സെല്ലേഴ്സിന്റെയും ആധികാരികതയും ഉപഭോക്താക്കളുടെ കമൻറുകളും പരിശോധിക്കണം.

∙ മിക്ക ബ്രാൻഡുകൾക്കും ഓരോ രാജ്യത്തെ ഗവൺമെന്റും കോസ്മെറ്റിക് റഗുലർ അതോറിറ്റിയും കർശനമായി പാലിക്കേണ്ടതും ആധികാരികത നൽകുന്നതുമായ ക്വാളിറ്റി സർട്ടിഫിക്കേഷൻസ് നൽകാറുണ്ട്. ഗുഡ് മാനുഫാക്ചറിങ് പ്രാക്ടീസ്, ഐഎസ്‌ഒ സർട്ടിഫിക്കേഷൻ എന്നിവയാണ് അവ. അതനുസരിച്ചുള്ള പ്രൊഡക്ടുകൾ മാത്രം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

∙ ഏതു പ്രൊഡക്ട് തിരഞ്ഞെടുക്കുന്നതിനു മുൻപും അതിൽ അടങ്ങിയിരിക്കുന്ന ഇൻഗ്രീഡിയൻസ് വ്യക്തമായി മനസ്സിലാക്കുക. അതു ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകില്ല എന്ന ഉറപ്പുവരുത്തുക.

∙ കൃത്യമായ ഗൈഡ് ലൈനുകൾ ഇല്ലാതെ ചർമത്തിന് നിറം നൽകുന്ന വസ്തുക്കൾ  ഒരിക്കലും വാങ്ങി ഉപയോഗിക്കരുത്. ഇൻസ്റ്റൻന്റ് വൈറ്റനിങ്, ബ്ലീച്ചിങ് ഇൻഗ്രീഡിയന്റ്‌ എന്നിവ വരുന്ന പ്രൊഡക്ട്സ് ഒഴിവാക്കുന്നതാണ് ചർമത്തിന്റെ ആരോഗ്യത്തിനു നല്ലത്.

വിവരങ്ങൾക്ക് കടപ്പാട്: ചിത്ര രാജേഷ്, എസ്തെറ്റിക് കോസ്മെറ്റോളജിസ്റ്റ്, കാർത്തിക നായർ,  പ്രഫഷനൽ ബ്യൂട്ടി കൺസൾട്ടന്റ്,കാർത്തികാസ് പ്രൊഫഷനൽ ബ്യൂട്ടി ക്ലിനിക്, കൊച്ചി.

Tags:
  • Glam Up
  • Beauty Tips