ചെറുപ്പക്കാരുടെ നിത്യ സങ്കടങ്ങളിലൊന്നാണ് മുഖക്കുരു. പല ക്രീമുകളും മരുന്നുകളും പരീക്ഷിച്ച് പരാജയപ്പെട്ടവരാകും പലരും. അതിൽ പലതും പാർശ്വഫലങ്ങളുണ്ടാക്കുന്നവയാണ്. ശ്രമങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ട് ഇനി എന്താണ് പരിഹാരം എന്ന് ചിന്തിച്ച് തല പഴുപ്പിക്കുന്നവർക്ക് മുഖക്കുരുവിനെ തുരത്താൻ ചില നാടൻ മരുന്നുകൾ പരീക്ഷിക്കാം.
1. കുങ്കുമപ്പൂവ് അരച്ച്, തേങ്ങാപ്പാലില്‍ ചാലിച്ച് മുഖത്ത് പുരട്ടാം. അരമണിക്കൂറിന് ശേഷം ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ മുഖം കഴുകണം. ഇങ്ങനെ 10 ദിവസം തുടര്‍ച്ചയായി ചെയ്യുക.
2. ഐസ് വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ് മുഖക്കുരുവുള്ള ഭാഗത്തു വയ്ക്കുക. ഇത് രണ്ടു മൂന്നു തവണ ആവര്‍ത്തിക്കുക.
3. വെളുത്തുള്ളി രണ്ടായി മുറിച്ച് മുഖക്കുരുവിൽ മൃദുവായി ഉരസുക. അഞ്ച് മിനിറ്റിനു ശേഷം ഇളംചൂടുവെള്ളത്തില്‍ മുഖം കഴുകാം. ദിവസേന പല തവണ ഇതാവര്‍ത്തിക്കാം
4. തേന്‍ പഞ്ഞിയില്‍ മുക്കി മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം ഇളംചൂടുവെള്ളത്തില്‍ മുഖം കഴുകാം.
5. രക്തചന്ദനം അരച്ച് തേനില്‍ ചാലിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. ഒരുമണിക്കൂര്‍ കഴിഞ്ഞ് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ മുഖം കഴുകാം.
6. രക്തചന്ദനവും മഞ്ഞളും മുഖക്കുരു ഉള്ള ഭാഗത്ത് അരച്ചു പുരട്ടുക. (പുരുഷന്മാര്‍ മഞ്ഞള്‍ ഒഴിവാക്കണം).
7. നന്നായി പഴുത്ത പപ്പായ തേന്‍ ചേർത്ത് മുഖത്ത് പുരട്ടാം. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
8. ആര്യവേപ്പിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം ചെറിയ ചൂടില്‍ ഇടയ്ക്കിടെ മുഖം കഴുകാന്‍ ഉപയോഗിക്കുക.
9. കനം കുറച്ച് മുറിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ മുഖക്കുരുവുള്ള ഭാഗങ്ങളില്‍ വയ്ക്കുക. 15 മിനിട്ടു ശേഷം തിളപ്പിച്ചാറിയ വെള്ളത്തില്‍ മുഖം കഴുകാം.