Tuesday 26 October 2021 03:29 PM IST : By സ്വന്തം ലേഖകൻ

‘ദിവസവും മാസ്ക് ഇടുന്നത് ശീലിച്ചാൽ മുഖം വരണ്ട് ചർമ്മകാന്തി നഷ്ടപ്പെടും’; മുഖക്കുരു ഇല്ലാതാക്കാൻ എട്ടു വഴികൾ

hard-pimples-on-her-face

പെൺകുട്ടികൾക്ക് മുഖക്കുരു എന്നും പേടിസ്വപ്നം തന്നെയാണ്. മുഖക്കുരുവിനെ പമ്പ കടത്താൻ ചില കാര്യങ്ങൾ ശീലമാക്കിയാൽ മതി. ഇതാ മുഖക്കുരു ഇല്ലാതാക്കാൻ എട്ടു വഴികൾ.

ദിവസവും രണ്ടു തവണ മുഖം കഴുകുക

മുഖം ദിവസത്തിൽ രണ്ടുതവണ തണുത്ത വെള്ളത്തിലോ ഇളം ചൂടുവെള്ളത്തിലോ കഴുകുന്നത് ശീലമാക്കുക. ഇത് മുഖത്തു പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയും അഴുക്കും നീങ്ങുകയും അനാവശ്യ എണ്ണമയം ഇല്ലാതാവുകയും ചെയ്യും.

നല്ല മോയ്സ്ചറൈസർ തിരഞ്ഞെടുക്കുക

മുഖം കഴുകിക്കഴിഞ്ഞാൽ പ്രധാനമാണ് മോയ്സ്ചറൈസർ പുരട്ടൽ. എന്നാൽ മുഖഖുരു ഉള്ളവർ മോയ്സ്ചറൈസർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. എണ്ണമയമുള്ള മോയ്സചറൈസർ മുഖക്കുരു വർധിപ്പിക്കുകയേ ഉള്ളു. അതിനാൽ ലേബലിൽ നോൻകോമിഡോജെനിക് എന്നു രേഖപ്പെടുത്തിയ മോയ്സചറൈസർ തിരഞ്ഞെടുക്കുക. ഇവ മുഖക്കുരു വർധിപ്പിക്കില്ലെന്നു മാത്രമല്ല ത്വക്കിനു നല്ലതുമാണ്.

കൈ മുഖത്ത് വേണ്ടേ വേണ്ട

കൈകൾ അണുക്കളുടെ കേന്ദ്രമാണെന്ന് അറിയുക. അതിനാൽ കൈകൊണ്ട് മുഖക്കുരുവിൽ സ്പർശിക്കാതിരിക്കുക. മുഖക്കുരു പൊട്ടിക്കാനും പാടില്ല. ഇത് മുഖക്കുരു വർധിപ്പിക്കുമെന്നു മാത്രമല്ല കറുത്ത പാടുകൾ ഉണ്ടാവുകയും ചെയ്യുകയും.

ആഴ്ചയിലൊരിക്കൽ മാസ്ക് 

ആഴ്ചയിലൊരിക്കൽ മുഖത്തു മാസ്ക് ഇടുന്നത് ചർമ്മത്തിന് വളരെ നല്ലതാണ്. നല്ല ചേരുവകൾ അടങ്ങിയ ഫെയ്സ് മാസ്കുകൾ തിരഞ്ഞെടുക്കണമെന്ന് മാത്രം. എന്നാൽ നല്ലതെന്ന് വിചാരിച്ച് മാസ്ക് ഇടുന്നത് ദിവസവും ശീലിച്ചാൽ മുഖം കൂടുതൽ വരളുകയും ചർമ്മകാന്തി നഷ്ടപ്പെടുകയും ചെയ്യും.

പരീക്ഷണം വേണ്ട

ക്രീമും പൗഡറും ലോഷനും മുഖത്തു മാറി മാറി ഉപയോഗിച്ചുള്ള പരീക്ഷണം ഒഴിവാക്കുക. ഇത് ഗുണത്തേക്കാളേറെ ദോഷങ്ങളാണ് സൃഷ്ടിക്കുക. മുഖത്തു ദ്വാരങ്ങൾ വീഴാനും ചർമ്മം വിണ്ടുകീറാനും ഈ പരീക്ഷണം മതി! തലമുടിയിൽ ഉപയോഗിക്കുന്ന അമിത സുഗന്ധമുള്ള ഉൽപ്പന്നങ്ങളും മുഖചർമ്മത്തിന് അപകടകാരികളാണ്. ആഴ്ചയിലൊരിക്കൽ തലയിണക്കവർ മാറ്റാനും ശ്രദ്ധിക്കുക.

സൂര്യതാപമേൽക്കാതെ

മുഖക്കുരു ഉള്ളവർ അമിത സൂര്യതാപമേൽക്കാതെ ശ്രദ്ധിക്കണം. അൾട്രാവയലറ്റ് കിരണങ്ങൾ മുഖക്കുരുവിനെ കൂടുതൽ ചുവന്നതാക്കുകയും വലുതാക്കുകയും ചെയ്യും. അതിനാൽ പുറത്തു പോകുമ്പോൾ സൺസ്ക്രീൻ ക്രീം പുരട്ടുന്നതിനൊപ്പം തൊപ്പിയും ധരിക്കുക.

ഭക്ഷണത്തിലും വേണം ശ്രദ്ധ

എണ്ണമയമുള്ളതും വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ മുഖക്കുരു വർധിപ്പിക്കും. ശരീരത്തിൽ എണ്ണയുടെ സാന്നിധ്യം വർധിക്കുന്നതിനനുസരിച്ച് മുഖക്കുരുവും ഉണ്ടാകും. അമിത എണ്ണമയമുള്ള ആഹാരപദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കുക. അതിനൊപ്പം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വിറ്റാമിൻ എ, വിറ്റാമിൻ ഇ, വിറ്റാമിൻ സി എന്നിവയടങ്ങിയ പഴങ്ങളും പച്ചക്കറികളുമാണ് തിരഞ്ഞെടുക്കേണ്ടത്.

ധാരാളം വെള്ളം കുടിക്കുക

വെള്ളം കുടിക്കുന്നത് മുഖത്തിന് മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. ദിവസവും എട്ടുമുതൽ പത്തു ഗ്ലാസ് വരെ വെള്ളം ശീലമാക്കിയാൽ ത്വക്ക് മിനുസമാവുകയും ചർമ രോഗങ്ങൾ ഒരുപരിധിവരെ അകലുകയും ചെയ്യും.

Tags:
  • Glam Up
  • Beauty Tips