Tuesday 11 August 2020 11:41 AM IST : By സ്വന്തം ലേഖകൻ

പ്രവീണയുടേയും മകളുടേയും തഴച്ചു വളരുന്ന തലമുടിയുടെ രഹസ്യം; വിഡിയോ

praveena

തലമുടി സമൃദ്ധമായി വളരാന്‍ എന്താണ് മാര്‍ഗം? അതൊക്കെ പാരമ്പര്യമായി കിട്ടുന്നതല്ലേ എന്ന് ചിലര്‍ വിഷമത്തോടെ പറയുന്നത് കേള്‍ക്കാം. എന്നാല്‍ പ്രത്യേക പ്രകൃതിദത്ത കൂട്ട് ഉപയോഗിച്ച് തഴച്ചു വളരുന്ന മുടി ആര്‍ക്കും സ്വന്തമാക്കാം എന്ന് പറയുകയാണ് നടി പ്രവീണ. അമൂല്യങ്ങളായ ഔഷധ സസ്യങ്ങളും ചേരുവകളും ഉപയോഗിച്ച് എണ്ണ കാച്ചുന്ന വിധം തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് പ്രവീണ പങ്കുവയ്ക്കുന്നത്.

കയ്യോന്നി, കറ്റാര്‍വാഴ, പൂവാംകുരുന്നില, കീഴാര്‍നെല്ലി, തുളസിയില, കറിവേപ്പില, ചെത്തി, പനികൂര്‍ക്ക, ചെറിയ ഉള്ളി, നെല്ലിക്ക, ഉലുവ, ചെമ്പരത്തിപ്പൂവ്, ചെറുനാരങ്ങ എന്നിവ ചേര്‍ത്താണ് എണ്ണ തയ്യാറാക്കുന്നത്.  അരികഴുകിയ വെള്ളത്തില്‍ ഇവയെല്ലാം അരച്ചെടുക്കണം. ഈ മിശ്രിതം അരിച്ചെടുത്ത് നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക. നന്നായി കുറുകി വരുമ്പോള്‍ ഇതിലേക്ക് പച്ച വെളിച്ചെണ്ണ ഒഴിക്കണം. ഇത് വീണ്ടും നന്നായി തിളപ്പിക്കുക. പതയെല്ലാം അടങ്ങി കഴിഞ്ഞ് എണ്ണ പാകമായാല്‍ അതിലേക്ക് കുരുമുളകും കര്‍പ്പൂരവും ചേര്‍ക്കാം. പിന്നീട് ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം.

തന്റെ  മകള്‍ ഗൗരിയും ഈ എണ്ണയാണ് ഉപയോഗിക്കുന്നതെന്ന് പ്രവീണ പറയുന്നു. മുടി കൊഴിച്ചില്‍, അകാല നര, താരന്‍ എന്നീ പ്രശ്‌നങ്ങള്‍ അകറ്റാനും മുടിക്ക് കറുപ്പ് നിറം ലഭിക്കാനം കരുത്തോടെ വളരാനും ഈ എണ്ണ പ്രയോജനകരമാണെന്നും പ്രവീണ പറയുന്നു.