Friday 24 September 2021 03:23 PM IST : By സ്വന്തം ലേഖകൻ

ചെരുപ്പ് വാങ്ങുമ്പോൾ ഭംഗിയേക്കാൾ പ്രാധാന്യം കംഫർട്ടിന്; ഇനി കടയിൽ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...

chapppajbjf55666

ചെരുപ്പ് വാങ്ങുമ്പോൾ ഭംഗിയേക്കാൾ പ്രാധാന്യം കംഫർട്ടിനാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുഖകരമായി ധരിക്കാൻ പറ്റുന്ന ചെരുപ്പും ഷൂസുമൊക്കെ വളരെ എളുപ്പത്തിൽ തിരഞ്ഞെടുക്കാം. കൃത്യമായ സൈസിൽ കൂടുതൽ മുറുക്കമോ അയവോ ഇല്ലാത്ത പാദരക്ഷകൾ വേണം തിരഞ്ഞെടുക്കാൻ. ഇനി കടയിൽ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ... 

രണ്ടു പാദത്തിലും

ചെരുപ്പു വാങ്ങുമ്പോൾ ഒരു പാദത്തിൽ മാത്രം ഇട്ടുനോക്കി പാകം നോക്കുന്നത് നന്നല്ല. കാരണം രണ്ടു പാദങ്ങൾക്കും തമ്മിൽ വലുപ്പവ്യത്യാസം ഉണ്ടായിരിക്കും. രണ്ടു പാദങ്ങളിലും ധരിച്ചുനോക്കി രണ്ടിലും ഇണങ്ങുന്നവ വാങ്ങണം.

നല്ല സമയം

ചെരുപ്പു വാങ്ങാൻ ഏറ്റവും യോജിച്ച സമയം ഏതാണ്? അത് വൈകുന്നേരം തന്നെ. എല്ലാവരുടേയും പാദങ്ങൾക്ക് വൈകുന്നേരത്തോടെ ഒരൽപം വലുപ്പം കൂടാറുണ്ട്. പ്രത്യേകിച്ചും മധ്യവയസുകഴിഞ്ഞവരിൽ (നീർവീക്കം). അതു കണക്കാക്കി വൈകിട്ട് പാദരക്ഷ തിരഞ്ഞെടുക്കാം.

സ്പോർട്സ് ഷൂകൾ

ജോഗിങ്ങിനും നടക്കാനും മറ്റു കായിക വിനോദങ്ങൾക്കുമൊക്കെ ധരിക്കുന്ന ഷൂസുകൾ വാങ്ങുമ്പോൾ അവയുടെ മുൻഭാഗം ഇറുകിയതാവാൻ പാടില്ല. വിരലുകൾക്കു മുമ്പിൽ അൽപം സ്ഥലം കിട്ടേണ്ടത് അനിവാര്യമാണ്. ഒരൽപം അയവുള്ളത് വാങ്ങി ലെയ്സ് പാകത്തിന് മുറുക്കി കെട്ടിയാൽ മതിയാകും.

ഷൂസും ഇൻസോളും

കട്ടിയേറിയ പ്രതലം വേദനയുണ്ടാക്കും. പ്രത്യേകിച്ചും ഷൂസ് ഉപയോഗിക്കുമ്പോൾ മാർദവമേറിയ ഇൻസോളുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അവ ഷൂസിൽ ഇല്ലെങ്കിൽ വേറെ വാങ്ങി ഉപയോഗിക്കാം. നാലു മണിക്കൂർ തുടർച്ചയായ ഉപയോഗശേഷം അൽപസമയം ഷൂസ് ഊരിയിടുന്നത് ഷൂസിനുള്ളിലെ ചൂടും വിയർപ്പും ദുർഗന്ധവും ഒഴിവാക്കും.

ചെരുപ്പുകൾ മാറാം

ഒരേ ചെരിപ്പോ ഷൂവോ തന്നെ പതിവായി ഉപയോഗിക്കുന്നതിനു പകരം ഒന്നിടവിട്ട ദിവസങ്ങളിൽ വെവ്വേറെ പാദരക്ഷകൾ ഉപയോഗിച്ചാൽ ചെരുപ്പ് ശരീരസന്തുലനത്തിൽ വരുത്തുന്ന മാറ്റത്തിന് പരിഹാരമാകും.

അലർജി 

ചെരുപ്പിന്റെ മെറ്റീരിയലുമായുള്ള (റബർ, പ്ലാസ്റ്റിക്, തുകൽ) അലർജി പ്രശ്നങ്ങൾ കാണുന്നുവെങ്കിൽ ആ മെറ്റീരിയൽ ഒഴിവാക്കി മറ്റൊന്ന് പരീക്ഷിക്കണം.

പ്രമേഹരോഗികൾ ശ്രദ്ധിക്കാം

പാദസംരക്ഷണത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടവരാണ് പ്രമേഹരോഗികൾ. മുറിവുണ്ടാകാതെ പാദങ്ങൾക്കു പൂർണസംരക്ഷണം നൽകുന്നവയാണ് അവർ ധരിക്കേണ്ടത്. പാദത്തിൽ ഉരഞ്ഞ് മുറിവുണ്ടാകാതിരിക്കാൻ മൃദുവായവ വേണം തിരഞ്ഞെടുക്കാൻ.

ഉരഞ്ഞു പൊട്ടൽ 

പുതുതായി ചെരുപ്പ് വാങ്ങുമ്പോൾ ഉരഞ്ഞു പൊട്ടുന്നത് ഒരു പതിവ് സംഭവമാണ്. പുതിയ ചെരുപ്പുകൾ അൽപം സമയം വീതം ഒന്നു രണ്ടു ദിവസം ഉപയോഗിച്ചശേഷം മാത്രം ദീർഘനേര ഉപയോഗത്തിനു ശ്രമിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാം. ഉരയുന്ന ഭാഗത്ത് അൽപം ടാൽകം പൗഡർ ഇട്ടാലും ഒരു പരിധിവരെ ഉരഞ്ഞുപൊട്ടൽ ഒഴിവാക്കാനാകും. 

Tags:
  • Glam Up
  • Beauty Tips