Saturday 22 September 2018 05:33 PM IST : By സ്വന്തം ലേഖകൻ

പ്രായം കുറച്ചു കാണിക്കാൻ എളുപ്പവഴിയുണ്ട്! ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ayur

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പ്രായം കൂടുന്നത് നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല. മനസ്സിന്റെ ചെറുപ്പം ചർമത്തിലും പ്രതിഫലിച്ചാൽ പിന്നെ, ആളുകൾ ചോദിച്ചു തുടങ്ങും, എന്താണ് ഈ അഴകിന്റെ രഹസ്യമെന്ന്. ചർമകാന്തി നിലനിർത്താൻ മോഹമുണ്ടെങ്കിൽ ഒരു കാര്യം മനസ്സിൽ വയ്ക്കുക. അഴകിലേക്ക് കുറുക്കുവഴികളില്ല.


ഒാരോ പ്രായത്തിലും  ഒരോ തരം പരിചരണമാണ് ചർമകാന്തിക്കായി  ചെയ്യേണ്ടത്. ഇത് ഫാസ്റ്റ്ഫൂഡ് കിട്ടുന്നതു പോലെ വേഗത്തിൽ കൈവരുമെന്നും കരുതേണ്ട. ചിട്ടയായ പരിചരണം, ഭക്ഷണ ക്രമം ഇവ അടങ്ങിയ ദിനചര്യയാണ് ഓരോ പ്രായക്കാർക്കും  ആയുർവേദം നിർദേശിക്കുന്നത്. ഇത് പിന്തുടരാൻ തയാറെങ്കിൽ പിന്നെ, പ്രായം പറന്നോട്ടെ. പേടിക്കേണ്ട, അഴക് കൂടെത്തന്നെയുണ്ടാകും.


കൗമാരത്തിലെ തുടിപ്പ്

1


∙ സൗന്ദര്യപരിചരണമൊന്നുമില്ലെങ്കിൽ കൂടി കൗമാരക്കാരുടെ ചർമത്തിന് നല്ല ഒഴുക്കും ഭംഗിയുമുണ്ടാകും. അതുകൊണ്ട് അധികം കരുതൽ വേണ്ടല്ലോ എന്നാണ് ചിന്തിക്കുന്നതെങ്കിൽ തെറ്റി. ഈ പ്രായം മുതൽ തുടങ്ങണം ശരിയായ പരിചരണം. പ്രധാനമായും ശ്രദ്ധിക്കേണ്ടത് നല്ല ഭക്ഷണം കഴിക്കാനും നന്നായി ഉറങ്ങാനുമാണ്. ഒപ്പം വ്യായാമവും വേണം. ഈ മൂന്നു കാര്യങ്ങൾ ശരിയായാൽ അടിസ്ഥാനമായി.


∙എന്നും രാവിലെ ഉണരുമ്പോൾ ചെറുപയറുപൊടി കൊണ്ട് മുഖം കഴുകാം.  വരൾച്ചയുണ്ടാക്കുന്ന ഫെയ്സ് വാഷും സോപ്പും ഉപേക്ഷിക്കുകയും ചെയ്യാം. അത് തരുന്ന തിളക്കം നാചുറലായി സ്വന്തമാക്കുകയുമാകാം.


∙ ഒരു വലിയ ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം കുടിച്ച് ദിവസം തുടങ്ങാം. തലേദിവസം ആറ് ഉണക്കമുന്തിരി ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർക്കാനിടുക. അടുത്ത ദിവസം  ഇതു പിഴിഞ്ഞ് വെള്ളത്തിൽ ചേർത്തു കുടിക്കാം. ആഴ്ചയിൽ മൂന്നു ദിവസം വെറും വയറ്റില്‍ ഈ വെള്ളം കുടിച്ചോളൂ.


∙ ആഴ്ചയിൽ ഒരു ദിവസം എണ്ണ തേച്ചു കുളിക്കാം. കൗമാരക്കാരിൽ ആരോഗ്യം  മെച്ചപ്പെടാനും  ചർമത്തിന് നല്ല നിറം  കിട്ടാനും ലാക്ഷാദി കുഴമ്പ്, ഏലാദി കേരം  എന്നിവ തേച്ചുള്ള   കുളി സഹായിക്കും. എണ്ണ പുരട്ടി പത്തു മിനിറ്റ് നേരം കഴിഞ്ഞ് ഇളം ചൂടു വെള്ളത്തിൽ കുളിക്കാം.


∙ എന്നും  ഉറങ്ങും  മുൻപ്  നന്നായി മുഖം കഴുകണം. വരണ്ട ചർമമുള്ളവർ പാൽ കൊണ്ടു മുഖം കഴുകുക. എണ്ണമയമുള്ള ചർമക്കാർ മോരുപയോഗിച്ച് മുഖം കഴുകിക്കോളൂ. മുഖ ത്തേക്ക് ധാര പോലെ ഒഴിച്ചശേഷം കഴുകാനായാൽ  കൂടുതൽ നല്ലത്.


∙ പുളി, എരിവ്, ഉപ്പുരസം എന്നീ രുചികൾ അമിതമാകരുത്. അച്ചാറും പപ്പടവും പതിവാക്കരുത്. എരിവും പുളിയും അധിക  മായാൽ വരണ്ട ചർമം, ആർത്തവ ക്രമക്കേട് എന്നിവയ്ക്കു കാരണമാകും. ഈ പ്രശ്നങ്ങൾ മുഖക്കുരുവിനും വഴി വയ്ക്കും അകാലനര, മുടി കൊഴിച്ചിൽ എന്നിങ്ങനെ മുടിയുടെ ആരോഗ്യത്തെയും ഭാവിയിൽ ബാധിക്കും.


∙ തവിടോടു കൂടിയ അരി, പാൽ, പയറു വർഗങ്ങൾ, ഇലക്കറികൾ, പഴവർഗങ്ങൾ എന്നിവ നിത്യവും ആഹാരത്തിൽ ഉൾപെടുത്താനായാൽ ഏറ്റവും നന്ന്. ചീരയില, മുരിങ്ങയില, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ പതിവാക്കിയാൽ ചർമം മിനുസമാകും, രക്തത്തിന്റെ അളവു കൂടി മുഖത്തിന് നല്ല തിളക്കം കിട്ടും.


∙ രക്തചന്ദനം, ചന്ദനം, മഞ്ഞൾ, പയർ എന്നിവ തുല്യഅളവിലെടുത്ത് പൊടിച്ച് ചൂടുപാലിൽ കുഴച്ച് പുരട്ടുന്നത് മുഖക്കുരുവകറ്റാൻ സഹായിക്കും. ചർമത്തിന് നല്ല നിറവും കിട്ടും.


∙ രാത്രി ഉറങ്ങും മുൻപ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ശരീരം തണുക്കാനും ദഹനം  സുഗമമാകാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.


∙ തുടർച്ചയായി ഉറക്കമിളയ്ക്കുന്നത് നല്ലതല്ല. പഠനത്തിനായാലും വിനോദത്തിനായാലും പതിവായ ഉറക്കമിളച്ചിരുന്ന് വായിക്കുന്നതും മൊബൈലിൽ സിനിമ കണ്ടിരിക്കുന്നതുമെല്ലാം കണ്ണുകളുടെ കാന്തിയെ ബാധിക്കും. ഇത്  കണ്ണുകളുടെ തിളക്കം നഷ്ടപ്പെടുത്തുമെന്നു മാത്രമല്ല. മുഖം ക്ഷീണമുള്ളതാക്കും. പരീക്ഷയുള്ളപ്പോഴും  മറ്റും  പഠനഭാരം അധികമായിരിക്കും. ഈ സമയങ്ങളിലെ വിശ്രമവേളയിൽ തുളസിയില ഇട്ടുവച്ച വെള്ളമുപയോഗിച്ച് മുഖം കഴുകാം. ചർമത്തിന് ഉൻമേഷം ലഭിക്കും.


തിളങ്ങട്ടെ യൗവനം എന്നും

2


∙ ജീവിതത്തിലെ അടുത്ത ചുവടുവയ്പ്പാണ്. അമ്മയുടെ ഓമനക്കുട്ടി ജോലിയും ഉത്തരവാദിത്തവുമായി തിരക്കിലാകും.  കല്യാണമേളവും മനസ്സിൽ കേട്ടുതുടങ്ങും. ഈ സമയത്ത് ചർമപരിപാലനത്തിൽ ഏറെ ശ്രദ്ധ വേണം. എന്നും രാവിലെ ഉണരുമ്പോൾ മുഖം കഴുകാൻ കടലമാവ് ഉപയോഗിക്കാം. ഒന്നിടവിട്ട ദിവസങ്ങളിൽ കടലമാവിനൊപ്പം അൽപം മഞ്ഞൾ പൊടിച്ചതും ചേർക്കാം.


∙ ജോലിത്തിരക്കും ഓട്ടപ്പാച്ചിലുമാകുമ്പോൾ ശരീരദുർഗന്ധം അധികമാകാം. വിയർപ്പുനാറ്റം അകറ്റാൻ വെള്ളത്തിൽ ഒരു നാരങ്ങയുടെ നീര് ചേർത്തു കുളിച്ചാൽ മതി. തുളസിയിലയോ നാൽപാമരമോ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്.


∙ മുഖക്കുരുവിന്റെ കലകളും കുഴികളും മായ്ക്കാൻ എളുപ്പവഴിയുണ്ട്. കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തിൽ നവരയരിയും പാലും ചേർത്ത് വേവിച്ചരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്തു പുരട്ടുക. 15 ദിവസം തുടർച്ചയായി ചെയ്താൽ കുഴികൾ പെട്ടെന്നു മായും. ഇത്തരം പാടുകളും കുഴികളും വന്ന് അധികനാൾ കഴിയും മുൻപേ തന്നെ ഇത് ചെയ്യണ്. വൈകിയാൽ ഇത് മാറുക ശ്രമകരമാകും.


∙ നറുനീണ്ടിക്കിഴങ്ങ്, രാമച്ചം, ജീരകം, കരിങ്ങാലി, നെന്മേനി വാകത്തൊലി എന്നിവയിലേതെങ്കിലും ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കുക. ത്വക്ക് രോഗങ്ങളെ തടയാനാകും.


∙ വരണ്ട ചർമമുള്ളവർ വരണ്ട ചർമമുള്ളവർ പാലിൽ ഏലാ      ദി ചൂർണം തേച്ചു മുഖം കഴുകുക. എണ്ണമയം അധികമുളളവർ പാലിനു പകരം ഓറഞ്ച് നീരോ നാരങ്ങാനീരോ ഉപയോഗിക്കുക.


∙ ആഴ്ചയിലൊരിക്കൽ ഉറങ്ങും മുൻപ് മുഖത്ത് ആവി പിടിക്കാം. മഞ്ഞളും ആര്യവേപ്പിലയും ചേർത്തു വെള്ളം തിളപ്പിച്ച് ആവി കൊണ്ടാൽ അണുക്കൾ നീങ്ങി ചർമം സുന്ദരമാകും.


∙ ദീർഘനേരത്തെ കംപ്യൂട്ടർ ഉപയോഗത്തിനൊപ്പം  യാത്രയും സമ്മർദവും കൂടിയാകുമ്പോൾ കണ്ണിനു ചുറ്റും കറുപ്പും വരും. ഇത് അകറ്റാൻ പാലിലോ മോരിലോ ഏലാദി ചൂർണം അരച്ചു പുരട്ടിയാൽ മതി. ഉണങ്ങിയശേഷം ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളണം.


∙ കുടമഞ്ഞളോ കസ്തൂരി മഞ്ഞളോ അരച്ചു പതിവായി പുരട്ടുന്നത് അമിത രോമവളർച്ച കുറയ്ക്കാൻ സഹായിക്കും.  


മുപ്പതിൽ പതിനേഴഴക്


∙ ഈ പ്രായത്തിൽ പോഷകക്കുറവുകള്‍ കൂടാനുള്ള സാധ്യതയുണ്ട്. എല്ലാ ദിവസും ഇലക്കറികൾ ഏതെങ്കിലും കഴിക്കണം. കാൽസ്യം അടങ്ങിയ പാലുൽപന്നവും ഒരു നേരം നിർബന്ധമായും കഴിക്കണം.


∙ മുഖമൊട്ടി പോയാൽ ബദാം കുതിർത്തത് തേങ്ങാപാലിലോ പശുവിൻ പാലിലോ അരച്ചു കവിളത്ത് പുരട്ടി മസാജ് ചെയ്താൽ മതി. ബദാം അരച്ചത് പാലിൽ ചേർത്തു തിളപ്പിച്ചു കുടിക്കുന്നതും നല്ലതാണ്.


∙ കുങ്കുമാദി ലേപം, ഏലാദി ലേപം എന്നിവ  പതിവായി പുരട്ടിയാൽ ചർമത്തിലെ കറുത്ത പാടുകളും കുത്തുകളും അകലും.


∙ എന്നും ഉറങ്ങും മുൻപ് ഉരുളക്കിഴങ്ങ് അല്ലെങ്കിൽ വെള്ളരി വട്ടത്തിൽ അരിഞ്ഞ് കണ്ണിനു മുകളിൽ വയ്ക്കാം. ഇവ അരച്ചു പുരട്ടി കണ്ണിനു ചുറ്റും പുരട്ടി പത്തു മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാലും മതി.

നാൽപതു കഴിഞ്ഞാൽ

∙ ആർത്തവവിരാമത്തോടെ സ്ത്രീകളിൽ പലവിധ ചർമപ്രശ്നങ്ങളും വരും. എല്ലാ ദിവസവും അര ചെറിയ സ്പൂൺ ത്രിഫല ചൂർണം കാൽ ചെറിയ സ്പൂൺ തേൻ ചേർത്തു കഴിക്കുന്നത്  കണ്ണിന്റെയും ത്വക്കിന്റെ ആരോഗ്യത്തിനു നല്ലതാണ്.


∙ രാത്രി ഉറങ്ങും മുൻപ് ശതാവരിക്കിഴങ്ങ് അരച്ചതു ചേർത്ത് പാൽ തിളപ്പിച്ചു കുടിക്കാം. ആർത്തവവിരമാത്തിനു ശേഷമുള്ള ചൂട്, അമിത വിയർപ്പ് എന്നിവ മാറും.


∙ എണ്ണ തേച്ചുകുളി ഈ പ്രായത്തിൽ വളരെ ആവശ്യമാണ്. ഉൻമേഷം ലഭിക്കാനും രക്തയോട്ടം വർധിക്കാനും ശരീരത്തിലെ ചുളിവുകള്‍ അകലാനുമെല്ലാം എണ്ണ പുരട്ടി മസാജ് ചെയ്തശേഷം കുളിക്കുന്നത് നല്ലതാണ്. ധന്വന്തരം കുഴമ്പ് തേച്ചു കുളിക്കാം. ശരീരത്തിന് ചൂടുള്ളവർ പിണ്ഡതൈലം തേച്ചു കുളിക്കുക.


∙ ചുളിവുകളുള്ള ഭാഗത്ത് വെണ്ണയോ, നല്ലെണ്ണയോ, പാൽപ്പാടയോ പുരട്ടി മെല്ലെ തടവുന്നതും പപ്പായ അരച്ചുപുരട്ടി ഉണങ്ങി വരുമ്പോൾ മെല്ലെ തടവുന്നതും നല്ലതാണ്.


∙ പ്രായമായവരിൽ കാണുന്ന ചെറിയ കറുത്ത തടിപ്പ് വരുന്നതകറ്റാൻ എരിക്കിന്റെ കറ മൂന്നു ദിവസം അടുപ്പിച്ച് വച്ചു കൊടുത്താൽ മതി. അടർന്നു പോയശേഷം വെളിച്ചെണ്ണ പുരട്ടാം.

വിവരങ്ങൾക്കു കടപ്പാട്
ഡോ. ബി. ശ്യാമള
പ്രഫസർ, വൈദ്യരത്നം ആയുർവേദ കോളജ്,
ഒല്ലൂർ, തൃശ്ശൂർ