Thursday 13 September 2018 05:12 PM IST : By സ്വന്തം ലേഖകൻ

ഈർപ്പം കൈകാലുകളിലെ ചർമത്തെ ബാധിക്കുന്നുണ്ടോ?; ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

skin

മഴ പെയ്തു തുടങ്ങുന്നതോെട പലതരം ചർമരോഗങ്ങളും തലപൊക്കും. മഴ പെയ്യുമ്പോഴുള്ള  ഈർപ്പമാണ് ഇവയ്ക്കു കാരണമാകുക. മഴക്കാലത്ത് പൊതുവായി കാണുന്ന ചില ചർമരോഗങ്ങളെക്കുറിച്ചറിയാം.


ൈകകാലുകൾക്കു വേണം പരിചരണം


ഷൂസും സോക്സുമിട്ട് സ്കൂളിൽ പോകുന്ന കുട്ടികളുെട  െെക കാലുകളില്‍ അണുബാധയ്ക്കുള്ള സാധ്യത ഏറെയാണ്. മഴയത്ത് നനഞ്ഞ് സ്കൂളിലെത്തുന്ന കുട്ടികൾ വൈകുന്നേരം വരെ കാലുകളിൽ ഈർപ്പവുമായി ഇരിക്കേണ്ടി വരാറുണ്ട്. ഇ ത് ആരോഗ്യകരമല്ല.


കാലിലെയും ചിലപ്പോൾ കയ്യിലെയും വിരലുകൾക്കിടയിൽ ഈർപ്പം തങ്ങി നിന്ന് വെളുത്ത പാടുകളായി മാറാം. വളരെ സാധാരണയായി കാണുന്ന ഒന്നാണിത്. ആദ്യം പാടുകളായി വന്ന് കുരുക്കളായി മാറി പൊട്ടിയൊഴുകും. േവദനയുമുണ്ടാകും. പ്രമേഹരോഗികൾക്ക് കാൻഡിഡൽ ഇന്റർ ട്രിഗോ എന്നറിയപ്പെടുന്ന ഈ അവസ്ഥ കൂടുതൽ വേദനയുള്ളതായിരിക്കും. അഴുക്കു വെള്ളത്തിൽ നടക്കേണ്ട സാഹചര്യമുണ്ടായാൽ വീട്ടിലെത്തിയ ഉടൻ ശുദ്ധജലത്തിൽ കാലുകൾ കഴുകി വൃത്തിയാക്കിയ ശേഷം വിരലുകൾക്കിടയിലെ വെള്ളം ഒപ്പിയെടുത്ത് ഉണക്കണം. ഡോക്ടറുടെ നിർദേശമനുസരിച്ചുള്ള ഏതെങ്കിലും ആന്റീ ഫംഗൽ ക്രീമോ പൗഡറോ പുരട്ടാം.


നഖത്തിലുണ്ടാകുന്ന ഫംഗസ്, ബാക്ടീരിയൽ അണുബാധയും മഴക്കാലത്ത് ഏറെപ്പേരെ വലയ്ക്കാറുണ്ട്. കൂടുതൽ സമയം വെള്ളവുമായി സമ്പർക്കമുണ്ടാകുന്നതുകൊണ്ടാണിതും ഉണ്ടാകുന്നത്. നഖം വിണ്ടു കീറുകയും നഖത്തിന് നിറവ്യത്യാസമുണ്ടായി മഞ്ഞയാകുകയും ചെയ്യും.  നഖത്തിനു ചുറ്റുമുള്ള ചർമഭാഗത്താണ് ആദ്യം അണുബാധയുണ്ടാകുക. ഇതിന്റെ ഫലമായി ചർമം തടിച്ചു വീർത്ത് കാണപ്പെടും. ഇത് ക്രമേണ നഖത്തിലേക്കും പടരും. കൂടുതൽ നേരം വീട്ടുജോലികൾ ചെയ്യുന്ന സ്ത്രീകളിലും ജ്യൂസ് കടകളിൽ ജോലിചെയ്യുന്നവരിലും മറ്റും ഇത് കൂടുതലായി കാണാറുണ്ട്. ചർമത്തിലേതിനെ അപേക്ഷിച്ച് നഖത്തിലുണ്ടാകുന്ന അണുബാധകൾ ചികിത്സിച്ചു മാറ്റാന്‍ ബുദ്ധിമുട്ടാണെന്നു മാത്രമല്ല, കാലതാമസവുമെടുക്കും. നഖത്തിൽ അണുബാധയുണ്ടായാൽ എത്രയും വേഗം ചികിത്സ തേടണം. തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ പോലും അണുബാധ ഭേദമാകാൻ മൂന്നു മുതൽ ആറു മാസം വരെ സമയമെടുക്കും. വൈകുന്തോറും ഈ കാലഘട്ടം കൂടാനിടയുണ്ട്. രക്തത്തിലേക്ക് അണുബാധ പടരാനും സാധ്യത കൂടും. പ്രമേഹമുള്ളവർക്കു ചികിത്സ ബുദ്ധിമുട്ടാകും.


കൈകാലുകളിൽ ദീർഘനേരം ഈർപ്പം തട്ടുന്നവരിൽ ഉ ള്ളം കയ്യിലെയും കാലിനടിയിലെയും ചർമം ഇളകുന്നതാണ്  മറ്റൊരു പ്രശ്നം. വെള്ളത്തിൽ കൂടുതൽ നേരമിരിക്കുമ്പോ ൾ ചർമം കുതിർന്ന് അതിന്റെ ഘടന നഷ്ടമാകുന്നതുകൊണ്ട് ചർമം ഇളകുന്നതോടൊപ്പം ചർമത്തിന് ചുവപ്പു നിറവും അസഹ്യമായ ചൊറിച്ചിലും ഉണ്ടാകാം.


മഴക്കാലത്ത് എളുപ്പത്തിൽ വൃത്തിയാക്കാൻ പറ്റുന്ന തരം ചെരുപ്പുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇറുകിക്കിടക്കുന്ന ചെരുപ്പുകൾക്കിടയിൽ അഴുക്ക് തങ്ങി നിന്നാൽ ചർമരോഗങ്ങൾക്ക് സാധ്യത കൂടും.


 സ്റ്റിറോയിഡുകൾ അടങ്ങിയ മരുന്നുകൾ നഖത്തിലെ അണുബാധയ്ക്കായി ഒരിക്കലും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ‘കാൻഡിഡ്’ പോലെ സ്റ്റീറോയിഡ് അടങ്ങിയ തുള്ളി മരുന്നുകൾ തൽക്കാലത്തേക്കു ശമനം നൽകുമെങ്കിലും മരുന്നിന്റെ ഉപയോഗം നിർത്തുമ്പോൾ അസുഖം കൂടാനുള്ള സാധ്യതയുണ്ട്.  


പുറത്തു പോയി വീട്ടിൽ വന്നു കയറുമ്പോൾ കാർപെറ്റിൽ വെറുതെ കാൽ തുടച്ചാൽ മാത്രം  കാലിനിടയിലെ  അഴുക്ക് പോകില്ല.  കാലുകൾ കഴുകി വൃത്തിയാക്കിയ ശേഷം നനവൊപ്പി മാറ്റണം. കൈകാലുകൾ എപ്പോഴും കഴുകിത്തുടച്ചു വൃത്തിയാക്കിയാൽ അണുബാധ അകറ്റി നിർത്താമെന്നോർക്കുക.  


വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ജി. നന്ദകുമാർ
പ്രഫസർ ഓഫ് പത്തോളജി
ഗവൺമെന്റ് മെഡിക്കൽ കോളജ്, തിരുവനന്തപുരം