Monday 11 July 2022 05:04 PM IST : By സ്വന്തം ലേഖകൻ

‘ക്ലെൻസിങ്ങിലൂടെ നീങ്ങാത്ത അഴുക്കുകൾ പോലും പൂർണ്ണമായും ഇല്ലാതാകും’; ആവി പിടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം

face-steamer-Images

ഫേഷ്യൽ മാസ്കുകളും ക്രീമുകളും മാറിമാറി പരീക്ഷിച്ചിട്ടും മുഖത്തിനു മാറ്റമൊന്നും തോന്നുന്നില്ലേ? എന്നാൽ ഉടൻ തയാറായിക്കോളൂ, ഒട്ടും ചിലവില്ലാത്ത സൗന്ദര്യ സംരക്ഷണത്തിനായി. മറ്റൊന്നുമല്ല മുഖത്ത് ആവി പിടിക്കൽ തന്നെയാണ് മുഖചർമ്മത്തിന് ഏറ്റവും ഉത്തമം. ആവി പിടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും ആവി പിടിക്കേണ്ടത് എങ്ങനെയാണെന്നുമുള്ള നിർദ്ദേശങ്ങളിതാ..

ആവി പിടിക്കുന്നതിന്റെ ഗുണങ്ങൾ

∙ ആവി പിടിക്കുന്നതിലൂടെ മുഖത്തെ രക്തചംക്രമണം വർധിക്കുകയും ഇതുവഴി ഫേഷ്യൽ ടിഷ്യൂവിലേക്ക് ധാരാളം ഓക്സിജനും ന്യൂട്രിയൻസും കടക്കുകയും ചെയ്യും. ഇത് മുഖത്തിന്റെ തിളക്കം വർധിപ്പിക്കും

∙ ആവി പിടിക്കുമ്പോൾ മുഖം വിയർക്കുന്നു. ഇതിലൂടെ മുഖത്ത് അടിഞ്ഞുകൂടുന്ന അഴുക്കും മറ്റു പൊടിപടലങ്ങളുമെല്ലാം നീങ്ങും. 

∙ ഫെയ്സ് മാസ്കോ ക്ലെൻസിങ് മിൽക്കോ ഉപയോഗിച്ചാൽ പോലും നീങ്ങാത്ത അഴുക്കുകൾ ആവി പിടിക്കുന്നതിലൂടെ ഇല്ലാതാകും.

∙ ആവി പിടിക്കുന്നതു വഴി മുഖോപരിതത്തിലെ നിർജീവമായ തൊലി ഇല്ലാതാകുകയും തിളക്കമുള്ള ചർമ്മം പ്രധാനം ചെയ്യുകയും ചെയ്യും. കൂടാതെ മുഖത്തെ കറുത്തതും വെളുത്തതുമായുള്ള എല്ലാ പാടുകളും ഇല്ലാതാകും.

∙ മുഖക്കുരു അകലാനായി ആവിപിടിച്ചതിനു ശേഷം ഒരു മുപ്പതു മിനുട്ടു കഴിഞ്ഞാൽ എസ്ക്യെൂബ് മുഖത്തും പുരട്ടാം. 

ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ ഫേഷ്യൽ സ്റ്റീമറിൽ ആവി പിടിക്കുന്നതിന് ഉത്തമമായ ചൂട് 43 ഡിഗ്രി സെൽഷ്യസ് ആണ്.

∙ ഫേഷ്യൽ സ്റ്റീമർ ഇല്ലാത്ത സാഹചര്യത്തിൽ വലിയ വട്ടമില്ലാത്ത പാത്രത്തിൽ വെള്ളം തിളപ്പിച്ച് ആവികൊള്ളാം. മുഖം ഒരു തുണികൊണ്ടു മറച്ച് ആവി പുറത്തു പോവാതിരിക്കാൻ ശ്രദ്ധിക്കണം.

∙ ആവി പിടിക്കുന്നതിനു മുമ്പായി മുഖം വൃത്തിയായി കഴുകണം. മുഖത്തെ മേയ്ക്കപ്പ് പൂർണമായും നീക്കിയെങ്കിൽ മാത്രമേ അഴുക്കുകളും പൂർണമായും നീങ്ങുകയുള്ളു.

∙ ആര്യവേപ്പിന്റെ ഇല, തുളസി, നാരകത്തിന്റെ ഇല തുടങ്ങിയവ ആവിപിടിക്കുന്ന വെള്ളത്തിൽ ഇടുന്നത് നല്ലതാണ്.

∙ ആവി പിടിക്കുന്ന വസ്തുവിൽ നിന്നായി നിശ്ചിത അകലം പാലിക്കാൻ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം മുഖം പൊള്ളാനിടയുണ്ട്.

∙ അഞ്ചു മുതൽ പത്തു മിനുട്ടു വരെയാണ് ആവി പിടിക്കേണ്ട ശരിയായ സമയം. എന്തെങ്കിലും അസ്വസ്ഥത തോന്നുമ്പോൾ മുഖത്തു നിന്നും അൽപസമയത്തേക്ക് ടവൽ മാറ്റി നല്ല വായു കൊള്ളിക്കാം.

∙ മാസത്തിൽ രണ്ടു പ്രാവശ്യം മാത്രം ആവികൊള്ളാൻ ശ്രദ്ധിക്കുക. അമിതമായാൽ ചർമം വരളുകയും വിണ്ടുകീറുകയും ചെയ്യും. ചൂട് അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം. ഇതും മുഖചർമ്മത്തെ ദോഷകരമായി ബാധിക്കും.

Tags:
  • Glam Up
  • Beauty Tips