Tuesday 23 January 2018 10:42 AM IST : By മനോരമ ലേഖിക

ശരീരത്തിലെ ടാറ്റൂ മായ്‌ക്കാൻ ലേസർ ചികിത്സ; അറിയേണ്ടതെല്ലാം

tattoo-001

ടാറ്റൂ എന്നും യുവാക്കളുടെ ഹരമാണ്. ശരീരത്തിൽ മുഴുവൻ പച്ചകുത്തുന്ന സ്റ്റൈലിനു നമ്മുടെ കൊച്ചിയിൽ അത്ര പ്രചാരമില്ലെങ്കിലും  കയ്യിലോ കാലിലോ കഴുത്തിലോ ഒക്കെ ടാറ്റൂ വരയ്ക്കുന്ന ആളുകളുടെ എണ്ണം നാൾക്കുനാൾ കൂടുന്നുണ്ട്. ടാറ്റുവിന്റെ കാര്യത്തിൽ നഗരത്തിൽ ആൺപെൺ വ്യത്യാസമില്ല. എന്നാൽ ഇന്നു ടാറ്റൂ ട്രെൻഡിനെപ്പോലെ നഗരത്തിൽ വ്യാപകമാകുകയാണു ടാറ്റൂ കളയൽ ചികിൽസയും. ‘ലേസർ ടാറ്റൂ റിമൂവിങ്’ എന്ന ആധുനിക ചികിൽസ ഇന്നു നഗരത്തിലെ പ്രമുഖ ആശുപത്രികളിലുണ്ട്. ട്രെൻഡ് മാറുന്നതിനനുസരിച്ചു ഡിസൈൻ മാറ്റാൻ മാത്രമല്ല, പ്രതിരോധം അടക്കമുള്ള ചില മേഖലകളിലെ ജോലിക്കു, പുറത്തുകാണുന്ന രീതിയിൽ ടാറ്റൂ അനുവദിക്കാത്തതും ടാറ്റൂ മായ്ക്കലിനു പ്രചാരം കൂടാൻ കാരണമാകുന്നു.

ടാറ്റൂ മാറ്റാനും കൊച്ചി മുന്നിൽ

ടാറ്റൂ മാറ്റാൻ നഗരത്തിലെ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതായി ത്വക്കുരോഗ വിദഗ്ധർ പറയുന്നു. ടാറ്റൂവിന്റെ കാര്യത്തിൽ കേരളത്തിൽ ഒന്നാമതുള്ള നഗരവും കൊച്ചിയാണ്. കോളജ് പഠനകാലത്തു ശരീരത്തിൽ പച്ചകുത്തുന്നവർ ജോലിയിലേക്കു പ്രവേശിക്കുമ്പോൾ ടാറ്റൂ മാറ്റുന്നത് ഇന്നു വ്യാപകമാണ്. പ്രതിരോധ മേഖലയിലും ഹോസ്പിറ്റാലിറ്റി മേഖലയിലും ടാറ്റൂ അനുവദിക്കാറില്ല. തൊലിയിൽ ആഴമായി പതിയുന്ന പെർമനന്റ് ടാറ്റൂവിങ്ങാണ് എല്ലാവരും ഉപയോഗിക്കുന്നത്. ഇത്തരം ടാറ്റൂകൾ ശരീരത്തിൽ നിന്നു പാടുകൾ പോലും അവശേഷിക്കാതെ മാറ്റണമെങ്കിൽ ലേസർ ട്രീറ്റ്മെന്റ് വേണം. മൂന്നു മുതൽ 12 തവണ വരെ ലേസർ ട്രീറ്റ്മെന്റ് ചെയ്താലേ ടാറ്റൂ മാഞ്ഞുപോകൂ.

ടാറ്റൂവിനേക്കാൾ ചെലവ്


ടാറ്റൂ മാറ്റാൻ ടാറ്റൂവിനേക്കാൾ ചെലവേറും. ചില ടാറ്റൂകൾ മാറണമെങ്കിൽ (നിറവും വലുപ്പവും അനുസരിച്ച്) ടാറ്റൂ ചെയ്യുന്നതിനേക്കാൾ 10 മടങ്ങു പണം ചെലവാകുമെന്നു ഡോക്ടർമാർ പറയുന്നു. പ്രത്യേക ക്രീം പുരട്ടിയതിനു ശേഷം മാത്രം ലേസർ ചികിൽസ ചെയ്യുന്നതിനാൽ വേദന ഉണ്ടാകില്ല.

പ്രണയത്തേക്കാളേറെ ആഴം

വിവാഹം തീരുമാനിക്കുന്നതോടെ ടാറ്റൂ മായ്ക്കാനെത്തുന്നവരാണു നഗരത്തിൽ കൂടുതലെന്നു ഡോക്ടർമാർ പറയുന്നു. പ്രണയിച്ചയാളുടെ പേരുള്ള ടാറ്റൂവുമായി വേറൊരാളെ വിവാഹം കഴിച്ചാൽ പണി പാളില്ലേ, അതുതന്നെ കാര്യം. പ്രണയിതാക്കളുടെ പേരോ, പേരിന്റെ ആദ്യാക്ഷരമോ മായ്ക്കാൻ എത്തുന്നവരാണ് ഏറെയും.

കുത്തിയത് അങ്ങനെയൊന്നും മായില്ല

ഡോ. സൗമ്യ ജഗദീശൻ. അസോഷ്യേറ്റ് പ്രഫസർ– ഡെർമറ്റോളജി വിഭാഗം. അമൃത ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസ് കൊച്ചി. അത്ര എളുപ്പത്തിലൊന്നും  മാഞ്ഞുപോകില്ല, തൊലിയിൽ ആഴത്തിൽ പതിഞ്ഞ ടാറ്റൂ. രണ്ടു മാസം മുതൽ എട്ടുമാസം വരെ ചിലപ്പോൾ ട്രീറ്റ്മെന്റ് ആവശ്യമായി വരും. ടാറ്റൂവിന്റെ നിറം നോക്കിയാണ് ഏതുതരം ലേസർ ചികിൽസയാണു വേണ്ടതെന്നു തീരുമാനിക്കുന്നത്. കടും നിറങ്ങൾ മായാൻ 12 സെഷനുകൾ വേണ്ടിവരും. ഒരു സെഷൻ കഴിഞ്ഞാൽ മൂന്ന് ആഴ്ച ഇടവേള കഴിഞ്ഞേ അടുത്ത സെഷൻ നടത്താനാകൂ. ക്യു–സ്വിച്ച്ഡ് എൻഡി (Q-Switched Nd),  യാഗ് (YAG) തുടങ്ങിയ ലേസറുകളാണു സാധാരണ ഉപയോഗിക്കുന്നത്. ചിലർക്ക് ഒന്നിലേറെ ലേസറുകൾ ചേർത്തുള്ള ചികിൽസ വേണ്ടിവരും.

കൂടുതൽ വായനയ്ക്ക്