Wednesday 10 January 2018 04:54 PM IST : By സ്വന്തം ലേഖകൻ

‘അത്തറൊന്നു വേണ്ടേ...’ഇതാ അത്തറിനെക്കുറിച്ചും ഊദിനെക്കുറിച്ചും ചില സുഗന്ധമുള്ള സത്യങ്ങൾ

athar

‘തട്ടമിട്ടുഞാൻ കാത്തുവച്ചൊരീ മുല്ലമൊട്ടിലൂറും...അത്തറൊന്നു വേണ്ടേ...’ അത്തറിനെ സൗരഭ്യം നിറയുന്ന ഓർമകയായി ഓർത്തെടു്കകാറുണ്ട് പല കവികളും. പാട്ടെഴുത്തുകാരുടെ പ്രണയങ്ങൾക്ക് പണ്ടും അത്തറിന്റെ സൗന്ദര്യമുണ്ടായിരുന്നു. അറബി നാട്ടിൽ നിന്ന് എത്തി മലയാളികളുടെ പ്രിയപ്പെട്ട വസ്തുവാകാൻ അത്തറിന് എളുപ്പം കഴിഞ്ഞു. ദീർഘനേരം നീണ്ടു നിൽക്കുന്ന, മനം നിറയ്ക്കുന്ന ഗന്ധമാണ് അത്തറിനെ മറ്റെല്ലാ സുഗന്ധദ്രവ്യങ്ങളേക്കാളും പ്രിയപ്പെട്ടതാക്കുന്നത്. ബ്രാൻഡഡ് പെർഫ്യൂമുകളൊക്കെ ജനിക്കുന്നതിനും എത്രയോ നാൾ മുമ്പേ സുഗന്ധത്തിനായി അത്തർ ഉപയോഗിച്ചു തുടങ്ങിയിരുന്നു.

അറബി നാടുകളിലാണ് അത്തറിന് കൂടുതൽ ഡിമാന്റ്. അറബിയിൽ അത്തർ എന്നാൽ ‘മരുന്നു വ്യാപാരി’, ‘സുഗന്ധവസ്തു വിൽപനക്കാരൻ’ എന്നിങ്ങനെയൊക്കെയാണ് അർഥം. പൂക്കൾ വാറ്റിയെടുക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ക്കെല്ലാം പൊതുവേ അത്തർ എന്നാണ് പറയാറ്. കേരളത്തിൽ മലബാർ മേഖലയാണ് ഈ സുഗന്ധത്തിന്റെ കലവറ.

രാമച്ചം, മുല്ല, ചന്ദനം എന്നിവയെല്ലാം ആകർഷകങ്ങളായ അത്തർ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. സുഗന്ധം കൂടുതല്‍ സമയം നിലനിൽക്കുന്നതിനായി ഈ സത്ത് മണമില്ലാത്ത വൈറ്റ് ഓയിലിൽ യോജിപ്പിച്ചാണ് അത്തറായി ഉപയോഗിക്കുന്നത്.

ഓട്ടോ ഡിസ്റ്റിലേഷൻ എന്ന പ്രക്രിയ വഴി പൂക്കൾ, കമ്പുകൾ, വേരുകൾ, തടി, ഇല എന്നിവ വാറ്റിയെടുത്ത് നിർമിക്കുന്ന അത്തറിന് സാന്ദ്രത കൂടുതലായിരിക്കും. അതുകൊണ്ട് ചെറിയ അളവില്‍ ഉപയോഗിച്ചാൽ മതിയാകും. പത്തു മില്ലി ലിറ്ററിന് നാൽപത് രൂപ മുതൽ പതിനായിരത്തിലേറെ വരെ വില വരുന്ന അത്തറുകളുണ്ട്. ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്തതിനാൽ ഇതിന് പാർശ്വഫലങ്ങളില്ല. ശരീരത്തിനോ വസ്ത്രങ്ങൾക്കോ ദോഷം വരികയുമില്ല. ഏതു കാലാവസ്ഥയ്ക്കും അനുയോജ്യവുമാണ്.

athar2

വേണം അൽപം ശ്രദ്ധ


കൈകളിലും കൈപ്പത്തിയുടെ താഴെയായി ഉൾഭാഗത്തും ചെവിയുടെ പുറകിലുമാണ് അത്തർ പുരട്ടേണ്ടത്. ശരീരം മുഴുവൻ പുരട്ടുന്ന രീതി നല്ലതല്ല.

∙ അത്തർ നിർമിക്കാൻ ചന്ദനത്തൈലവും ഊദിന്റെ തൈലവുമൊക്കെയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ പെട്രോളിയം ഉൽപന്നമായ പാരഫിൻ വാക്സ് ഉപയോഗിച്ച് കൃത്രിമമായി അത്തർ നിർമിക്കാറുണ്ട്. കൃത്രിമ വസ്തുക്കള്‍ ചേർത്തുണ്ടാക്കിയ അത്തർ തുടർച്ചയായി ഉപയോഗിക്കുന്നത് അലർജി പോലുള്ള ചർമ രോഗങ്ങൾക്ക് കാരണമാകാം.

∙അത്തർ അമിതമായി ഉപയോഗിക്കുകയോ, ഗുണനിലവാരമില്ലാത്തവ ഉപയോഗിക്കുകയോ ചെയ്താൽ പുരട്ടുന്ന ഭാഗത്ത് ചൊറിച്ചിൽ, ചുവപ്പുനിറം, നീറ്റൽ, പൊള്ളൽ, എന്നിവ ഉണ്ടാകാം. അത്തർ വാങ്ങുമ്പോൾ ചെറിയ അളവിൽ ശരീരത്തിൽ പുരട്ടി നോക്കി പ്രശ്നങ്ങളൊന്നും ഇ ല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം വാങ്ങുക. ∙

ഊദിന്റെ പെരുമ

അത്തർ വിപണിയിൽ മിന്നും താരമാണ് ഊദ്. സുഗന്ധദ്രവ്യമായ ഊദിൽ നിന്നെടുക്കുന്ന അത്തറിന് വിപണിയിൽ ആവശ്യക്കാരേറെ. ദൈവത്തിന്റെ സ്വന്തം മരമെന്നാണ് ഊദ് അറിയപ്പെടുന്നത്. ആത്മാവിന്റെ ഭക്ഷണമാണ് ഊദ് എന്നാണ് ഇസ്ലാം വിശ്വാസം.

അറബി നാട്ടിൽ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ഈ സുഗന്ധദ്രവ്യം. വീട്ടിലായാലും പൊതുസ്ഥലങ്ങളിൽ ആയാലും ഊദ് പുകച്ചുകൊണ്ടാണ് ദിവസം ആരംഭിക്കുന്നതു തന്നെ. പ്രാർഥനാലയങ്ങളിലും ഊദ് പുകയ്ക്കാറുണ്ട്.

ചിതലെടുത്ത തടിക്കഷ്ണംപോലെ കാഴ്ചയിൽ തോന്നുന്ന ഊ ദിന് സ്വർണത്തേക്കാള്‍ വിലയുണ്ട്. ഗുണമേന്മ അനുസരിച്ച് കിലോഗ്രാമിന് രണ്ടായിരം മുതൽ നാലു ലക്ഷം വരെയാണ് വി ല. കിലോക്കണക്കിന് ഊദ് വാറ്റിയാലേ ഒരു ലിറ്റർ ഊദിന്റെ അത്തർ കിട്ടൂ.