തടിച്ചുവീർത്തു തണ്ണിമത്തൻ പോലിരിക്കുന്ന കവിളുകളാണോ നിങ്ങളുടേത്? സെൽഫിയിലും ഫോട്ടോയിലുമൊക്കെ മുഖം കൂടുതൽ വലുപ്പമുള്ളതായി തോന്നുന്നുണ്ടോ? യഥാർത്ഥത്തിൽ ശരീരഭാരം കുറച്ചാൽ മാത്രമേ മുഖത്തിന്റെ വണ്ണവും കുറയൂ. അതേസമയം ചില മേക്കപ്പ് ടെക്നിക്‌സിലൂടെ മുഖം ചെറുതും ഷേപ്പുമുള്ളതായി തോന്നിപ്പിക്കാൻ സാധിക്കും. അത്തരത്തിൽ കവിളുകളുടെ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് കിടിലൻ ബ്യൂട്ടി ടിപ്‌സുകളാണ് താഴെ പരിചയപ്പെടുത്തുന്നത്.
1. കോൺടോർ (Contour)
മുഖത്തിന്റെ ഷേപ്പ് മനോഹരമായി കാണിക്കാൻ സഹായിക്കുന്ന ഒന്നാണ് കോൺടോർ മേക്കപ്പ്. നീളം കൂടിയ മൂക്കുകളുടെ നീളം കുറയ്ക്കാനും തടിച്ച മൂക്കുകളുടെ വലുപ്പം കുറയ്ക്കാനും തടിച്ച കവിളുകൾ മെലിഞ്ഞു സുന്ദരമായി തോന്നാനും ഈ രീതി പരീക്ഷിക്കാം. യഥാർത്ഥത്തിൽ മാജിക് മേക്കപ്പ് രീതിയാണ് കോൺടോർ. കവിളിന്റെ രണ്ട് വശങ്ങളിലും ഡാർക്ക് ടോൺ ഉപയോഗിച്ച് നീളത്തിൽ വരയ്ക്കുക. ഇതിനെ മുകളിൽ നിന്നും താഴേക്ക് ബ്ലൻഡ് ചെയ്യാം. ഇരുവശങ്ങളിലും ബ്ലൻഡ് ചെയ്യുമ്പോൾ കവിളുകളുടെ വണ്ണം കുറഞ്ഞതുപോലെ തോന്നും.
സാധാരണ അണിയുന്ന സ്കിൻ ടോണിന്റെ ഡാർക്ക് നിറത്തിലുള്ള ഫൗണ്ടേഷൻ പൗഡർ വേണം ഇതിനായി തിരഞ്ഞെടുക്കാൻ. വെളുത്ത സ്കിൻ ടോണുള്ളവർ അവർ ഉപയോഗിക്കുന്ന നിറത്തിന്റെ അടുത്ത ഡാർക്ക് ഷേഡ് തിരഞ്ഞെടുക്കണം. സ്കിൻ ടോണുമായി വലിയ മാറ്റമുള്ള നിറങ്ങൾ കോൺടോർ ചെയ്യാനായി ഉപയോഗിക്കരുത്. മുഖത്തിന്റെ ആകൃതി മാറ്റാൻ ആഗ്രഹിക്കുന്നവർ ഡാർക്ക് ഷേയ്ഡും ലൈറ്റ് ഷേയ്ഡും ഫൗണ്ടേഷനുകൾ മേക്കപ്പ് കിറ്റിൽ കരുതാൻ മറക്കേണ്ട.
2. മുടി കെട്ടുന്നതിലെ മാന്ത്രികത
വട്ടത്തിലുള്ള തുടുത്ത മുഖമാണ് നിങ്ങളുടേതെങ്കിൽ മുടി ലെയറായി വെട്ടി മുഖത്തിന്റെ ഇരുവശത്തുമായി ഇടുന്നതാണ് നല്ലത്. അതേസമയം നിങ്ങളുടേത് ചുരുണ്ട മുടിയാണെങ്കിൽ മുഖത്തിന്റെ വലുപ്പം ഒന്നുകൂടി പെരുപ്പിച്ചുകാണിക്കും. സ്ട്രെയിറ്റ് ഹെയറാണ് മുഖ വണ്ണം കൂടുതൽ ഉള്ളവർക്ക് ഇണങ്ങുന്നത്. മുഖത്തിന്റെ ഇരുവശങ്ങളിലും കവർ ചെയ്യുന്നത് വേണം മുടിയിടാൻ. സ്വാഭാവികമായ ചുരുണ്ട മുടിയാണെങ്കിൽ പാർട്ടികൾക്കും മറ്റും പോകുമ്പോൾ മുടി അയേൺ ചെയ്തിടാം.
3. ഇളം നിറങ്ങളിലുള്ള ലിപ് കളറുകൾ
സാധാരണ കടുംനിറങ്ങളിലുള്ള ലിപ്സ്റ്റിക് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യക്കാർ. എന്നാൽ തുടുത്ത കവിളുകൾ ഉള്ളവർ ലൈറ്റ് ഷെയ്ഡുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. കടുംനിറങ്ങൾ മുഖത്തിന്റെ വലുപ്പം കൂട്ടുകയേ ഉള്ളൂ... ന്യൂഡ് കളറുകൾ, സോഫ്റ്റ് പിങ്ക് ബ്ലഷ് എന്നിവ കവിളുകൾ ചെറുതാക്കി കാണിക്കാൻ സഹായിക്കും.