Tuesday 07 September 2021 04:41 PM IST : By സ്വന്തം ലേഖകൻ

മുഖത്തെ കുരുക്കളും കറുത്തപാടും മാറും; തക്കാളി കൊണ്ടുള്ള 10 സൗന്ദര്യക്കൂട്ടുകൾ ഇതാ...

tttbbb5567777

വീട്ടിൽ വെറുതെയിരിക്കുമ്പോൾ മുഖസൗന്ദര്യം അൽപമൊന്ന് സംരക്ഷിക്കാം. മുഖത്തെ കുരുക്കൾ, കറുത്ത പാടുകൾ, കണ്ണിനു താഴെയുള്ള കറുപ്പ്, കൈകാലുകളിലെ കരുവാളിപ്പ് തുടങ്ങി എന്ത് ചർമ്മപ്രശ്നങ്ങൾക്കും പ്രതിവിധിയുണ്ട്. തക്കാളി കൊണ്ടുള്ള 10 സൗന്ദര്യക്കൂട്ടുകൾ ഇതാ... 

1.  ഒരു തക്കാളി നാലായി മുറിച്ച് ഒരു ഭാഗം എടുക്കുക. സാധനങ്ങളൊക്കെ കിട്ടാൻ വല്യ പാടുള്ള സമയമല്ല, ബാക്കി ഭാഗം അടുത്ത ദിവസത്തിനായി വായു കടക്കാത്ത ഒരു ടിന്നിലടച്ച് ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കാം. ഈ ചെറിയ ഭാഗം നന്നായി പിഴിഞ്ഞ് എടുക്കാം. നീരിനൊപ്പം തക്കാളിയുടെ ഉൾവശങ്ങളിലെ മാംസളമായ ഭാഗങ്ങളും നിരാക്കി എടുക്കാം. ഇതിലേക്ക് അര സ്പൂൺ തേനും ഒരു നുള്ള് കസ്തൂരി മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തിട്ട് 20 മിനിറ്റ് വെയിറ്റ് ചെയ്യാം. ഈ അവധി ദിവസങ്ങളിൽ സ്ഥിരമായി ഇതൊന്ന് പരീക്ഷിച്ചു നോക്കൂ... മുഖം തിളങ്ങുന്നത് കാണാം.

2. തക്കാളി രണ്ടായി മുറിച്ച് അതിന്റെ പുറത്തുള്ള തോൽ പീൽ ചെയ്തെടുക്കാം. ശേഷം മിക്സിയിൽ അൽപം വെള്ളത്തോടൊപ്പം ഒന്ന് ക്രഷ് ചെയ്തെടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ കടലപ്പൊടി കൂടി ചേർത്ത് മിക്സ് ചെയ്ത് ലൂസ് പാക്കാക്കാം. അൽപം റോസ് വാട്ടർ കൂടി മിക്സ് ചെയ്ത് പാക്കിന്റെ കട്ടി കുറയ്ക്കാം, ഈ പാക്ക് മുഖത്തിട്ട് 20 മിനിറ്റ് ശേഷം തണുത്ത വെള്ളത്തിൽ കഴുകി. മോയ്ചറൈസർ പുരട്ടാം. നിത്യവും ഈ പാക്കണിയുന്നത് മുഖത്തെ കരുവാളിപ്പ് മാറ്റാൻ സഹായിക്കും.

3. ഒരു പകുതി തക്കാളിയിൽ ഒരു ചെറിയ സ്പൂൺ ജോജോബോ ഓയിൽ , ഒരു ചെറിയ സ്പൂൺ ടീട്രീ ഓയിൽ എന്നിവ ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിലാക്കുക. ശേഷം മുഖത്തും കൈകളിലും കാലുകളിലും പുരട്ടാം. സ്കിൻ മൃദുവാകാൻ ഏറ്റവും നല്ല മാർഗമാണിത്.

4. തക്കാളി മിക്സിയിൽ അൽപം പാലും ചേർത്ത് അരക്കുക. ഇതിലേക്ക് അൽപം ഓട്സ് കൂടി പൊടിച്ചു ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ പാക്ക് മുഖത്തിട്ട് അര മണിക്കൂർ ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം,കഴുകുമ്പോൾ മുഖത്ത് വൃത്താകൃതിയിൽ മസാജ് ചെയ്ത് കഴുകണം. ഇത് മികച്ചൊരു മാസ്കിനൊപ്പം തന്നെ നല്ലൊരു സ്ക്രബർ കൂടിയാണ്.

5. രണ്ട് സ്പൂൺ യോഗർട്ടും, അരക്കഷ്ണം തക്കാളിയും നന്നായി മിക്സ് ചെയ്യുക. മിക്സ് ചെയ്ത ശേഷം ഇത് ചെറു തീയിൽ ഒന്ന് ചൂടാക്കിയെടുക്കാം, ഈ മിശ്രിതം ഉണങ്ങിയ ശേഷം പാക്കായി മുഖത്തിടാം. മുഖ കാന്തി വർദ്ധിക്കാൻ ഏറ്റവും നല്ല പാക്കാണിത്. ശേഷം തണുത്ത വെള്ളത്തിൽ കഴുകി, മൃദുവായ ടൗവ്വൽ ഉപയോഗിച്ച് ഒപ്പിയെടുക്കാം.

6. ഒരു സ്പൂൺ തക്കാളി നീരിൽ ഒരു സ്പൂൺ അലോവേര (കറ്റാർവാഴ) നീരു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ട് തുള്ളി പനിനീര് കൂടി ചേർത്ത് കൺ തടങ്ങളിൽ ഇടാം. പഞ്ഞിയിൽ മുക്കി കണ്ണിന് ചുറ്റും കവറു ചെയ്യുന്ന രീതിയിൽ വെക്കുകയുമാകാം. ഒരാഴ്ച സ്ഥിരമായി ചെയ്താൽ കണ്ണിന് താഴത്തെ കറുപ്പ് പൂർണ്ണമായും മാറി കിട്ടും.

7. തക്കാളി നീരിൽ അൽപം ഒലീവ് ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂർ നേരം വയ്ക്കാം, ശേഷം തണുത്ത വെള്ളത്തിൽ പയറുപൊടി ഉപയോഗിച്ച് കഴുകണം. മുഖം മൃദുലമായ ടവ്വലിൽ ഒപ്പിയ ശേഷം ഒരു തുള്ളി മോയ്ചറൈസർ പുരട്ടാം.

8. നാല് സ്പൂൺ തക്കാളി നീരെടുത്ത് അതിലേയ്ക്ക് വെള്ളരിക്കയുടെ ഉള്ളിലെ പൾപ് ഭാഗം ചേർത്ത് നന്നായി ഉടച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് രണ്ട് തുള്ളി തേൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത തിക്ക് പാക്കായി മുഖത്തിടാം. ഇരുപത് മിനിറ്റ് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാം. മുഖത്തിന്റെ നിറം വർദ്ധിക്കും.

9. ഒരു പകുതി തക്കാളിയെടുത്ത് അതിനുള്ളിലേയ്ക്ക് അൽപം കാപ്പി പൊടിയും കുറച്ച് പഞ്ചസാരയും മിക്സ് ചെയ്യുക. തക്കാളിയുടെ കഷ്ണം മുഖത്ത് വൃത്താകൃതിയിൽ മസാജ് ചെയ്യുക. മുഖത്തെ ഡെഡ്സ്കിൻ നീക്കം ചെയ്യാൻ ഏറ്റവും നല്ലൊരു സ്ക്രബ്ബാണിത്. മുഖത്തിന്റെ നിറം വർദ്ധിപ്പിക്കുകയും മുഖം തിളങ്ങുകയും ചെയ്യും.

10. രണ്ട് സ്പൂൺ വെളിച്ചെണ്ണയിൽ അര സ്പൂൺ നാരങ്ങാ നീരും ഒരു സ്പൂൺ തക്കാളി നീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം പഞ്ഞിയുടെ ചെറിയ ബോളുകളുപയോഗിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം, ആദ്യ ലെയർ ഉണങ്ങി കഴിയുമ്പോൾ അടുത്ത ലെയർ പുരട്ടാം, ഇരുപത് മിനിറ്റ് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാം. മുഖത്തിന് തിളക്കം ലഭിക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്.

വിവരങ്ങൾക്കു കടപ്പാട്: അന്ന മോനിക്ക, അന്ന മോനിക്ക ബ്യൂട്ടി ഷാക്ക് , പനമ്പള്ളി നഗർ

Tags:
  • Glam Up
  • Beauty Tips