Friday 20 November 2020 11:56 AM IST : By സ്വന്തം ലേഖകൻ

കണ്‍തടങ്ങളിലെ കറുപ്പും കുഴിയും മാറാൻ കോസ്മറ്റിക്സ്! ശ്രദ്ധിച്ചില്ലെങ്കിൽ അലർജി പടർന്നു കയറും

woman-eye-care

കണ്ണാടിയിൽ നോക്കി സൗന്ദര്യം ആസ്വദിക്കുകയോ സൗന്ദര്യത്തെക്കുറിച്ചു വ്യാകുലപ്പെടുകയോ ചെയ്യാത്ത ആരുണ്ടാകും? മൂക്ക് അൽപം കൂടി നേരെയായിരുന്നെങ്കിൽ, നിറം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നിങ്ങനെ പലതരം ചിന്തകളാണ്. കാലം മാറിയതോടെ സൗന്ദര്യസങ്കൽപങ്ങളും അതിനായുള്ള മാർഗങ്ങളും മാറി. െെവദ്യശാസ്ത്രത്തിന്റെ വളർച്ചയിൽ സൗന്ദര്യസംരക്ഷണത്തിനും സൗന്ദര്യവർധനയ്ക്കുമുള്ള നൂതന ചികിത്സാരീതികൾ ഏറെയുണ്ട്.

സൗന്ദര്യചികിത്സ തേടുമ്പോൾ

സൗന്ദര്യ ചികിത്സയിൽ വേണ്ടത്ര യോഗ്യതകൾ ഉള്ള കോസ്മറ്റിക് ഡെർമറ്റോളജിസ്റ്റിനെയാണ് ആദ്യം സമീപിക്കേണ്ടത്. പക്ഷേ, ഇന്നു ഡോക്ടർമാർ അല്ലാത്തവർപോലും ഇത്തരം ചികിത്സകൾ ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി അലർജി മുതലുള്ള പാർശ്വഫലങ്ങളോ മറ്റ് സങ്കീർണതകളോ വരാനുള്ള സാധ്യത കൂടുതലാണെന്നുമാത്രമല്ല അതു പിന്നീട് കൈകാര്യചെയ്യാൻ കഴിയാതെയും വരും. അതിന്റെ ഫലം ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഒരുമിച്ചുള്ള നഷ്ടമാണ്. കൂണുപോലെ പൊങ്ങുന്ന പല പാർലറുകളും ക്ലിനിക്കുകളും തെറ്റായരീതിൽ വിവിധ ചികിത്സകൾ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിരിക്കുക.

കണ്ണിനു ചുറ്റും കറുപ്പ്

കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം വളരെ വ്യാപകമായി കാണുന്ന ഒരു സൗന്ദര്യപ്രശ്നമാണ്. ഉറക്കമില്ലായ്മയും കംപ്യൂട്ടറുകളുടെയും ഫോണുകളുടെയും അമിത ഉപയോഗവും മൂലം കണ്ണുകൾക്കു ക്ഷീണവും കൺതടങ്ങൾക്ക് കറുപ്പുരാശിയും ഉണ്ടാവാം. ക്രീമുകളും പീലിങ്ങും വഴി കൺതടങ്ങളിലെ കറുപ്പിനെ ചികിത്സിക്കാമെങ്കിലും കണ്ണുകൾക്ക് ആവശ്യമായ വിശ്രമം കൊടുക്കാനും നന്നായി ഉറങ്ങുവാനും ശ്രദ്ധിക്കണം.

ചില സന്ദർഭങ്ങളിൽ കൺതടങ്ങൾ കൂടുതലായി കുഴിഞ്ഞിട്ടുണ്ടെങ്കിൽ അതു കറുപ്പുനിറം കൂടുതൽ ഉള്ളതായി തോന്നിപ്പിക്കും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഫില്ലർ ഇൻജക്‌ഷൻ ഉപയോഗിച്ച് ആ കുഴിവുകൾ നികത്തുകയും ബോട്ടോക്സ് ഇൻജക്‌ഷനുകൾ ഉപയോഗിച്ചു കണ്ണിനു ചുറ്റുമുള്ള ചുളിവുകൾ മാറ്റുകയും ചെയ്താൽ കണ്ണിന്റെ സൗന്ദര്യം നിലനിർത്താൻ സാധിക്കും. കണ്ണിനു ചുറ്റുമുള്ള മൃദുചർമത്തെ സംരക്ഷിക്കാനുപകരിക്കുന്ന െഎ പാഡുകളും രക്തയോട്ടം വർധിപ്പിക്കാനുപകരിക്കുന്ന ക്രീമുകളുപയോഗിച്ചുള്ള മസാജുകളും ചെയ്യാവുന്നതാണ്.

കണ്ണിലുപയോഗിക്കുന്ന കോസ്മറ്റിക്കുകൾ തിരഞ്ഞെടുക്കുമ്പോഴും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അവ സ്ഥിരമായി പടർന്നു കൺതടങ്ങൾക്ക് അലർജിയും കറുപ്പുരാശിയും ഉണ്ടാക്കാം.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. മീര ജെയിംസ്

കൺസൽറ്റന്റ്
കോസ്മറ്റിക്
ഡെർമറ്റോളജിസ്റ്റ്,
ബോ ഏസ്തെറ്റികാ കോസ്മറ്റിക്
ഡെർമറ്റോളജി ക്ലിനിക്,  എറണാകുളം, കൊച്ചി