Tuesday 24 May 2022 03:23 PM IST : By സ്വന്തം ലേഖകൻ

ബദാം, അണ്ടിപ്പരിപ്പ്, നിലക്കടല തുടങ്ങിയവ നിത്യഭക്ഷണത്തിലുൾപ്പെടുത്താം; നാൽപതുകളിലും മുപ്പതിന്റെ ചെറുപ്പം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ..

anti-aging-skin-care-tips

നാൽപതുകളിലും മുപ്പതിന്റെ ചെറുപ്പം നിലനിർത്താം. എന്നാല്‍ തെറ്റായ ജീവിതശൈലികൾ വളരെ പെട്ടെന്നുതന്നെ യൗവനം നഷ്ടപ്പെടുത്തുന്നു. അതേസമയം, ഒന്നു മനസു വച്ചാൽ കൂടുതല്‍ ഊർജസ്വലതയോടെ ദീർഘകാലം യൗവനം കാത്തുസൂക്ഷിക്കാൻ കഴിയും. ചെറുപ്പം നിലനിർത്താൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം..

സൂപ്പർ ഫൂഡ്സ് ശീലമാക്കാം

∙ ആന്റി ഓക്സിഡന്റ്സ് അടങ്ങിയ ആഹാരമാണ് യുവത്വം നൽകുന്നത്. കടുംനിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു. പല നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ശ്രദ്ധിക്കുക. ആപ്പിൾ, പപ്പായ, ഓറഞ്ച്, ബീറ്റ്റൂട്ട്, മുന്തിരി, മാമ്പഴം, കാപ്സിക്കം എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. 

∙ വൈറ്റമിൻ സി അടങ്ങിയ ആഹാരം ചർമത്തിലെ പിഗ്മെന്റേഷന്‍ തടയുന്നു. സിട്രസ്, ഫ്രൂട്ടിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ലൈം ജ്യൂസ് നിത്യവും കുടിക്കുക. ഒരു നെല്ലിക്ക നിത്യേന കഴിക്കുക.

∙ ദിവസം കുറഞ്ഞത് എട്ടു ഗ്ലാസ് ശുദ്ധമായ വെള്ളം കുടിക്കുക. ശരീരത്തിലെ ജലാംശം ഒരിക്കലും കുറഞ്ഞുപോവരുത്.

∙ ഗ്രീൻ ടീ നിത്യവും രാവിലെ കുടിക്കുക. ഗ്രീൻ ടീ രക്തത്തിലെ ആന്റി ഓക്സിഡന്റുകളുടെ നില ഉയരുന്നു. ഗ്രീൻ ടീയിൽ നാരങ്ങ പിഴിഞ്ഞു ചേർത്തു കുടിച്ചാൽ കൂടുതൽ നന്ന്.

∙ വെളുത്തുള്ളി ആഹാരത്തിലുൾപ്പെടുത്തുകയോ രണ്ടു മൂന്ന് അല്ലികൾ ചവച്ചു തിന്നുകയോ ചെയ്യുന്നതോ നല്ലതാണ്. വെളുത്തുള്ളി രോഗപ്രതിരോധശക്തി പ്രദാനം ചെയ്യുന്നു.

∙ റെഡ് വൈൻ പ്രായത്തെ ചെറുക്കാൻ നല്ലതാണ്. വീട്ടിൽ തയാറാക്കുന്ന മുന്തിരി വൈൻ ദിവസം 15 മില്ലി കഴിച്ചാൽ ഗുണം ചെയ്യും.

∙ കഴിയുന്നതും ഫ്രഷ് ആയ പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇവയിലെ കീടനാശിനിയുടെ അംശങ്ങൾ കളയാനും ശ്രദ്ധിക്കണം. അരമണിക്കൂറെങ്കിലും ഉപ്പിട്ട വെള്ളത്തിലിട്ടു വയ്ക്കണം. ടാപ്പിനടിയിൽ പിടിച്ച് നന്നായി കഴുകണം.

∙ ബദാം, അണ്ടിപ്പരിപ്പ്, നിലക്കടല തുടങ്ങിയവ നിത്യഭക്ഷണത്തിലുൾപ്പെടുത്തുക. നട്സിലെ കൊഴുപ്പ് ചർമത്തിലെ കൊളാജൻ അയഞ്ഞു പോകാതെ സംരക്ഷിക്കുന്നു. ദിവസവും ഒരു വലിയ സ്പൂൺ (30 ഗ്രാം) നട്സ് കഴിക്കുക.

∙ ഒഴിവാക്കേണ്ട ചില ആഹാരങ്ങളുണ്ട്. വൈറ്റ് പോയ്സൺ എന്നറിയപ്പെടുന്ന പഞ്ചസാര, ട്രാൻസ് ഫാറ്റുകൾ (വനസ്പതി പോലുള്ള എണ്ണകൾ) ഇവ കൊണ്ടു തയാറാക്കുന്ന ബേക്കറി പലഹാരങ്ങൾ, സോസുകൾ തുടങ്ങിയവ.

∙ പ്രായത്തെ ചെറുക്കാൻ സഹായിക്കുന്ന മാന്ത്രിക ആഹാരമാണ് ബ്രൊക്കോളി. ഇത് മനസിന് നല്ല മൂഡ് നൽകും.

∙ ആഴ്ചയിൽ ഏതെങ്കിലും മൂന്ന് നിറത്തിലുള്ള പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. (ഉദാ: മുന്തിരി, പപ്പായ, മാതളം... ഇങ്ങനെ പല നിറങ്ങൾ നോക്കി പഴങ്ങൾ കഴിക്കുക.)

∙ ഹോൾ വീറ്റ് ആഹാരങ്ങളിലടങ്ങിയിരിക്കുന്ന വീറ്റ് ജെം ചർമത്തെ സംരക്ഷിക്കുന്നു. ഗോതമ്പുപൊടി, ബ്രെഡ് തുടങ്ങിയവ വാങ്ങുമ്പോൾ ഹോൾ വീറ്റ് നോക്കി വാങ്ങുക.

∙ സാലഡ്സ്, സൂപ്പ്സ് ഇതു മാത്രമായാൽ പ്രോട്ടീനിന്റെ അളവു കുറയും. പ്രോട്ടീൻ ലഭിക്കാൻ പാട നീക്കിയ പാൽ, മത്സ്യം, കൊഴുപ്പ് കുറഞ്ഞ ഇറച്ചി, സോയാബീൻ ഇവ കഴിക്കുക.

∙ ഹൃദയത്തെ സംരക്ഷിക്കാൻ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം (അയല, മത്തി, ട്യൂണ) ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സമൃദ്ധമായി ഭക്ഷണത്തിലുൾപ്പെടുത്തുക. ഒലിവ് ഓയിലിലും ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉണ്ട്.

ചർമത്തിനു വേണം സംരക്ഷണം

∙ ചർമസംരക്ഷണത്തിന് അടിസ്ഥാനമായത് നാലു കാര്യങ്ങളാണ്. ക്ലെൻസിങ്, ടോണിങ്, മോയിസ്ചറൈസിങ്, സൺപ്രൊട്ടക്ഷൻ. ഇതു നിത്യവും ചെയ്യണം. നിങ്ങളുടെ ചർമത്തിന്റെ സ്വഭാവമനുസരിച്ചു വേണം ഇതിനുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കേണ്ടത്. ചർമം എണ്ണമയമുള്ളതാണോ അല്ലാത്തതാണോ എന്നു നോക്കി ഏറ്റവും വിശ്വാസ്യതയുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കുക.

∙ ക്ലെൻസിങ് ചർമത്തിലെ അഴുക്ക് നീക്കുന്നു. ഫെയ്സ് വാഷോ ക്ലെൻസിങ് മിൽക്കോ ഉപയോഗിച്ച് ചർമം വൃത്തിയാക്കുക. ഒരിക്കലും മുഖചർമം അമർത്തി തുടയ്ക്കരുത്.

∙ ടോണിങ്ങിനുള്ള ഉൽപന്നങ്ങളിൽ ആൽക്കഹോൾ അടങ്ങിയിരിക്കും. അതിനാൽ വരണ്ട ചർമമാണെങ്കിൽ സ്കിൻ ടോണർ ഉപയോഗിക്കേണ്ടതില്ല.

∙ കുളി കഴിഞ്ഞ് മോയിസ്ചറൈസിങ് ക്രീം ദേഹം മുഴുവനും പുരട്ടുക. കറ്റാർവാഴ (ആലോവേര) അടങ്ങിയ ക്രീമുകളാണ് ഏറ്റവും നല്ലത്.

∙ സൺ പ്രൊട്ടക്ഷൻ ക്രീം പതിവായി ഉപയോഗിക്കുന്നതാണ് പ്രായമാകുന്നതിനെ തടയാനുള്ള ഏറ്റവും പ്രധാനകാര്യം. രാവിലെ പുറത്തുപോകുമ്പോൾ മോയിസ്ചറൈസർ പുരട്ടിയ ശേഷം സൺ സ്ക്രീൻ തേയ്ക്കുക. മുഖം, കഴുത്ത്, കൈകൾ ഇങ്ങനെ വെയിലേൽക്കുന്ന ഭാഗങ്ങളിലെല്ലാം സൺ സ്ക്രീൻ പുരട്ടണം. എസ് പി എഫ് 30 എങ്കിലും അടങ്ങിയ ക്രീമാവണം. 2- 3 മണിക്കൂർ കൂടുമ്പോൾ ക്രീം പുരട്ടണം. സൺസ്ക്രീൻ തേച്ച ശേഷമേ മേക്കപ്പ് ചെയ്യാവൂ.

∙ കൈകൾ ഇടയ്ക്കിടെ കഴുകുന്നത് കൈകളുടെ മോയിസ്ചറൈസേഷൻ നഷ്ടപ്പെടുത്തുന്നു. എപ്പോൾ കൈ കഴുകിയാലും കൈകളിൽ മോയിസ്ചറൈസർ പുരട്ടുക.

∙ കൺതടങ്ങളിലെ കറുപ്പാണ് പ്രായത്തിന്റെ അടയാളം. കറുപ്പ് വരാൻ കാരണമെന്താണെന്ന് കണ്ടുപിടിച്ച് അതു പരിഹരിക്കണം. ജനിതകകാരണം, ഉറക്കക്കുറവ്, പോഷകാഹാരക്കുറവ്.... പല കാരണങ്ങളാൽ കറുപ്പ് വരാം. കൺതടങ്ങളിലെ കറുപ്പകറ്റാൻ കണ്ണുകൾ അടച്ച് മുകളിൽ നനച്ച ടീ ബാഗ് വച്ച് 10 മിനിറ്റ് വിശ്രമിക്കുക. വെള്ളരിക്കാനീര് പുരട്ടുക. വൈറ്റമിൻ ഇ അടങ്ങിയ അണ്ടർ ഐ ക്രീമോ, ബദാം ഓയിലോ, വൈറ്റമിൻ ഇ ഗുളികയോ പൊടിച്ചത് ബദാം ഓയിലിൽ ചാലിച്ച് പുരട്ടുക.

∙ ആഴ്ചയിൽ 2 ദിവസം എണ്ണ തേച്ചു കുളിക്കുക.

∙ രാത്രി കിടക്കും മുന്‍പ് കൈകളും പാദങ്ങളും വൃത്തിയാക്കി കഴുകി തുടച്ച് ആന്റി റിങ്കിൾ ക്രീം പുരട്ടുക.

∙ ആഴ്ചയിലൊരിക്കൽ പലതരം പഴങ്ങൾ അരിഞ്ഞ് മിക്സിയിലരച്ച് മുഖത്ത് 20 മിനിറ്റ് നേരം ഫേസ്പാക്ക് ഇടുക. മാസത്തിലൊരിക്കൽ ഫ്രൂട്ട് ഫേഷ്യൽ ചെയ്യുന്നതു നല്ലതാണ്.

∙ പ്രായം കൂടുന്തോറും മുഖത്തെ ചർമത്തിന്റെ ടോൺ നഷ്ടപ്പെടുന്നു. കൊഴുപ്പ് കൂടും. കഴുത്തിന് കറുപ്പേറും. ഇതിനെല്ലാമെതിരേ ഇരുപതുകളുടെ അവസാനം തൊട്ടേ സംരക്ഷണം നൽകിത്തുടങ്ങിയാൽ ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് വളരെ വൈകിക്കാൻ കഴിയും.

Tags:
  • Glam Up
  • Beauty Tips