Monday 21 May 2018 01:59 PM IST : By സ്വന്തം ലേഖകൻ

ഒരു വര്‍ഷത്തെ ശമ്പള കുടിശ്ശിക ചോദിച്ചു; പതിനാറുകാരിയെ വെട്ടിനുറുക്കി തൊഴിലുടമ!

delhi

ഡല്‍ഹിയില്‍ പതിനാറുകാരിയെ വെട്ടിനുറുക്കിയ സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ തൊഴിലുടമ അറസ്റ്റില്‍. കുടിശികയുണ്ടായിരുന്ന ശമ്പളം ചോദിച്ചതിനാണ് മന്‍ജീത് കാര്‍കേട്ട (30) സോണി കുമാരിയെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

ജാര്‍ഖണ്ഡ് സ്വദേശിയാണ് മന്‍ജീത്. സംഭവത്തിലെ കൂട്ടുപ്രതികളായ സഹു, ഗൗരി എന്നിവര്‍ക്കൊപ്പം ഡല്‍ഹിയില്‍ ഒരു ഏജന്‍സി നടത്തിവരികയായിരുന്നു. ജാര്‍ഖണ്ഡില്‍ നിന്നുള്ള കൗമാരക്കാരികളെയാണ് ഇവിടെ ജോലിക്കെടുത്തിരുന്നത്. വീട്ടുജോലിക്കെന്ന് പറഞ്ഞാണ് സോണിയുള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ ഡല്‍ഹിയിെലത്തിച്ചത്. ജോലി മതിയാക്കി ജാര്‍ഖണ്ഡിലേക്ക് മടങ്ങിപ്പോകാന്‍, ഒരു വര്‍ഷമായി കുടിശികയുണ്ടായിരുന്ന ശമ്പളം ചോദിച്ചതാണ് തൊഴിലുടമയെ പ്രകോപ്പിച്ചതെന്ന് പൊലീസ് പറയുന്നു. അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശമ്പളം വേണമെന്ന ആവശ്യത്തില്‍ സോണി ഉറച്ചുനില്‍ക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി അഴുക്കുചാലില്‍ തള്ളി. സമീപത്ത് കളിക്കാനെത്തിയ കുട്ടികള്‍ അഴുക്കുചാലില്‍ പെണ്‍കുട്ടിയുടെ കാല് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മെയ് നാലിനാണ് പൊലീസിന് പരാതി ലഭിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്.  ചോദ്യം ചെയ്യലില്‍ മന്‍ജീത് കുറ്റം സമ്മതിച്ചു.

more news..