Friday 19 November 2021 12:51 PM IST : By സ്വന്തം ലേഖകൻ

ആ യാത്ര അവസാനിച്ചു: ചായക്കട നടത്തി ലോകം ചുറ്റിയ വിജയൻ അന്തരിച്ചു

Vijayan-2

ചായക്കട നടത്തി ഭാര്യക്കൊപ്പം ലോകം ചുറ്റിയ വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കൊച്ചി കടവന്ത്ര സ്വദേശിയാണ്. ചായക്കടയിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നും ലോകത്തിന്റെ നാനാദിക്കുകളിൽ ചുറ്റിക്കറങ്ങുന്ന വിജയൻ–മോഹന ദമ്പതികൾ സോഷ്യൽ മീഡിയക്കും സുപരിചിതരാണ്. അടുത്തിടെയാണ് ഇരുവരും റഷ്യൻ സന്ദർശനം നടത്തി തിരികെ വന്നത്.

ചായക്കടയിൽ നിന്നും ലഭിച്ച വരുമാനം കൊണ്ട് വിജയൻ–മോഹന ദമ്പതികൾ ഇതുവരെ ഇരുപത്തിയാറോളം രാജ്യങ്ങളാണ് സന്ദർശിച്ചത്. സഞ്ചാരികളായ ദമ്പതിമാർ16 വർഷങ്ങൾ കൊണ്ടാണ് ഇത്രയും രാജ്യങ്ങള്‍ സന്ദർശിച്ചത്. കോവിഡ് കാരണം മുടങ്ങിയ യാത്ര വീണ്ടും തുടങ്ങിയത് കഴിഞ്ഞ മാസമായിരുന്നു.

ഇദ്ദേഹത്തെ യാത്രകളെക്കുറിച്ച്​ നിരവധി ഫീച്ചറുകളും വാർത്തകളുമെല്ലാം വന്നിട്ടുണ്ട്​. ഈയിടെ ടൂറിസം മന്ത്രി മുഹമ്മദ്​ റിയാസ്​ ഇവരുടെ ശ്രീ ബാലാജി എന്ന ചായക്കടയിൽ സന്ദർശകനായി എത്തിയിരുന്നു. കേരളത്തിലെ സഞ്ചാരികളുടെ സ​ങ്കേതമായിരുന്നു ഈ ചായക്കട. കൂടാതെ വിജയനും ഭാര്യയും അവരുടെയൊക്കൊ പ്രചോദനം കൂടിയായിരുന്നു. ചേർത്തലയിൽ നിന്നും കൊച്ചിയിലേക്ക് താമസം മാറുന്നതോടെയാണ് യാത്രയും ഇവരുടെ ജീവിതത്തിന്റെ ഭാഗമായത്.