Saturday 03 November 2018 10:27 AM IST : By സ്വന്തം ലേഖകൻ

‘അവൻ അപ്പൂപ്പനല്ല, എന്റെ മരുമോനാ...’; കാർത്യായനിയമ്മയെ ‘പഠിപ്പിസ്റ്റാക്കിയ’ ഫോട്ടോയ്ക്കു പിന്നിലെ രഹസ്യം–വിഡിയോ

karthyayyani

‘കേരളമെന്നാൽ സുമ്മാവ...’ നേട്ടങ്ങളുടെ നെറുകയിൽ തങ്ങളുടെ പേര് ഒരിക്കൽ കൂടി അടയാളപ്പെടുത്തുകയാണ് സാക്ഷരകേരളം. ആ പെരുമയുടേയും അഭിമാനത്തിന്റേയും പേറ്റന്റ് എടുത്തതാകട്ടെ ഒരു തൊണ്ണൂറ്റിയാറുകാരി. സാക്ഷരത മിഷൻ നടത്തിയ തുല്യത പരീക്ഷയിൽ പത്തരമാറ്റുള്ള വിജയം സ്വന്തമാക്കിയ കാർത്ത്യായനി അമ്മയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. സംസ്ഥാനത്തെ തന്നെ ഉയർന്ന മാർക്കോടെയാണ് നാലാം ക്ലാസ് തുല്യത പരീക്ഷ ഈ മിടുക്കി മുത്തശ്ശി പാസായിരിക്കുന്നത്. സാക്ഷരതാ മിഷൻ പുറത്തിറക്കിയ പരീക്ഷാഫലത്തിൽ നൂറിൽ 98 മാർക്കോടെയാണ് ഇൗ 96കാരി ‘വിദ്യാർത്ഥിനി’ പാസായിരിക്കുന്നത്.

പരീക്ഷയും പാസായി സർക്കാരിന്റെ ആദരവും ഏറ്റുവാങ്ങി മുന്നോട്ടു പോകുമ്പോഴും കാർത്ത്യായനി മുത്തശ്ശി ഒരു സസ്പെൻസ് മാത്രം ബാക്കി വച്ചിരുന്നു. തുല്യത പരീക്ഷയിൽ തന്റെ അടുത്തിരുന്ന് കോപ്പിയടിച്ച ആ അപ്പൂപ്പൻ ആരാണ്? കാർത്ത്യായനി മുത്തശ്ശിയേയും കോപ്പിയടിക്കാരൻ അപ്പൂപ്പനേയും ഫെയ്മസ് ആക്കിയ ആ ചിത്രം കൂട്ടുപിടിച്ചായിരുന്നു മാളോരുടെ സംശയം. ചുരുക്കിപ്പറഞ്ഞാൽ കാർത്ത്യായനി അമ്മയെ പഠിപ്പിസ്റ്റും നോക്കിയെഴുതിയ അപ്പൂപ്പനെ കോപ്പിയടിക്കാരനും ആക്കിയ ആ ചിത്രത്തിനു പിന്നിലെ കഥയറിയണം.

ഒട്ടും മടിച്ചില്ല, കാർത്ത്യായനി അമ്മൂമ്മയെ മുന്നിൽ കണ്ടപാടെ ആ ചോദ്യമെറിഞ്ഞു. ‘ആരാണ് അമ്മൂമ്മേ അടുത്തിരുന്ന് പരീക്ഷയെഴുതിയ ആ അപ്പൂപ്പൻ?’ ഉത്തരം ഇങ്ങനെ. ‘അപ്പൂപ്പനോ, അവൻ അപ്പൂപ്പനൊന്നുമല്ല. എന്റെ മരുമകനാ.. പല്ലില്ലാത്ത മോണകാട്ടി ചിരിച്ച് കാർത്യായനിയമ്മ പറഞ്ഞപ്പോൾ ലോകവും പൊട്ടിച്ചിരിച്ചുപോയി.

കാർത്ത്യായനിയമ്മയുടെ  അടുത്തിരുന്ന് പരീക്ഷയെഴുതിയ മരുമകൻ ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ പിള്ളയ്ക്ക് നൂറിൽ 88 മാർക്കാണ് ലഭിച്ചത്. കാർത്യായനിയമ്മയുടെ സഹോദരിപുത്രിയുടെ ഭർത്താവാണ് രാമചന്ദ്രൻ. പഠനത്തോടുള്ള ഇഷ്ടം ഇവരുവരെയും ക്ലാസ്മേറ്റ്സാക്കിയെന്നതാണ് സത്യം. സോഷ്യൽ ലോകം അവരെ പിന്നെ പഠിപ്പിയും ഉഴപ്പനുമാക്കി. ഇപ്പോഴിതാ ആ ബന്ധവും വെളിച്ചത്തായി. അപ്പോൾ കള്ളൻ കപ്പലിൽ തന്നെയാണല്ലേ.. എന്ന തലക്കെട്ടോടെ ഇൗ വിഡിയോ മലയാളി ഷെയർ ചെയ്യുകയാണ്.

സാക്ഷരതാ മിഷൻ നടത്തിയ നാലാംക്ലാസ് തുല്യത പരീക്ഷയിലാണ് ഇരുവരുടെയും മിന്നും ജയം. പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ തൊണ്ണൂറ്റിയാറുകാരി കാര്‍ത്യായനിയമ്മയെ അഭിനന്ദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വരെ എത്തി. നൂറില്‍ 98 മാര്‍ക്ക് നേടിയ കാര്‍ത്യായനിയമ്മയ്ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. ഇനി പത്താം ക്ലാസ് കൂടി ജയിച്ചിട്ട് കംപ്യൂട്ടര്‍ പഠിക്കണമെന്നാണ് ആഗ്രഹം. സര്‍‌ട്ടിഫിക്കറ്റ് തന്നേക്കട്ടെ എന്ന് സ്നേഹത്തോടെ മുഖ്യമന്ത്രി ചോദിച്ചപ്പോൾ,  തന്നാട്ടേ എന്ന് ഇമ്പമാര്‍ന്ന ഈണത്തിലായിരുന്നു കാര്‍ത്ത്യാനിയമ്മയുടെ മറുപടിയിൽ മുഖ്യമന്ത്രിയും നിലവിട്ട് ചിരിച്ചുപോയി.