Tuesday 14 July 2020 03:09 PM IST : By സ്വന്തം ലേഖകൻ

പൂച്ചയെ എങ്ങനെ വളർത്താം?; അച്ഛൻ അവതാരകനായി; ഇന്റർവ്യൂവിൽ ‘വിദഗ്ധയുടെ’ മറുപടി; ചിരിപ്പിച്ച് ആമിക്കുട്ടി

cute-foto

പൂച്ച വളർത്തലിൽ വിദഗ്ധയായ ഒരു കാന്താരി! അവൾ തന്റെ പൂച്ച പ്രണയത്തെക്കുറിച്ചങ്ങനെ വാതോരാതെ സംസാരിക്കുകയാണ്. പൂച്ചയെ ആദ്യമായി കണ്ട ദിവസം, പൂച്ച എവിടെയൊക്കെ കാണപ്പെടുന്നു, പൂച്ചയെ വിളിക്കുന്ന പേര്, എന്തു കൊണ്ട് ഈ മേഖലയിൽ സജീവമായി എന്നിങ്ങനെ സകല ചോദ്യങ്ങൾക്കും ഈ മിടുക്കിയുടെ കയ്യിൽ ഉത്തരമുണ്ട്. മാധ്യമ പ്രവർത്തകൻ കൂടിയായ അച്ഛൻ ഇന്റർവ്യൂ മോഡലിൽ ചോദ്യം ചെയ്യുമ്പോൾ ഒരു പൂച്ച വിദഗ്ധയുടെ എല്ലാ ഗൗരവത്തോടും കൂടി മറുപടി പറയുകയാണ് ഈ കുഞ്ഞുമിടുക്കി.

കുറുമ്പും ചിരിയും ഒളിഞ്ഞിരിക്കുന്ന ഈ പൂച്ച അഭിമുഖത്തിലെ കഥാനായികയുടെ പേര് ആമി. ആമിയുടെ പൂച്ച പ്രണയത്തെക്കുറിച്ച് വിശദമായ അഭിമുഖം നടത്തുന്നതാകട്ടെ മാധ്യമപ്രവർത്തകൻ കൂടിയായ അച്ഛൻ അനൂപ്. പൂച്ചകളെ കുറിച്ചുള്ള ഓരോ ചോദ്യങ്ങൾക്കും ആമിയുടെ പക്കൽ കിറുകൃത്യം ഉത്തരമുണ്ട്. ഏതു പൂച്ചയെയാണ് വളർത്തുന്നതെന്ന് ചോദിച്ചപ്പോൾ മിട്ടുപ്പൂച്ചയെന്ന് ആമി സ്റ്റൈലിൽ ഉടനടി ഉത്തരം. എല്ലാത്തിനുമൊടുവിൽ പൂച്ച എങ്ങനെയാണ് ശബ്ദം ഉണ്ടാക്കുന്നതെന്ന ചോദ്യത്തിന്റെ മറുപടി കേൾക്കുമ്പോൾ ചിരിപൊട്ടും.

രണ്ടു വയസുകാരിയായ ആഗ്നേയയെന്ന ആമിക്ക് പൂച്ചകളെന്നു വച്ചാൽ ജീവനാണെന്ന് അച്ഛൻ അനൂപ് പറയുന്നു. പൂച്ചയെ കണ്ടാൽ മാത്രമേ കക്ഷി ആഹാരം പോലും കഴിക്കാറുള്ളു.. അടുത്തിടെ മിട്ടുപൂച്ചയും ടീച്ചർമാരും ടിവിയിലൂടെ സ്വീകരണ മുറിയിലേക്കെത്തിയതോടെ ആമിക്ക് പൂച്ച പ്രണയം ഇരട്ടിച്ചു. ഇപ്പോൾ സകല പൂച്ചകൾക്കും പേര് ഒന്നേയുള്ളൂ മിട്ടു പൂച്ച. പൂച്ചകളെ എവിടെ കാണപ്പെടുന്നു എന്ന് ചോദിച്ചാലും അവിടെ...ഇവിടെ എന്നൊക്കെ പറഞ്ഞ് ആമി തടിതപ്പും–അനൂപ് പറയുന്നു.  

എന്താായാലും മാധ്യമ ജീവിതത്തിനിടയിൽ നിരവധി പേരെ അഭിമുഖം ചെയ്തിട്ടുണ്ടെങ്കിലും പൂച്ച വളർത്തലിൽ വിദഗ്ധയായ ഒരാളെ, അതും സ്വന്തം മകളെ അഭിമുഖം ചെയ്തത് വേറിട്ട അനുഭവമായിരുന്നുവെന്ന് അനൂപും തമാശയായി പറയുന്നു. തിരുവന്തപുരമാണ് ആമിയുടെ സ്വദേശം. അഞ്ജിതയാണ് ആമിയുടെ അമ്മ.

വൈറൽ വിഡിയോ കാണാം;