Monday 23 April 2018 04:23 PM IST : By സ്വന്തം ലേഖകൻ

അത് പ്രച്ഛന്നവേഷമല്ല, കുടുംബം പുലർത്താൻ അവൾ ആണായി; സിത്താരയുടെ കഥ ഇങ്ങനെ

afgan-girlie

പെണ്ണുടലിൽ നിന്നുമൊരു മോചനം! അത് അവൾക്ക് അത്യാവശ്യമായിരുന്നു. സ്വത്വം മറന്നുകൊണ്ടുള്ള ഒരു പ്രച്ഛന്ന വേഷമായിരുന്നില്ല അത്. മറിച്ച് ആൺമേൽക്കോയ്മ കൊടികുത്തി വാഴുന്ന അഫ്ഗാന്റെ മണ്ണിൽ അതിജീവനത്തിനു വേണ്ടിയുള്ള ഒരു പോരാട്ടമായിരുന്നു ആ മാറ്റം.

സിത്താര, അഥവാ നിശ്ചയദാർഢ്യം ജീവിക്കാൻ പഠിപ്പിച്ച അഫ്ഗാനിലെ പെൺകരുത്ത്. സിത്താരയുടെ അതിജീവനത്തിന്റെയും നിലനിൽപ്പിന്റെയും പോരാട്ടത്തിന് മുൻപ് കേട്ടു പരിചയിച്ച പെൺ പോരാട്ടത്തിന്റെ കഥകളുമായി സമാനതകളില്ലാ എന്നു തന്നെ പറയാം.

അഫ്ഗാനിലെ ഒരു യാഥാസ്ഥിതിക–നിർദ്ധന കുടുംബത്തിൽ ജനിച്ച സിതാര ആറു പെൺ മക്കളിൽ ഒരുവളായിരുന്നു. പ്രായമായ പിതാവ് ആഴ്ചയിൽ ആറു ദിവസവും പണിയെടുത്താലും ജീവിതം പച്ച പിടിക്കില്ല എന്നു കണ്ടപ്പോൾ അവൾ ആ ധീരമായ തീരുമാനമെടുത്തു. കുടുംബം പോറ്റാൻ ജോലിക്കിറങ്ങണം.

എന്നാൽ സ്ത്രീകളെ തൊഴിലിടങ്ങളിൽ നിന്നും മാറ്റി നിർത്തുന്ന അവിടുത്തെ നാട്ടുനടപ്പ് തടസമായിരുന്നു. പക്ഷേ തോറ്റുകൊടുക്കാൻ സിത്താര ഒരുക്കമായിരുന്നില്ല. കുടുംബത്തിൽ ആൺപിറന്നവനില്ല എന്ന കുറവു നികത്തി രൂപം കൊണ്ട് ആണാകാൻ അവൾ തീരുമാനിച്ചു. പ്രമേഹ രോഗിയായ ഉമ്മയുടെ കണ്ണുനീർ അവളുടെ ധീരമായ തീരുമാനത്തിന് വളമായി എന്നു വേണം കരുതാൻ

പത്തു വർഷത്തിലേറെയായി ആൺ വേഷത്തിലാണ് സിതാരയെന്ന ഇൗ പെൺകുട്ടി പുറത്തിറങ്ങുന്നത്. അഫ്ഗാൻ പുരുഷൻമാൻ ധരിക്കുന്നതുപോലുള്ള നീളൻ കുർത്തയും പാന്റ്സും ചെരിപ്പും ധരിച്ച് അവൾ രാവിലെ വീട്ടിൽ നിന്നിറങ്ങും. എട്ടു വയസുമുതൽ ജോലി ചെയ്യുന്ന ഇഷ്ടികക്കമ്പനിയിലേക്ക്

പുരുഷ വേഷത്തിനുള്ളിൽ താൻ സുരക്ഷിതയാണന്ന് സിതാര പറയുന്നു. പിതാവിന് ആറു പെൺകുട്ടികളാണ് അതിനാലാണ് താൻ ജോലിക്കിറങ്ങിയത്. തന്റെ മൂത്ത സഹോദരിമാർ നേരത്തെ ഇവിടെ ജോലി ചെയ്തിരുന്നു. വിവാഹത്തിനു ശേഷം ജോലി നിർത്തിയതാണ്. അവരുടെ വഴിയേ എട്ടു വയസായപ്പോൾ താനും കമ്പനിയിൽ ജോലിക്ക് വന്നു. എന്നാൽ ആൺവേഷം ധരിച്ച് ജോലിക്ക് പോകാൻ പിതാവാണ് നിർബന്ധിച്ചത്. ഇൗ വേഷത്തിനുള്ളിൽ താൻ സുരക്ഷിതയാണ്. ഇതെന്റെ മൂത്തമകനാണെന്ന് പിതാവെപ്പോഴും പറയുമെന്നും സിത്താര പറഞ്ഞു.

കാലം പുരോഗമിച്ചിട്ടും അഫ്ഗാനിലെ ആൺമേൽക്കോയ്മയ്ക്ക് ഇനിയും അറുതി വന്നിട്ടില്ല. അതിനാലാണ് ആൺകുട്ടികളില്ലാത്ത കുടുംബം പൺകുട്ടിയെ വേഷം മാറ്റി മകന്റെ കടമകൾ ചെയ്യിക്കുന്നത്

ഇവിെട പല െപൺകുട്ടികളും സ്വാതന്ത്രമായി നടക്കാൻ ആൺ വേഷം കെട്ടാറുെണ്ടങ്കിലും ഋതുമതിയാകുന്നതോടെ ആ വേഷം അഴിച്ചു വയ്ക്കുന്നു.

ഋതുമതിയായതിനാൽ ഇനി ജോലിക്ക് പോകേണ്ടെന്ന് എല്ലാവരും പറയുന്നു. എന്നാൽ എന്തു ചെയ്യും. തന്റെ മുന്നിൽ മറ്റുവഴികളില്ല. ദൈവം പിതാവിന് ഒരു മകനെ നൽകിയില്ല. അതിനാൽ മകളെ ആൺ വേഷം കെട്ടിക്കാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു. തനിക്കൊരു സഹോദരനുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആൺവേഷത്തിൽ മറഞ്ഞിരിക്കാതെ തന്റെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കാൻ സാധിക്കുമായിരുന്നു എന്ന് കരുതാറുണ്ടെന്നും സിതാര പറഞ്ഞു.

എന്തായാലും സിതാരയുടെ നിലനിൽപ്പിന്റെ പോരാട്ടം ലോകശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. ഒപ്പം സാഹചര്യങ്ങളെ പഴിപറഞ്ഞ് ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുന്നവർക്കുള്ള നല്ല പാഠം കൂടിയാണ് സിത്താര.