Tuesday 05 July 2022 10:39 AM IST : By സ്വന്തം ലേഖകൻ

‘കുഞ്ഞിനു മിടിപ്പു കുറവാണെന്ന് ഒരു ഡോക്ടർ, പ്രസവിച്ച ഉടൻ മരിച്ചെന്ന് മറ്റൊരാൾ’: അമ്മയുടെ മരണത്തിൽ ഡോക്ടർമാർക്കെതിരെ കേസ്

aiswarya-pkd

സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിന്റെ മരണത്തിനു കാരണം ചികിത്സപ്പിഴവെന്ന വിവാദത്തിനു പിന്നാലെ അമ്മയും മരിച്ചു. ബന്ധുക്കളുടെ പരാതിയിൽ ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ ഇവരുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. മരണകാരണം കണ്ടെത്താൻ വിദഗ്ധസമിതി രൂപീകരിക്കും. യുവജന കമ്മിഷൻ ജില്ലാ പൊലീസ് മേധാവിയോടും ആശുപത്രി അധികൃതരോടും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ചിറ്റൂർ തത്തമംഗലം ചെമ്പകശ്ശേരി എം.രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയാണ് (25) ഇന്നലെ രാവിലെ മരിച്ചത്. കഴിഞ്ഞ ദിവസം ഇവരുടെ ആൺകുഞ്ഞും മരിച്ചിരുന്നു.

വീഴ്ച വരുത്തിയ ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കളും നാട്ടുകാരും പാലക്കാട് പടിഞ്ഞാറെ യാക്കര തങ്കം ആശുപത്രിയിൽ പ്രതിഷേധിച്ചു. 3 ഡോക്ടർമാരാണ് ഐശ്വര്യയെ ചികിത്സിച്ചതെന്നാണു മൊഴി. ഐശ്വര്യയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോ‍ർട്ടത്തിനു ശേഷം സംസ്കരിച്ചു. ജൂൺ 29നാണു പ്രസവത്തിനായി ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 3നു പുലർച്ചെ പ്രസവത്തിൽ കുഞ്ഞു മരിച്ചു. തുടർന്നു ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം ‌നടത്തുകയും ചെയ്തു.

പ്രസവത്തിനിടെയുണ്ടായ തടസ്സങ്ങളാണ് ഇരുവരുടെയും മരണത്തിനു കാരണമെന്നാണു പ്രാഥമിക വിവരം. പ്രസവസമയത്തു കുഞ്ഞിനു ശ്വാസതടസ്സം അനുഭവപ്പെട്ടതായും സൂചനകളുണ്ട്. ആന്തരാവയങ്ങളുടെ സൂക്ഷ്മപരിശോധനയിലേ വിശദമായ കാരണങ്ങൾ വ്യക്തമാകൂ. കുഞ്ഞിനു മിടിപ്പു കുറവാണെന്നും പരിചരണത്തിലാണെന്നും ഒരു ഡോക്ടർ അറിയിച്ചപ്പോൾ പ്രസവിച്ച ഉടൻ കുട്ടി മരിച്ചെന്നാണു മറ്റൊരു ഡോക്ടർ പറഞ്ഞതെന്നു ബന്ധുക്കൾ പറയുന്നു. അമ്മയുടെ ജീവൻ അപകടത്തിലായേക്കുമെന്ന ഘട്ടത്തിൽ ശസ്ത്രക്രിയ നടത്താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടില്ലെന്നും അനുമതിയില്ലാതെ ഗർഭപാത്രം നീക്കിയെന്നും ബന്ധുക്കൾ പറഞ്ഞു.

നല്ലേപ്പിള്ളി പണിക്കർകളം മോഹനൻ, ഓമന ദമ്പതികളുടെ മകളാണ് ഐശ്വര്യ. അശ്വതിയാണു സഹോദരി. ഐശ്വര്യയുടെ ആദ്യ പ്രസവമാണിത്. അതേസമയം, ആശുപത്രിയുടെ ഭാഗത്തു നിന്നു മനഃപൂർവം വീഴ്ച ഉണ്ടായിട്ടില്ലെന്നും സാധ്യമായ ചികിത്സകളെല്ലാം നൽകിയിരുന്നെന്നും മാനേജ്മെന്റ് അറിയിച്ചു. ആശുപത്രിയിലെ പ്രതിഷേധത്തെത്തുടർന്ന് ആർഡിഒ ഡി.അമൃതവല്ലി, തഹസിൽദാർ ടി.രാധാകൃഷ്ണൻ, ഡിവൈഎസ്പി പി.സി.ഹരിദാസ്, ഇൻസ്പെക്ടർ ഷിജു ഏബ്രഹാം എന്നിവർ ബന്ധുക്കളുമായി സംസാരിച്ചു ശക്തമായ നടപടി ഉറപ്പു നൽകി.