Monday 19 September 2022 03:51 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശപ്പെട്ടവൻ, എന്റെ മരണം കൊണ്ടെങ്കിലും അയാളത് മനസിലാക്കും’: തെളിവായി ഡയറിയിലെ വരികൾ

suicide-diary

കൊല്ലം ചടയമംഗലത്ത് യുവ അഭിഭാഷക ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ദുരൂഹതകളിലേക്ക് വിരൽചൂണ്ടി ഡയറിക്കുറിപ്പുകൾ. ഭര്‍ത്താവിനെതിരേയുള്ള നിര്‍ണായക തെളിവാകുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്.

കേസിൽ ഭർത്താവ് അറസ്റ്റിൽ. ഇട്ടിവ തുടയന്നൂർ മംഗലത്ത് വീട്ടിൽ ഐശ്വര്യ ഉണ്ണിത്താന്‍ മരിച്ച കേസിലാണ് അഭിഭാഷകനായ ഭര്‍ത്താവ് കണ്ണന്‍ നായരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചെന്നും മരണത്തിന് ഉത്തരവാദിയാണെന്നും സൂചിപ്പിക്കുന്ന ഐശ്വര്യയുടെ ഡയറിക്കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. മൂന്നു വര്‍ഷം മുന്‍‌പായിരുന്നു ഐശ്വര്യയുടെ വിവാഹം. ശാരീരിക ഉപദ്രവത്തെ തുടർന്ന് ഐശ്വര്യയും ഭർത്താവും ഇടയ്ക്ക് അകന്നു താമസിച്ചിരുന്നു.

ഐശ്വര്യയുടെ ഡയറിയില്‍നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:-

'എന്റെ മരണത്തിന് കാരണം കണ്ണന്‍ ആണ്. എനിക്ക് എന്തുസംഭവിച്ചാലും അയാളാണ് ഉത്തരവാദി. എന്നെ അത്രയ്ക്ക് അയാള്‍ ദ്രോഹിക്കുന്നുണ്ട്. മാനസികമായി അത്ര എന്നെ ഉപദ്രവിക്കുന്നു. ആര്‍ക്കും ഇങ്ങനെ വരുത്തരുത്. അന്നേ ഡോക്ടര്‍ പറഞ്ഞതാണ്, കേട്ടില്ല. അത് സത്യമാണ്. അയാള്‍ക്ക് അയാളെ മാത്രമേ ഇഷ്ടമുള്ളൂ. വേറെ ആരെയും ഇഷ്ടമല്ല. ആരുടെയും മനസ് അയാള്‍ക്ക് മനസിലാവില്ല. അയാള്‍ക്ക് കുറേ ധാരണയുണ്ട്. അയാള്‍ അത് വച്ച് സങ്കല്‍പ്പിക്കും. എന്നിട്ട് മറ്റേയാള്‍ അങ്ങനെ ചെയ്തു എന്ന് വരുത്തിതീര്‍ക്കും.

ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മോശപ്പെട്ടവന്‍ അയാളാണ്. ആരോടും അയാള്‍ക്ക് സ്‌നേഹമില്ല. സ്വന്തം സന്തോഷം മാത്രം. അയാള്‍ എന്റെ സന്തോഷം, ജീവിതം, മനസമാധാനം എല്ലാം നശിപ്പിച്ചു. ഒരു ഭാര്യക്ക് നല്‍കേണ്ട ഒന്നും അയാള്‍ എനിക്ക് നല്‍കുന്നില്ല. ഒരു പെണ്ണ് ആഗ്രഹിക്കുന്ന ഒരു പരിഗണനയോ സ്‌നേഹമോ അയാള്‍ക്ക് നല്‍കാന്‍ സാധിക്കില്ല. അയാള്‍ക്ക് സ്‌നേഹം എന്താണ് എന്ന് അറിയില്ല. എങ്ങനെ സ്‌നേഹിക്കണമെന്നും അറിയില്ല. സ്‌നേഹം കിട്ടാതെ മുരടിച്ച് പോയി മനസ് എന്ന് പറഞ്ഞത് ശരിയാണ്. എന്റെ മരണം കൊണ്ടെങ്കിലും അയാള്‍ക്ക് സ്‌നേഹത്തിന്റെ വില മനസിലാക്കി കൊടുക്കണേ ദൈവമേ.'

'ഓരോ ദിവസം കഴിയുന്തോറും കണ്ണേട്ടന്‍ ഭയങ്കര അഗ്രസീവ് ആകുകയാണ്. എന്നെ കണ്ണേട്ടന്‍ ഉപദ്രവിക്കുന്ന ടൈം ഒന്നും വരുത്തരുതേ. എനിക്ക് എന്തെങ്കിലും പറ്റി പോയാല്‍ കണ്ണേട്ടന്റെ ലൈഫ് പോകും. അത് വേണ്ട. എനിക്ക് നന്നായി വേദനിക്കുന്നു.'

കഴിഞ്ഞമാസം പതിനഞ്ചിനാണ് ഭര്‍തൃഗൃഹമായ ചടയമംഗലം മേടയിൽ വീട്ടിലെ കിടപ്പുമുറിയില്‍ ഐശ്വര്യ തൂങ്ങിമരിച്ചത്. ഒളിവില്‍പോയ കണ്ണൻ നായരെ നീണ്ട തിരച്ചിലിനൊടുവിലാണ് ചടയമംഗലം പൊലീസ് പിടികൂടിയത്.