Thursday 26 May 2022 12:43 PM IST : By സ്വന്തം ലേഖകൻ

ഒരാഴ്ച മുമ്പ് റജിസ്റ്റർ വിവാഹം, മാസത്തിൽ പലതവണ കേരളത്തിനു പുറത്തേക്ക്: നവദമ്പതികൾ ലഹരിമരുന്നുമായി പിടിയിൽ

arrest-couple-mdma

സംസ്ഥാനാന്തര ബസിൽ എത്തിയ നവദമ്പതികൾ 67 ഗ്രാം എംഡിഎംഎ യുമായി  പൊലീസ് പിടിയിലായി. കണ്ടല്ലൂർ വടക്ക് ബിനുഭവനത്തിൽ താമസിക്കുന്ന കണ്ണമ്പള്ളിഭാഗം ചാലുവടക്കേതിൽ അനീഷ്(24), ഭാര്യ കൊറ്റുകുളങ്ങര സ്വദേശിനി ആര്യ(19) എന്നിവരാണ് പിടിയിലായത്.വിപണിയിൽ മൂന്നരലക്ഷം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത എംഡിഎംഎ.

ഒരാഴ്ച മുൻപാണ് ഇരുവരും റജിസ്റ്റർ വിവാഹം കഴിച്ചത്.ദേശീയപാതയിൽ കെഎസ് ആർടിസി ബസ് സ്റ്റേഷന് തെക്ക് ഭാഗത്ത് ലോക്കൽ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും  ചേർന്ന് ഇന്നലെ രാവിലെ 7ന് വാഹനപരിശോധന നടത്തവേയാണ്  ബെംഗളൂരുവിൽ നിന്ന് ബസിൽ വന്നിറങ്ങി വീട്ടിലേക്ക് വാഹനം കാത്തു നിന്ന ദമ്പതികൾ പിടിയിലായത്.  കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിന് അനീഷിനെതിരെ കേസുണ്ട്. ഇപ്പോൾ ജാമ്യത്തിലാണ്.

മാസത്തിൽ പല തവണ കേരളത്തിനു പുറത്തേക്ക്

കായംകുളം ∙ എംഡിഎംഎ യുമായി അറസ്റ്റിലായ കണ്ടല്ലൂർ വടക്ക് ബിനുഭവനത്തിൽ താമസിക്കുന്ന കണ്ണമ്പള്ളിഭാഗം ചാലുവടക്കേതിൽ അനീഷ്(24) മാസത്തിൽ രണ്ടും മൂന്നും പ്രാവശ്യം  സംസ്ഥാനത്തിന് പുറത്ത് പോയി എം ഡി എംഎ വാങ്ങാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കായംകുളം ഐക്യ ജംക്‌ഷൻ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾക്ക് എം ഡി എം എ നൽകുന്നത് അനീഷാണെന്നും കോളജ് വിദ്യാർഥികൾക്കും ഇയാൾ ലഹരിമരുന്ന് കൈമാറിയിരുന്നുവെന്നും സൂചന ലഭിച്ചിട്ടുണ്ട്.

1500 രൂപ മുതൽ 2000 രൂപ വരെ മുടക്കി കൊണ്ടുവരുന്ന എംഡിഎംഎ ഗ്രാമിന് 5000 രൂപയ്ക്കാണ് വിറ്റഴിക്കുന്നത്.  നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.കെ.ബിനുകുമാറിന്റെ ചുമതലയിലുള്ള ഡാൻസാഫ് ടീം, കായംകുളം ഡിവൈഎസ്പി അലക്സ്ബേബി എന്നിവരുടെ നേതൃത്വത്തിൽ കനകക്കുന്ന് സിഐ ജയകുമാർ,എസ്ഐ ശ്രീകുമാർ, അഡീഷനൽ എസ്ഐ മുരളീധരൻ , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ റെജി,അനൂപ് , നിസാം, വിമൻ സിപിഒ ജോളി, റെസീന അരുൺ,ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ ഇല്യാസ് , എഎസ്ഐ സന്തോഷ് , ജാക്സൺ, എസ്പിഒ ഉല്ലാസ് ,സിപിഒ ഷാഫി, എബി, സിദ്ദീഖ്,പ്രവീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

More