Wednesday 29 July 2020 04:50 PM IST : By സ്വന്തം ലേഖകൻ

സെമിത്തേരിയിൽ ദഹിപ്പിച്ച് ഭസ്മമെടുത്ത് അടക്കം ചെയ്തു; മഹാമാരിയുടെ കാലത്ത് മഹത്തായ മാതൃക; കുറിപ്പ്

alp-covid

കോട്ടയത്ത് കോവിഡ് പോസിറ്റീവായി മരിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവം വലിയ ഒച്ചപ്പാടുകളാണ് സോഷ്യൽ മീഡിയക്ക് അകത്തു പുറത്തു സൃഷ്ടിച്ചത്. അനാവശ്യ ഭീതിയുടേയും അജ്ഞതയുടേയും പേരിൽ മൃതദേഹത്തോട് പോലും അനാദരവ് കാട്ടിയ സംഭവം നാടിന് നാണക്കേടാകുകയും ചെയ്തിരുന്നു. സംഭവത്തിൽ ചർച്ചകൾ സജീവമായി നിൽക്കുമ്പോൾ ഉദാത്ത മാതൃക തീർക്കുകയാണ് ആലപ്പുഴ ലത്തീൻ അതിരൂപത. ആലപ്പുഴ മാരാരിക്കുളത്തെ രണ്ട് പള്ളികളിലായാണ് മൃതദേഹങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ചത്. നാടിനൊപ്പം ചേർന്നു നിന്നെടുത്ത വലിയ തീരുമാനത്തെ അഭിനന്ദിച്ച് ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. നെൽസൺ ജോസഫ്. പുക തട്ടിയാൽ രോഗബാധയുണ്ടാവും എന്ന വ്യാജപ്രചരണം നടക്കുന്ന കാലത്ത് പകർന്നു നൽകിയ വലിയ സന്ദേശമാണ് ആലപ്പുഴയിലേതെന്ന് ഡോ. നെൽസൺ കുറിക്കുന്നു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ തയ്യാറായ ആലപ്പുഴ രൂപതയുടെ തീരുമാനം മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു.വെള്ളക്കെട്ടും മറ്റ് പ്രാദേശിക പ്രശ്നങ്ങളും മൂലം സംസ്കാരം വൈകുന്ന സാഹചര്യത്തിലായിരുന്നു രൂപതയുടെ മാതൃകാപരമായ തീരുമാനം.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ആലപ്പുഴ ലത്തീൻ അതിരൂപതയുടെ മാതൃകയാണ്.

കോവിഡ് ബാധിച്ച് മരണപ്പെട്ട ആളുകളുടെ മൃതദേഹം ദഹിപ്പിക്കുന്നതിന്റെ പുക തട്ടിയാൽ രോഗബാധയുണ്ടാവും എന്ന വ്യാജപ്രചരണം നടക്കുന്ന കാലമാണ്.

അപ്പോൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം സെമിത്തേരിയിൽ ദഹിപ്പിച്ച് ഭസ്മമെടുത്ത് അടക്കം ചെയ്യാനുള്ള നിർദേശങ്ങളുമായി മുന്നോട്ട് വരികയാണ് ആലപ്പുഴ ലത്തീൻ അതിരൂപത.

കുഴിയെടുത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അടക്കം ചെയ്യാനുള്ള സാഹചര്യം പലയിടത്തും ലഭിക്കാത്തതുകൊണ്ടാണ് ഈ മാർഗം സ്വീകരിച്ചതെന്ന് വാർത്തകളിൽ നിന്ന് മനസിലാക്കുന്നു.

ഒരു വിപത്തിനെ നേരിടുമ്പൊ നൽകാവുന്ന മഹത്തായ ഒരു മാതൃകയാണ് ആലപ്പുഴ ലത്തീൻ അതിരൂപത നൽകിയത്..

ഭാവുകങ്ങൾ