Wednesday 06 July 2022 03:32 PM IST : By ധന്യ മേലേടത്ത്

ഫിസിക്കല്‍ ടെസ്റ്റിൽ ഒരു പുഷ്അപ്പിന്റെ കുറവില്‍ പരാജയപ്പെട്ടു, അവിടുന്ന് വാശിയോടെ മുന്നോട്ട്: ന്യൂസീലാൻഡിലെ മലയാളി പൊലീസ്

aleena

ജീവിതത്തിലെ വെല്ലുവിളികൾ നേരിടാൻ തയാറായിട്ടുള്ളവരാണ് പുതുതലമുറയിലെ പെണ്‍കുട്ടികള്‍. അതുകൊണ്ടുതന്നെ അവര്‍ തിരഞ്ഞെടുക്കുന്ന വഴികളും വളരെ വ്യത്യസ്തമായിരിക്കും. ഇതിനിടയില്‍ അല്‍പം സാമൂഹിക പ്രതിബദ്ധതയും സഹായ മനഃസ്ഥിതിയും കൂടിയുളളവരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അതേ, 22കാരി അലീന അഭിലാഷ് എന്ന മിടുക്കിയും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച് അങ്ങ് ന്യൂസീലന്‍ഡിലെ ആദ്യ മലയാളി ഓഫീസറെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് ഈയൊരു ചരിത്രനേട്ടത്തിന് അലീനയെ പ്രാപ്തയാക്കിയത്.

പാലായില്‍ നിന്ന് ന്യൂസീലന്‍ഡിലേക്ക്...

കോട്ടയത്തെ ചാവറ പബ്ലിക് സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അലീന കുടുംബത്തോടൊപ്പം ന്യൂസീലന്‍ഡിലേക്കെത്തുന്നത്. നാട്ടില്‍ സുഹൃത്തുക്കളോടൊപ്പം പാറി പറന്നുനടന്ന 11 വയസുകാരിക്ക് ആ മാറ്റം വലിയ ബുദ്ധിമുട്ടുതന്നെയായിരുന്നു. സുഹൃത്തുക്കളെയും മറ്റ് കുടുംബാംഗങ്ങളെയും വിട്ട് ആരുമറിയാത്ത നാട്ടിലേക്ക് പോകുന്ന കാര്യം ആലോചിക്കാന്‍ തന്നെ ഇഷ്ടമില്ലായിരുന്നു.

ന്യൂസീലന്‍ഡിൽ എത്തി കഴിഞ്ഞപ്പോഴും ഭാഷ, ജീവിതരീതി ഒക്കെ മനസിലാക്കാന്‍ ഒരുപാട് സമയമെടുത്തു. പിന്നെ പതുക്കെ ന്യൂസീലന്‍ഡിനേയും ഇഷ്ടപ്പെട്ടു. എന്നാലും കേരളത്തിലെ ഒത്തൊരുമ നമുക്കെവിടെ പോയാലും കാണാനാവില്ലെന്ന് അലീന പറയുന്നു. സ്‌കൂള്‍, കോളജ് പഠനരീതി കേരളത്തിലേതിനേക്കാളും വളരെ വ്യത്യസ്തമാണ് ന്യൂസീലന്‍ഡില്‍. പഠനത്തിന്റെ കാര്യത്തില്‍ കുട്ടികളുടെ മേലുള്ള സമര്‍ദം വളരെ കുറവാണ്. എന്നാലോ മത്സരം കൂടുതലും. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് പഠനം മുന്നോട്ട് കൊണ്ടുപോകാം. കൂടുതലും അസൈന്‍മെന്റ് അധിഷ്ഠിതമായ പഠനരീതിയാണ് ഇവിടെ.സ്‌കൂള്‍ പഠനശേഷം ഒട്ടാഗോ സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയും ക്രിമിനോളജിയും അലീന കരസ്ഥമാക്കി. സ്ത്രീകള്‍ക്ക് ഇവിടെ കിട്ടുന്ന ബഹുമാനവും അവസരങ്ങളും കേരളത്തിലേക്കാള്‍ മെച്ചപ്പെട്ടതാണെന്നും അലീന പറയുന്നു.

ആദ്യം തോറ്റു, പിന്നെ ജയിച്ചു

പൊലീസാവാനുളള യാത്രയില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. കോവിഡ് കാരണം ഇതിന്റെ നടപടിക്രമങ്ങള്‍ കുറേ കാലത്തേക്ക് നിര്‍ത്തി വച്ചിരുന്നു. അതിനാല്‍ തന്നെ നീണ്ട കാത്തിരിപ്പായിരുന്നു ആദ്യ ബുദ്ധിമുട്ട്. ആദ്യത്തെ ഫിസിക്കല്‍ ടെസ്റ്റിന് ഒരു പുഷ്അപ്പിന്റെ കുറവില്‍ പരാജയപ്പെട്ടു. പക്ഷേ, ആ തോല്‍വി എന്നെ തളര്‍ത്തുകയല്ല കൂടുതല്‍ പരിശ്രമിക്കാനുളള ഊര്‍ജമാണ് നല്‍കിയത്. അതോടെ വാശിയായി. ഒന്ന് പരാജയപ്പെട്ടാല്‍ അതിലും ശക്തിയില്‍ തിരിച്ചു വരണം എന്നാണല്ലോ. രണ്ടാം അവസരത്തില്‍ മുഴുവന്‍ പോയിന്റും നേടിയാണ് അലീന വിജയിക്കുന്നത്. ഏത് നാട്ടിലേയും പോലെ ലിംഗവിവേചനവും വംശീയതയുമൊക്കെ ഇവിടെയുമുണ്ട്. അത്തരം വെല്ലുവിളികളെല്ലാം തരണം ചെയ്താണ് അലീന പൊലീസ് തൊപ്പി അണിയുന്നത്.

aleena-abhilash77889

ആദ്യ നിയമനം

റോയല്‍ ന്യൂസിലൻഡ് കോളജില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയാണ് അലീന പൊലീസ് യൂനിഫോം അണിയുന്നത്. കോണ്‍സ്റ്റബിള്‍ റാങ്കിലാണ് ആദ്യ നിയമനം. മുന്നോട്ടുളള യാത്രയെ ഞാനും വളരെ ആകാംക്ഷയോടെയാണ് നോക്കികാണുന്നത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍സിലാണ് താൽപര്യം. അതിനാല്‍ സിഐബി ആണ് ഇനിയുളള ലക്ഷ്യം. ആംഡ് സ്‌ക്വാഡിലും ഇഷ്ടമുണ്ട്. പിന്നെ കുറ്റവാളികളോടും ഇരകളോടും ഇടപഴകുമ്പോള്‍ സൈക്കോളജി, ക്രിമിനോളജി എന്നിവയിലുളള അറിവ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കുടുംബം

അപ്പ, അമ്മ, അനിയന്‍ അടങ്ങുന്നതാണ് അലീനയുടെ കുടുംബം. ന്യൂസീലന്‍ഡിലേക്ക് കുടിയേറിയ ഇവര്‍ പാമര്‍സ്റ്റണ്‍ നോര്‍ത്തിലാണ് താമസിക്കുന്നത്. അപ്പ, ഉള്ളനാട് പുളിക്കല്‍ അഭിലാഷ് സെബാസ്റ്റ്യന്‍ അമ്മ പിഴക് പുറവക്കാട്ട് ബോബി. അനിയന്‍ ആല്‍ബി അഭിലാഷ് വിക്ടോറിയ കോളേജില്‍  ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ്.

എന്തിനും കൂടെ നില്‍ക്കുന്ന ആളാണ് അപ്പ. അമ്മയാണെങ്കില്‍ വല്ലപ്പോഴും വഴക്കുപറയുന്ന സ്‌നേഹനിധിയായ ഒരാളും. ഇവര്‍ മൂന്നുപേരുമാണ് തന്റെ ധൈര്യമെന്ന് അലീന പറയുന്നു. അമ്മയാണ് ജീവിതത്തില്‍ എന്നെ അദ്ഭുതപ്പെടുത്തിയ വ്യക്തി. മറ്റുളളവരോടുളള ദയയും സ്‌നേഹവും നിറഞ്ഞ അമ്മയുടെ പെരുമാറ്റമാണ് തനിക്ക് ഇത്തരമൊരു ജോലി തിരഞ്ഞെടുക്കുന്നതില്‍ പ്രചോദനമായതെന്നും അലീന പറഞ്ഞു.

പൂർണരൂപം വായിക്കാം