Tuesday 29 November 2022 04:52 PM IST

‘ഡിപ്രഷനിലായി, ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു’: മരണത്തിനു മുമ്പ് അച്ഛൻ കണ്ട സ്വപ്നം: അമൃതയുടെ യാത്ര

Shyama

Sub Editor

amritha-joshy

നിങ്ങൾക്കു വേണ്ടതിലേക്കുള്ളോരു തെളിഞ്ഞ പാത കാണാനാകുന്നില്ലെങ്കിൽ, കഴിയുമെങ്കിൽ ഒരെണ്ണം സൃഷ്ടിച്ചേക്കുക.’ അമേരിക്കൻ നടിയും നിർമാതാവുമായ മിന്റി കലിങ്ങിന്റെ വാക്കുകൾ സ്വന്തം ജീവിതത്തിൽ പകർത്തിയ മൂന്ന് വനിതകൾ ‘വനിത’യ്ക്കൊപ്പം ചേരുന്നു.

സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ കുതിരപ്പുറത്തെത്തുന്ന രാജകുമാരനെ അവർ കാത്തിരിക്കുന്നില്ല. തേരാളികൾ വേണ്ടാത്ത, ഒറ്റയ്ക്ക് ലോകം ചുറ്റാൻ പ്രാപ്തിയുള്ള വനിതകളെ അടുത്തറിയാം. തിരുവനന്തപുരം സ്വ ദേശി ഷൈനി രാജ്കുമാർ, കൊച്ചിക്കാരി ആർജെ അംബിക, കാസർകോട് നിന്ന് അമൃത ജോഷി.

ഈ യാത്ര അച്ഛനു വേണ്ടി– അമൃത ജോഷി

അച്ഛനും എനിക്കും വേണ്ടിയായിരുന്നു ഈ യാത്ര.’’ 21 കാരി അമൃത ജോഷി പറയുന്നു. കാസർകോട് കുമ്പള സ്വദേശി അമൃത ഈ വർഷം ഫെബ്രുവരി നാലിനാണ് യാത്ര തുടങ്ങിയത്.

‘‘12 വയസ്സു തൊട്ട് വണ്ടിയോടിക്കാനറിയാം. 18–ാം വയസ്സിൽ ലൈസൻസ് എടുത്തയുടനെ യാത്രകൾ പോയിരുന്നു. ഒപ്പം നിന്നത് അച്ഛനായിരുന്നു. മൂന്ന് വർഷം മുൻപ് അച്ഛൻ ഞങ്ങളെ വിട്ടു പോയി. എനിക്ക് താങ്ങാൻ പറ്റാവുന്നതിനപ്പുറമായിരുന്നു ആ നഷ്ടം. പതിയേ ഞാൻ ഡിപ്രഷനിലായി. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു. ആ സമയത്ത് അമ്മയാണ് അച്ഛന്റെ സ്വപ്നത്തെക്കുറിച്ച് ഓർമിപ്പിച്ചത്. ‘മകൾ റൈഡറാകണം’ എന്ന് എപ്പോഴും പറഞ്ഞിരുന്നു. ആ സ്വപ്നമാണ് പൂർത്തിയാക്കിയത്. യാത്ര എന്നെ വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ചു. എനിക്ക് രണ്ടാം ജന്മം തന്നെന്ന് പറയാം.

തെറ്റിധാരണകൾ അകലുന്നു

നോർത്– ഈസ്റ്റിലേക്ക് തനിച്ച് പോകുന്നു എന്ന് കേട്ടതും അറിയുന്നവരും അറിയാത്തവരും ഒക്കെ ആ നാട് മോശമെന്നും ആളുകൾ മോശക്കാരാണെന്നും പറയാൻ തുടങ്ങി. ഒരുപാട് നെഗറ്റീവും പേറിയാണ് യാത്ര തുടങ്ങിയത്. പക്ഷേ, അവിടെ എത്തിയതും എന്റെ വീട്ടിലെത്തിയതു പോലെയാണ് തോന്നിയത്.

ആ നാട്ടുകാർ തന്ന സ്നേഹം മറ്റൊരിടത്തു നിന്നും എ നിക്ക് കിട്ടിയിട്ടില്ല. ഒരു രൂപ പോലുമില്ലാതെ ആ നാട്ടിൽ ഇനിയും പോയാലും എനിക്ക് അവിടെ ജീവിക്കാം. വഴിയിലൊക്കെ നമ്മൾ മാപ് നോക്കാൻ സിഗ്‌നൽ ഇല്ലാതെ നിന്നാൽ അവർ വന്ന് കാര്യങ്ങൾ അന്വേഷിക്കും. കയ്യിൽ കാശുണ്ടോ എന്ന് ചോദിക്കും. ഉണ്ടെന്ന് പറഞ്ഞാലും ചിലർ നിർബന്ധിച്ച് കുറച്ച് പണം തന്നിട്ട് ‘സൂക്ഷിച്ചു പോകൂ’ എ ന്നു പറഞ്ഞ് യാത്രയാക്കും.

സിക്കിം, ആസാം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, ത്രിപുര, മിസോറാം, അരുണാചൽപ്രദേശ് ഒക്കെ കണ്ടു. സ്വപ്നത്തിലെത്തിയ പോലുള്ള കാഴ്ചകൾ. മൈനസ് ഡിഗ്രി തണുപ്പുള്ള ഇടങ്ങളിൽ പോയപ്പോൾ കയ്യിൽ പച്ചക്കർപ്പൂരം തിരുമ്മി അത് ഉള്ളിലേക്ക് ശ്വസിച്ചിരുന്നു. അത് നല്ല ആശ്വാസം തരും.

നോർത് ഈസ്റ്റിലേക്ക് മാത്രം ഉദ്ദേശിച്ച യാത്ര പക്ഷേ, അവിടം കൊണ്ട് തീർന്നില്ല. യാത്രയുടെ ഹരം കയറി ഇന്ത്യ ചുറ്റി ഓഗസ്റ്റ് 10 നാണ് നാട്ടിൽ തിരിച്ചെത്തിയത്.

amritha നോർത്– ഈസ്റ്റിലേക്ക് സോളോ ബൈക് യാത്ര ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ മലയാളി പെൺകുട്ടി– അമൃത ജോഷി

പെണ്ണ് മാത്രം എന്തിന് മാറി നിൽക്കണം?

പോളിമർ സയൻസാണ് ബിരുദമെങ്കിലും ബൈക്കിങ്ങാണ് പാഷൻ. അച്ഛൻ അഷോക് ജോഷി അഗ്രിക്കൾച്ചറിസ്റ്റായിരുന്നു. അമ്മ അന്നപൂർണ, ചേട്ടൻ അജയ്, ചേച്ചി അപൂർവ ഒക്കെ എനിക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. യാത്ര പോകും മുൻപേ ഒരാഴ്ച വണ്ടിയുടെ ടെക്നിക്കൽ കാര്യങ്ങളെക്കുറിച്ചറിയാനും ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ട്രെയിനിങ് എടുത്തിരുന്നു.

സിആർഎഫ് വിമൻ ഓൺ വീൽസ് ക്ലബ്ബിന്റെ എല്ലാ പിന്തുണയുമുണ്ടായിരുന്നു. കെടിഎം ഡ്യൂക് 200 ലാണ് യാത്ര പോയത്. സ്ത്രീ യാത്രക്കാർക്കായി പൊതുവായ വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ കൂടുതൽ ഉണ്ടാകേണ്ടതുണ്ട്. അടുത്ത ലക്ഷ്യം ഇന്റർനാഷനൽ ബൈക് ട്രിപ് ആണ്. അതിന് സ്പോൺസേഴ്സിനെ അന്വേഷിക്കുന്നു.

സ്ത്രീകൾ വണ്ടി ഓടിക്കാൻ പാടില്ല എന്ന് ചിന്തിക്കുന്നവർ ഇക്കാലത്തുമുണ്ട്. അവരോട് പറയാനൊന്നേയുള്ളൂ. ഈ നാട്ടിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വണ്ടി ഓ ടിക്കാന്‍ വേണ്ടത് ഒരേ ലൈസൻസ് ആണ്. അതുള്ളിടത്തോളം കാലം സ്ത്രീകൾ വണ്ടി ഓടിക്കുക തന്നെ ചെയ്യും. ഒരുപാട് പെൺകുട്ടികളെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ വഴി ഒരാൾക്കെങ്കിലും അവരുടെ സ്വപ്നത്തിലേക്ക് നടക്കാനുള്ള ഊർജം കിട്ടുന്നെങ്കിൽ ഹാപ്പിയാണ്. നമുക്കുള്ളത് ഒരൊറ്റ ജീവിതം. അത് മറ്റുള്ളവരെ പേടിച്ചും മറ്റുള്ളവർക്കിഷ്ടമുള്ള തരത്തിൽ മാറ്റിയും ജീവിക്കാനുള്ളതല്ല.’’ ഉറച്ച സ്വരത്തിൽ അമൃത.

ശ്യാമ