Wednesday 28 September 2022 01:39 PM IST : By സ്വന്തം ലേഖകൻ

‘അവൾ ജോലിക്ക് പോകണ്ട, കുഞ്ഞിനെ നോക്കി വീട്ടിലിരിക്കട്ടെ എന്ന ധാർഷ്ട്യമാണ് പലർക്കും’: കുറിപ്പ്

ancy-vishnu-sep-28

അമ്മയാവുന്നതോടെ തങ്ങളുടെ സ്വപ്നങ്ങൾക്ക് ഫുൾ സ്റ്റോപ്പിടുന്നവരുണ്ട്. തങ്ങളിലേക്ക് തന്നെ ചുരുങ്ങിപ്പോകുന്നവർ. തുടർപഠനം, ജോലി തുടങ്ങി മനസിൽ കുറിച്ചിട്ട സ്വപ്നങ്ങളെ നാലു ചുമരുകൾക്കുള്ളിലേക്ക് ഒതുക്കുന്ന സ്ത്രീകളോട് ഹൃദയം തുറന്ന് സംസാരിക്കുകയാണ് അൻസി വിഷ്ണു. പെണ്ണാണോ എന്നാൽ അവള് ജോലിക്ക് പോകണ്ട, കുഞ്ഞിനെ നോക്കിയിരിക്കട്ടെ എന്ന ധാർഷ്ട്യങ്ങളോടുള്ള പ്രതികരണം കൂടിയാണ് അൻസിയുടെ കുറിപ്പ്. അമ്മായാകൽ ഒരു സ്ത്രീയുടെ ജീവിതത്തിൽ സന്തോഷമാണ്, അംഗീകരിക്കുന്നു. പക്ഷേ കുഞ്ഞിനെ നോക്കണം എന്ന കാരണം പറഞ് ഇഷ്ട്ടങ്ങൾക്കും സ്വപ്നങ്ങൾക്കും നോ പറയരുതെന്നും അൻസി കുറിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് അൻസി കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

അമ്മമാരെ

കുഞ്ഞുങ്ങളെ ഇട്ടിട്ട് ഇനി എങ്ങനെയാ തുടർ പഠനം,

ഒരുപാട് ആഗ്രഹമായിരുന്നു തുടർന്നും പഠിക്കണമെന്ന്, പക്ഷെ മൂത്തതിന് രണ്ട് വയസ് ആയപ്പോഴേക്കും ഇളയത് വന്നു.

ഇനി പഠനമൊന്നും നടക്കില്ല,..

ഇഷ്ട്ടങ്ങൾക്കും സ്വപ്നങൾക്കും ആഗ്രഹങ്ങൾക്കും ബൈ പറയുന്ന അമ്മമാരുടെ കാരണങ്ങളിൽ ഒന്നാണ് കുഞ്ഞുങ്ങളെ നോക്കണ്ടേ എന്നത്.

അച്ഛനും അമ്മയ്ക്കും മക്കളിൽ ഉള്ള ഉത്തരവാദിത്തം തുല്യമാണ്.

അപ്പൂപ്പനെയോ അമ്മുമ്മയെയോ ഏല്പിച്ച് അമ്മമാർക്കും ജോലിക്ക് പോകുകയോ തുടർന്ന് പഠിക്കാൻ പോകുകയോ ചെയ്യാം.

മുലപാൽ കുടിക്കുന്ന കുഞ് ആണെങ്കിൽ മുല പാല് breast pump ഉപയോഗിച്ച് എടുത്ത്, പാത്രത്തിൽ സൂക്ഷിച്ച്, feeding ബോട്ടിൽ വഴി കുഞ്ഞിന് കൊടുക്കാവുന്നതാണ്, അത്കൊണ്ട് ഒരു കുഴപ്പവും അമ്മക്കോ കുഞ്ഞിനോ ഉണ്ടാകുന്നില്ല.

ഇത് നമുക്ക് എല്ലാവർക്കും അറിയാം എന്നാലും അവള് ജോലിക്ക് പോകണ്ട, കുഞ്ഞിനെ നോക്കിയിരിക്കട്ടെ എന്ന ധാർഷ്ട്യമാണ് നമ്മുടെ നാട്ടിലെ മനുഷ്യർക്ക്.

എന്നിട്ടോ കയ്യിൽ ഒരു രൂപയില്ലാതെ, ഒരു വിലയുമില്ലാതെ, ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാതെ, ഇഷ്ട്ടമുള്ള ഭക്ഷണം കഴിക്കാൻ കഴിയാതെ വീട്ടമ്മയായി തള്ളി നീക്കും..

അമ്മായാവൽ ഒരു സ്ത്രീയുടെ ജീവിതത്തിൽ സന്തോഷമാണ്, അംഗീകരിക്കുന്നു.

പക്ഷെ കുഞ്ഞിനെ നോക്കണം എന്ന കാരണം പറഞ് ഇഷ്ട്ടങ്ങൾക്കും സ്വപ്നങ്ങൾക്കും നോ പറയരുത്.

കുഞ്ഞിന് ഇഷ്ട്ടമുള്ള ഭക്ഷണം വാങ്ങി കൊടുക്കുവാൻ, നല്ല ഭംഗിയുള്ള ഒരു ഉടുപ്പ് വാങ്ങി കൊടുക്കുവാൻ, ഇടക്ക് ആരേം കൂട്ടാതെ കുഞ്ഞിനേം കൂട്ടി ഒരു ice ക്രീം കഴിക്കാൻ പോകുവാനൊക്കെ കാശിന് വേണ്ടി ആരോടും കൈ നീട്ടാതെ നമ്മൾക്കും നമ്മുടെ ബാഗിൽ കാശ് ഉണ്ടാകുന്നത് എത്ര അഭിമാനമാണ്..

അമ്മ "വീട്ടമ്മയാണ് " "വീട്ടമ്മയായിരുന്നു "എന്ന് പറയുന്നതിൽ നാളെത്തെ തലമുറയിൽ ഒരു മകനോ മകളോ അഭിമാനം കൊള്ളുമെന്ന് തോന്നുന്നില്ല.

അമ്മ ചിറക് വിരിച്ച് പറന്നു എന്ന് പറയാനാകാം നമ്മുടെ മക്കൾ കൊതിക്കുന്നത്.

കുടുംബത്തിന് വേണ്ടി, കുഞ്ഞുങ്ങൾക്ക് വേണ്ടി, കരിയർ ഉപേക്ഷിച്ച്, ജോലി ഉപേക്ഷിച്ച്, കരിയറിൽ വലിയ ബ്രേക്ക്‌ വരുത്തി, സ്വപ്നങ്ങൾ ഉപേക്ഷിക്കുന്ന അമ്മമാരെ..

കുഞ്ഞുങ്ങൾ സ്കൂളിൽ പോയി തുടങ്ങുമ്പോൾ, അവർ അവരുടെ തിരക്കുകളും ജീവിതവും കണ്ട് പിടിച്ച് പറക്കുമ്പോൾ നിങ്ങൾക്ക് ചെയ്യുവാൻ അടുക്കള പണിയും, തുണി അലക്കലും മാത്രമാകും, വെച്ച് വിളമ്പുന്ന വീട്ടമ്മമാർ മാത്രം ആകും,

കരിയറിൽ ഒരു വലിയ ബ്രേക്ക്‌ ഒക്കെ കഴിഞ്ഞ് ജോലി തിരഞ് ഇറങ്ങുമ്പോൾ നിങ്ങൾക്ക് ജോലി കിട്ടിക്കോളണം എന്നില്ല.

കുഞ്ഞുങ്ങൾക്ക് വേണ്ടി സ്വപ്നങ്ങൾ ഉപേക്ഷിക്കുമ്പോൾ നിങ്ങൾ ആദ്യം അവരുടെ മുഖത്തെ ചിരിയോർക്കുക, അവരുടെ മുഖത്തെ ചിരി അമ്മമാരുടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ചിരിയാണ്. നമുക്ക് ആ ചിരിയുണ്ടാകുന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെയാണ്, ഇഷ്ട്ടമുള്ള ജീവിതം ജീവിക്കുന്നതിലൂടെയാണ്...

കുഞ്ഞുങ്ങൾക്ക് വേണ്ടി സ്വപ്നങ്ങൾ ഉപേക്ഷിക്കുമ്പോൾ നമ്മൾ അവരുടെ ചിരി നശിപ്പിക്കുന്നു, മക്കൾക്ക് വേണ്ടി ഇഷ്ട്ടങ്ങൾ നശിപ്പിച്ചു എന്നൊരു തോന്നലിൽ നമ്മൾ ഒറ്റക്ക് ആകും, ഒന്നും ചെയ്യുവാനോ, ഒന്നും സ്വന്തമായും ഇല്ലാത്ത അമ്മയാവലിൽ മാതൃത്വത്തിന്റെ സകല ഭംഗിയും നശിക്കും.....

ഇഷ്ട്ടങ്ങളെയും സ്വപ്‍നങ്ങളെയും ഉപേക്ഷിക്കല്ലേ അമ്മമാരെ.....

എന്ന്

അമ്മയായതിൽ പിന്നെ ചിരി വിരിഞ്ഞ ഒരുവൾ