Monday 07 June 2021 11:42 AM IST

രണ്ടാം വയസില്‍ ടിക് ടോക് അരങ്ങേറ്റം, ഇന്‍സ്റ്റഗ്രാമില്‍ മില്യണ്‍ കാഴ്ചക്കാര്‍: ആ ചുന്ദരിപ്പെണ്ണ് ബീഹാര്‍ സ്വദേശി: കണ്ടെത്തി വനിത ഓണ്‍ലൈന്‍

Binsha Muhammed

angel

ഖല്‍ബില്‍ തറയ്ക്കുന്ന നോട്ടം, കണ്ടു കൊതിതീരാത്ത ചന്തം, കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന ചുണ്ടനക്കം. ഒരുവട്ടം കണ്ടാല്‍ പിന്നെ കണ്ണെടുക്കാനേ തോന്നില്ല. അത്രമേല്‍ ക്യൂട്ട് ആണ് ഈ ചുന്ദരിക്കുട്ടി. മലയാളിയുടെ വാട്‌സാപ്പ് സ്റ്റാറ്റസുകളിലും ഇന്‍സ്റ്റഗ്രാം റീലുകളിലും അവിടുന്ന് ഹൃദയങ്ങളിലേക്കും കുടിയേറിയ ചുന്ദരിപ്പെണ്ണ് പലര്‍ക്കും അദ്ഭുതമായിരുന്നു. ഇന്‍സ്റ്റഗ്രാം റീലിലെ  വന്‍പുലികള്‍ പോലും ചുണ്ടനക്കത്തിലും ടൈമിങ്ങിലും തപ്പിത്തടയുമ്പോള്‍ ഈ കുഞ്ഞിപ്പെണ്ണ് അരങ്ങു തകര്‍ക്കുകയാണ്. പ്രണയവും ക്യൂട്ട്‌നെസും ഒരു പോലെ ഇഴനെയ്‌തെടുത്ത പ്രകടനങ്ങളുമായി ഹൃദയം നിറയ്ക്കുകയാണ്. 

പ്രായത്തെ വെല്ലുന്ന എക്‌സ്പ്രഷനോടെ സോഷ്യല്‍ മീഡിയയില്‍ നില്‍ക്കുന്ന ഈ ക്യൂട്ട് സുന്ദരി ആരെന്ന ചോദ്യത്തിന് ഉത്തരങ്ങളും ഭാവനകളും പലതുണ്ടായിരുന്നു. എന്നാല്‍ ഇതാദ്യമായി വനിത ഓണ്‍ലൈന്‍ അവളെ തേടിയ പ്രിയപ്പെട്ടവര്‍ക്ക് മുന്നിലേക്ക് അവളെ പരിചയപ്പെടുത്തുകയാണ്. ഗയ സ്വദേശിയായ ഏയ്ഞ്ചല്‍ റിതിയാണ് ഈ എക്പ്രഷന്‍ ക്വീന്‍. തമിഴ്  ഗാനങ്ങള്‍ ഉള്‍പ്പെടെ ചടുലമായി അവതരിപ്പിക്കുന്ന അവളെ തേടിയുള്ള അന്വേഷണം ചെന്നുനിന്നത് തെന്നിന്ത്യയും കടന്ന് ബീഹാറിലാണ്. ഇന്‍സ്റ്റഗ്രാമില്‍ മില്യണ്‍ കാഴ്ചക്കാരുമായി ഹൃദയം കീഴടക്കുന്ന ഏയ്ഞ്ചലിന്റെ കഥ അമ്മ ജ്യോതികുമാരിയാണ് വനിത ഓണ്‍ലൈനോട് പങ്കുവച്ചത്.

എക്‌സ്പ്രഷന്‍ ക്വീന്‍

ബീഹാറിലെ ഗയയാണ് ഞങ്ങളുടെ സ്വദേശം. ഏയ്ഞ്ചല്‍ റിതിയുടെ അച്ഛന്‍ രവി മേത്ത ബിസിനസുകാരനാണ്. ഞാന്‍ ജ്യോത്ി കുമാരി പൊലീസ് കോണ്‍സ്്റ്റബിളാണ്- ജ്യോതി പറഞ്ഞു തുടങ്ങുകയാണ്.

angel-1

തൂ ആത്താ ഹേ സീനേ മേം... എന്ന എംഎസ്  ധോണിയിലെ പാട്ട് കൊഞ്ചിപ്പാടുമായിരുന്നു അവള്‍. അന്നവള്‍ക്ക്് ഒന്നര വയസ്. സ്മ്യൂളില്‍ കരോക്കെയിട്ട് അവള്‍ പാടിയപ്പോള്‍ ഞങ്ങള്‍ പോലും ഞെട്ടിപ്പോയി. അത്രയ്ക്ക് രസമായി പാടി. അതായിരുന്നു തുടക്കം. അതില്‍പ്പിന്നെയാണ് ടിക് ടോക് നമുക്കിടയില്‍ തരംഗമാകുന്നത്. ഡ്യൂട്ടിക്കിടയിലും ഒഴിവ് സമയങ്ങളിലും ഞാനും ടിക് ടോക് പരീക്ഷണങ്ങള്‍ നടത്താറുണ്ടായിരുന്നു. അതുകൊണ്ട് അവളും ഞങ്ങള്‍ക്കൊപ്പം കൂടി. എനിക്കൊപ്പം  വിഡിയോയില്‍ ഏയ്ഞ്ചലും ഇടംപിടിച്ചു. ചിരിച്ചും കുസൃതികാട്ടിയും കൂടെക്കൂടും. പാട്ടിനൊപ്പം കുഞ്ഞി ഡാന്‍സൊക്കെ കളിക്കും. പതിയെ പതിയെ പാട്ടിനൊപ്പം ചുണ്ടനക്കി തുടങ്ങി. ഒരു പാട്ട് കേട്ടാല്‍, അതിന്റെ രംഗം കണ്ടാല്‍ അതിലെ നായകനെയോ നായികയെയോ അതേ പോലെ അനുകരിക്കും. എക്പ്രഷനൊക്കെ അതുപോലെ ഇടും. പെട്ടെന്ന് പഠിച്ച് അതുപോലെ കാണിക്കുന്നതു കണ്ട് ഞങ്ങള്‍ പോലും അമ്പരന്നിട്ടുണ്ട്. പ്രണയം, സങ്കടം, ദേഷ്യം എല്ലാം അതു പോലെ അവള്‍ അനുകരിക്കും.  

ബാഹുബലി സിനിമയിലെ കണ്ണനെക്കുറിച്ചുള്ള പാട്ടില്ലേ... സോജാ സരാ... എന്ന പാട്ടിലാണ് അവള്‍ ആദ്യമായി ഒറ്റയ്ക്ക് പെര്‍ഫോം ചെയ്തത്. ഒരു കൃഷ്ണാഷ്ടമി നാളില്‍ രാധയെ പോലെ അണിഞ്ഞൊരുങ്ങി പാട്ടിനൊപ്പം ചുണ്ടനക്കി, എക്പ്രഷനൊക്കെ കൊടുത്ത് പെര്‍ഫോം ചെയ്തു,.  തലയാട്ടി കൈകള്‍ കൊണ്ട് സ്‌റ്റെപ്പൊക്കെ ഇട്ട് ചെയ്ത ആ പാട്ട് വൈറലായി. അവിടുന്ന്‌ങ്ങോട്ട് എന്റെ പേരിലുള്ള ടിക് ടോക് അക്കൗണ്ട് അവള്‍ കയ്യടക്കുകയായിരുന്നു.

ടിക് ടോക് നിരോധനത്തിനു ശേഷം ഇന്‍സ്റ്റഗ്രാമില്‍ റീലുകളെത്തിയപ്പോള്‍ ഏയ്ഞ്ചല്‍ വീണ്ടും താരമായി. സിനിമ ഡയലോഗുകളും പാട്ടുകളും ഒരു പോലെ പെര്‍ഫോം ചെയ്തു. ഓം ശാന്തി ഓമിലെ ആംഖോം മേ തേരി, പര്‍ദേശിലെ മേരി മെഹബൂബ, ടിപ് ടിപ് ബര്‍സാ പാനി എന്നിവയൊക്കെ ഒന്നിനൊന്നിന് വൈറലായി. ജ്യോതികുമാരി എന്ന എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിഡിയോകള്‍ എത്തുന്ന്.

വിഡിയോ കണ്ട് സൗത്തിന്ത്യയിലെ ഒരു തമിഴ് സുഹൃത്താണ് മലര്‍ഗളേ... മലര്‍ഗളേ എന്ന് പാട്ട് ചെയ്യാന്‍ പറഞ്ഞത്. അതിലെ അവളുടെ എക്പ്രഷനും ക്യൂട്ട്‌നെസും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. ഉടന്‍ തന്നെ ഒരു മലയാളം പാട്ടുമായി ഞങ്ങള്‍ വരും. എന്റെ കുഞ്ഞിനെ സ്‌നേഹിക്കുന്ന പ്രിയപ്പെട്ട മലയാളികള്‍ക്കു മുന്നിലേക്ക്. ഏയ്ഞ്ചലിനോടുള്ള ഇഷ്ടം ഇന്ന് 62000 ഫോളോവേഴ്‌സായി ഉയര്‍ന്നിരിക്കുകയാണ്. സിനിമയും പാട്ടുകളുമൊക്കെ കാണുന്നത് കൊണ്ടാകും സിനിമ താരം ആകണമെന്നാണ് അവളുടെ ആഗ്രഹം. അഞ്ചു വയസുള്ള ഏയ്ഞ്ചല്‍ യുകെജിയിലാണ് പഠിക്കുന്നത്. ഇപ്പോഴൊന്നും പറയുന്നില്ല, വളര്‍ന്നു വരുമ്പോഴുള്ള അവളുടെ കഴിവും അവളുടെ സ്വപ്നത്തെ നിര്‍ണയിക്കട്ടെ. എല്ലാവരോടും സ്‌നേഹം- ജ്യോതികുമാരി പറഞ്ഞു നിര്‍ത്തി.