Saturday 11 April 2020 04:05 PM IST

ഇപ്പോൾ ആളുകളുടെ ഏറ്റവും വലിയ ആഗ്രഹം പൊറോട്ടയും ബീഫും! മിസോറാമിൽ നിന്നെത്തി ക്വാറന്റിനിലായ അനുമോൾ ഇപ്പോഴും ‘യാത്രയിലാണ്’

Binsha Muhammed

AnuMol-1

മിന്നിമറയുന്ന മൂഡ് സ്വിങ്‌സിനൊപ്പിച്ച് ശരീരത്തേയും ആത്മാവിനേയും കെട്ടഴിച്ചു വിട്ടിരുന്ന ഒരു സഞ്ചാരി കൂടി ഇപ്പോള്‍ ലോക് ഡൗണിലാണ്. സിനിമയിലെ ആക്ഷനും കട്ടും കഴിഞ്ഞാല്‍ ചമയങ്ങളഴിച്ചു വച്ച് കാടുംമേടും താണ്ടുന്ന ആ സഞ്ചാരിപ്പെണ്ണ് സോഷ്യല്‍ മീഡിയക്കും സുപരിചിത. കൊട്ടിയടയ്ക്കപ്പെട്ട അതിര്‍ത്തികളും നിശ്ചലമായിപ്പോയ ഗതാഗതങ്ങളും കണ്ട് വീടുകളില്‍ വീര്‍പ്പുമുട്ടിയിരിക്കുന്ന സഞ്ചാരികളെ തേടിയുള്ള വനിത ഓണ്‍ലൈന്റെ അന്വേഷണം എത്തി നില്‍ക്കുന്നത് പാലക്കാടിന്റെ ഗ്രാമീണത തുളുമ്പി നില്‍ക്കുന്നൊരു തൊടിയിലാണ്. അവിടെ കിളികളോട് കിന്നാരം പറഞ്ഞ്, പൂക്കളെ പ്രണയിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട അനുമോളുണ്ട്. ലോക് ഡൗണ്‍കാലം സഞ്ചാരികള്‍ക്ക് വീര്‍പ്പുമുട്ടലുകളുടേതാണെങ്കിലും ഭാവനകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ലോക്കിടാനാകില്ലല്ലോ എന്ന് അനുമോളുടെ മറുചോദ്യം. പട്ടാമ്പിയിലെ വീട്ടിലെ മുറിയെ പ്രണയിച്ച്, തൊടിയില്‍ വന്നിരുന്ന് സ്വപ്‌നങ്ങള്‍ നെയ്ത്, കഥയേയും കവിതയയേയും കൂട്ടുകാരാക്കി അനുമോള്‍ ലോക് ഡൗണ്‍ കാലത്തെ സ്മരണയുടെ മച്ചകങ്ങളിലേക്ക് ചേര്‍ത്തു നിര്‍ത്തുന്നു.

ഈ ദിനങ്ങളും എനിക്ക് പ്രിയപ്പെട്ടത്

രണ്ട് മൂഡ് സ്വിങ്ങുകളാണ് എനിക്കുള്ളത്. അവ രണ്ടും വീടിനകത്തു പുറത്തുമായി അങ്ങനേ പരന്നു കിടക്കുകയാണ്. ബാഗും തൂക്കി വീടിനു വെളിയിലേക്കിറങ്ങുന്നതോടു കൂടി ആദ്യത്തേത് സ്റ്റാര്‍ട്ട് ആകും. പിന്നങ്ങനെ ഒഴുകി നടപ്പായിരിക്കും. കാടും മേടും പുഴകളും കണ്‍കുളിര്‍ക്കേ കണ്ട് അങ്ങനെ അങ്ങനെ... രണ്ടാമത്തേതാണ് ആദ്യത്തേതിനൊപ്പം തന്നെ പ്രിയങ്കരം. എന്റെ മുറി...വീട്ടിലെ തൊടി...മുറ്റം... ഇതെല്ലാം എന്റെ ഫേവറെറ്റ് സ്‌പോട്ടുകളാണ്. പുറത്തെ കറക്കം കഴിഞ്ഞെത്തിയാല്‍ എന്റെ ഇഷ്ട കേന്ദ്രങ്ങള്‍. അതുകൊണ്ട് തന്നെ, ഈ പുതിയ മൂഡ് സ്വിങ്‌സില്‍ ഞാന്‍ ഹാപ്പിയാണ്. എന്റെ വീടും മുറ്റവും തൊടിയും ഉള്ളപ്പോള്‍ ഞാൻ എങ്ങനെ ലോക്ക് ആകും.

AnuMol-2

മിസോറാം യാത്ര കഴിഞ്ഞാണ് മാര്‍ച്ച് 21നാണ് പട്ടാമ്പിയിലേക്കെത്തുന്നത്. സ്വാഭാവികമായി ഞാന്‍ ലോക് ഡൗണായി. പക്ഷേ ഈ പതിനാലു ദിവസം ജീവിതത്തിലെ ഒരിക്കലും മറക്കാത്ത ഏടായി. വായിച്ച പുസ്തകങ്ങളെക്കുറിച്ചും കണ്ടു പരിചയിച്ച അനുഭവങ്ങളെക്കുറിച്ചും വിഡിയോ രൂപത്തില്‍ കാഴചക്കാരോട് പങ്കുവയ്ക്കലായിരുന്നു പണി. നിസാര ജോലിയാണെന്ന് ധരിക്കരുതേ. വിഡിയോ ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്യുന്ന ആറേഴ് മണിക്കൂര്‍ നീളുന്ന പണി. ഈ ക്വാറന്റിന്‍ ദിവസങ്ങളില്‍ അഞ്ചിലേറെ വിഡിയോ അപ്ലോഡ് ചെയ്തു. ക്വാറന്റിന്‍ ദിനങ്ങള്‍ ഹാപ്പിയാകാന്‍ ഇതൊക്കെ തന്നെ പോരേ.. പിന്നെ പാചകത്തിലും അല്ലറ ചില്ലറ പരീക്ഷണങ്ങള്‍ നടത്തി. ഉള്ളിവട, പഫ്‌സ് തുടങ്ങി പലഹാരങ്ങളൊക്കെ അടുക്കളയില്‍ പരീക്ഷിച്ചു. ആലൂ പറാത്തയാണ് കൂട്ടത്തിലെ 'പരിഷ്‌കാരി.'

മറക്കില്ല മിസോറാം

മിസോറാമിലെ സുന്ദരദിനങ്ങള്‍ കൂടി ഈ ദിവസത്തിന്റെ ഓര്‍മകളില്‍ മുന്‍പന്തിയിലുണ്ട്. വെറും 10 ലക്ഷം മനുഷ്യര്‍ മാത്രം ജീവിക്കുന്ന പ്രകൃതി സുന്ദരമായ സ്ഥലം. ഞാന്‍ ആലോചിച്ചപ്പോള്‍ എന്റെ പാലക്കാട് മാത്രം ഒന്നരലക്ഷം പേരുണ്ട്. സിനിമയോ സിനിമ ഇന്‍ഡസ്ട്രിയോ ഇല്ലാത്തൊരു കൊച്ചു നാട്. സംസ്ഥാനത്താകെയുള്ളത് ഒരേയൊരു തീയറ്റര്‍. ഞാന്‍ ആ നാടിനെ കാണുമ്പോള്‍... ചിത്രീകരിക്കുമ്പോള്‍ അവര്‍ക്ക് വല്യ ഉത്സാഹം ആയിരുന്നു. അവരെക്കുറിച്ച് ലോകത്തോടു പങ്കുവയ്ക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അതിലേറെ ഉത്സാഹം. വാന്‍താംഗ് വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും മിസോ വില്ലേജിലെ കാറ്റും ഐസ്വാളിലെ കാഴ്ചയും ഇപ്പോഴും എന്റെമനസിലുണ്ട്.

ANuMol-3

ലോക് ഡൗണില്‍ ചുരുങ്ങിയ ലോകം

ലോകം വെട്ടിപ്പിടിക്കാന്‍ നടന്ന മനുഷ്യന് തിരിച്ചറിവ് നല്‍കിയ നാളുകള്‍ കൂടിയാണിത്. സുഖലോലുപതയില്‍ ജീവിച്ച് എല്ലാം തങ്ങളുടേതാക്കാന്‍ ഓടി നടന്ന മനുഷ്യരുടെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും വല്ലാണ്ട് ചുരുങ്ങിപ്പോയതു പോലെ. ദേ... ഇപ്പോ ആരോടെങ്കിലും എന്താണ് ആഗ്രഹമെന്നുചോദിച്ചാല്‍ ആദ്യം പറയുന്നത്, ഒന്നുകില്‍ പൊറോട്ടയും ബീഫും വേണമെന്ന്... അല്ലെങ്കില്‍ പറയും ബൈക്കില്‍ ഒരു റൈഡ് പോകണമെന്ന്. നോക്കണേ... മനുഷ്യന്‍ എത്രത്തോളം ചുരുങ്ങിപ്പോയെന്ന്. ഇതൊക്കെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഒരുലോക് ലോക് ഡൗണ്‍ വേണ്ടിവന്നു. ഞാന്‍ചോദിച്ച ഇതേ ചോദ്യം എന്നോടും പലരും തിരിച്ചു ചോദിച്ചു. ഈ ലോക്ക് ഒക്കെ കഴിഞ്ഞിട്ട് വേണം, മുടങ്ങിപ്പോയ യാത്രകളെ പൊടിതട്ടിയെടുക്കാന്‍. അതിനു മുന്നേ കൊച്ചിയിലേക്കൊന്നു പോകണം. എന്റെ പ്രിയപ്പെട്ടവരെ കാണണം. പുതിയ രണ്ട് പ്രോജക്റ്റുകളിലാണ് കമ്മിറ്റ് ചെയ്തിട്ടുള്ളത്. കോവിഡ് കാലമായതു കൊണ്ട് തന്നെ അതൊക്കെ നീണ്ടു പോകുമോ എന്നറിയില്ല.