Tuesday 24 March 2020 10:48 AM IST

‘എനിക്കവിടെ ആരെയും പരിചയമില്ലല്ലോ, ശുപാർശയ്ക്ക് ആളില്ല; ഇത്തരം ആശങ്കകൾ മാറ്റിവച്ചാൽ മതി, സ്വപ്നജോലി നേടാം’; 24- ാം വയസ്സിൽ യുഎന്നിന്റെ ഭാഗമായ അർപിത പറയുന്നു

Shyama

Sub Editor

01 ഫോട്ടോ: സരിൻ രാംദാസ്

സ്കൂളിലെ ടെക്സ്റ്റ് ബുക്കിലൂടെ മാത്രം വായിച്ചറിഞ്ഞ െഎക്യരാഷ്ട്ര സഭയിലേക്കുള്ള പ്രവേശനം തികച്ചും അപ്രതീക്ഷിതമായിരുന്നെന്നു പറയുമ്പോഴും അർപിത വർഗീസ് എന്ന മലയാളിപ്പെൺകുട്ടിയുടെ കണ്ണിൽ നിശ്ചയദാർഢ്യത്തിന്റെ തിളക്കമുണ്ട്. ‘‘ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നായിരുന്നു പണ്ടുതൊട്ടേ എനിക്കാഗ്രഹം. കൃത്യമായി എന്താണ് എന്നു പറയാനുള്ള വാക്ക് പക്ഷേ, അറിയില്ല. െഎക്യരാഷ്ട്രസഭയില്‍ വന്നതോടെ ആ ആഗ്രഹത്തിന്റെ ഏറ്റവും  മനോഹരമായ സാക്ഷാത്കാരത്തിൽ നിൽക്കാൻ സാധിക്കുന്നു.’’
ഇരുപത്തിനാലാം വയസ്സിലാണ് ഈ മിടുക്കി െഎക്യരാഷ്ട്രസഭയുെട ഭാഗമാകുന്നത്. യുഎൻ വിമൻ സംഘടനയിൽ ജെൻഡർ ആൻഡ് ഹ്യൂമാനിറ്റേറിയൻ ആക്‌ഷൻ അനലിസ്റ്റ് എന്ന പദവിയിലാണ് അർപിത ഇപ്പോള്‍.

വേണ്ടത് എന്താണെന്നു തിരിച്ചറിയുക

നമുക്കൊക്കെ ഒരു ലൈഫ് ചെയ്ഞ്ചിങ് മൊമന്റ് ഉണ്ടാകില്ലേ. എനിക്കും ഉണ്ട് അത്തരമൊരു നിമിഷം.  പ്ലസ്‌വണ്ണിനു പുണെയിലെ യുണൈറ്റഡ് വേൾഡ് കോളജില്‍ പഠിക്കുമ്പോഴായിരുന്നു അത്! രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഒന്നാണത്. ഏകദേശം എൺപത് രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിെട പഠിക്കുന്നു. ‘സമാധാനപൂര്‍ണമായൊരു ലോകം വാർത്തെടുക്കാൻ വ്യക്തികളെ ഒരുമിച്ചു ചേർക്കുന്ന ശക്തിയാണ് വിദ്യാഭ്യാസം’ എന്നതായിരുന്നു അവരുടെ മോട്ടോ തന്നെ. പഠനത്തിനു കൊടുക്കുന്നത്ര തന്നെ പ്രാധാന്യം സാമൂഹിക പ്രവർത്തനങ്ങൾക്കും കൊടുത്തിരുന്നു.

ഒരിക്കൽ ഞങ്ങളോട് ഒരു ലേഖനം എഴുതാൻ പറഞ്ഞു. അന്നു സ്കൂളുകളിൽ കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. ഞാന്‍ എൻസൈക്ലോപീഡിയയും മറ്റു പുസ്തകങ്ങളും നോക്കി സാമാന്യം നന്നായി തന്നെ ലേഖനം എഴുതി.

പിന്നീട് എന്റെ ടീച്ചർ വിളിപ്പിച്ചു പറഞ്ഞു,  ‘നീയിതിനു വേണ്ടി അത്യാവശ്യം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായി പക്ഷേ, അവർ പറഞ്ഞതും ഇവർ പറഞ്ഞതും അല്ലാതെ നിനക്ക് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്? മറ്റുള്ളവർ പറഞ്ഞതൊക്കെ പഠിച്ച ശേഷം അതേക്കുറിച്ച് നീ എന്തു നിഗമനത്തിലെത്തി എന്നാണ് എനിക്കറിയേണ്ടത്.’

ടീച്ചർ പറഞ്ഞത് ആദ്യം എനിക്കു മനസ്സിലായില്ല. പിന്നീട് ആലോചിച്ചപ്പോഴാണ് ആ സാധ്യതയെപ്പറ്റി ചിന്തിക്കുന്നത്. നമ്മുടേതായ അഭിപ്രായങ്ങളുണ്ടാകുക, തീരുമാനമെടുക്കുക. അതൊക്കെ ചെറുപ്പത്തിലേ ശീലിക്കേണ്ടതാണ്.

സാക്ഷരതയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നു എന്നു പറയുന്ന കേരളത്തിൽ പോലും എത്ര അതിക്രമങ്ങൾ നടക്കുന്നു. ഈയിടെ ഒരു സർവേ വായിച്ചു. വിവാഹത്തിനു ശേഷം ഒരുപരിധിവരെ ഭർത്താവ് ഉപദ്രവിക്കുന്നതും ആക്ഷേപിക്കുന്നതും അത്ര കുഴപ്പമില്ലാത്ത കാര്യമാണെന്ന്  65 ശതമാനം സ്ത്രീകൾ വിശ്വസിക്കുന്നുെവന്ന്!

സ്ത്രീകളുടെ മാത്രം  കാര്യമല്ല ആണുങ്ങൾക്ക് മേലും സമൂഹം പലതരം  സമ്മർദങ്ങൾ ചെലുത്തുന്നുണ്ട്. പഠനം  കഴിഞ്ഞാലുടന്‍ ജോലിയായില്ലേ? കല്യാണം ആയില്ലേ, ആണായാ ൽ കരയരുത്  തുടങ്ങി പലതും. ഇത്തരം കാര്യങ്ങൾ എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. ലിംഗസമത്വം, തുല്യത എന്നിവയ്ക്കു വേണ്ടി ജോലി ചെയ്യാനുള്ള ആഗ്രഹം എനിക്കൊപ്പം തന്നെ ശക്തിയായി വളർന്നു വന്നിരുന്നു.

02

കൺമുന്നിലെ യാഥാർഥ്യങ്ങൾ

െഎക്യരാഷ്ട്ര സഭയുെട ന്യൂയോർക്കിലെ ഹെഡ്ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ചാണ് എന്റെ ജോലി. ഐക്യരാഷ്ട്ര സഭ വനിതാ വിഭാഗത്തിന്റെ സാന്നിധ്യം  എണ്‍പതോളം രാജ്യങ്ങളിലുണ്ട്.

പലതരം പ്രതിസന്ധികള്‍ അനുഭവിക്കുന്നവരാണ് അതില്‍ 30 രാജ്യങ്ങള്‍. അതിലാണ് എന്റെ ടീം ശ്രദ്ധ ചെലുത്തുന്നത്. കൂടാതെ പ്രകൃതി ദുരന്തങ്ങളോ പ്രക്ഷോഭങ്ങളോ ഉണ്ടാകുമ്പോൾ ആ സ്ഥലങ്ങള്‍ നിരീക്ഷിക്കാനും മറ്റുമുള്ള യാത്രകൾ ഉണ്ടാകും. അങ്ങനെ കെനിയയിലും മ്യാൻമറിലും കേരളത്തിലും ഒക്കെ വന്നിട്ടുണ്ട്.

ഇത്രനാൾ കണ്ടതിൽ എനിക്കു മറക്കാൻ പറ്റാത്ത ഒരു മുഖമുണ്ട്. കെനിയയിലെ കാകുമാ ക്യാംപിൽ വച്ചാണ് ആ െപണ്‍കുട്ടിയെ കണ്ടത്. ഇരുപതുകളുടെ തുടക്കമാണ് പ്രായം. പേരു പറയാൻ നിർവാഹമില്ല. ഞങ്ങൾക്കൊപ്പം എല്ലാ കാര്യത്തിനും  ഓടിനടക്കാനും സഹായിക്കാനും മുൻപന്തിയിൽ അ വളുണ്ടായിരുന്നു. അവിടുന്നു പോരുന്ന ദിവസമാണ് അവളുടെ കഥ അറിയുന്നത്. ബെറുണ്ടിയിൽ ആണ് അവൾ ജനിച്ചു വളർന്നത്. അവിടുത്തെ പ്രക്ഷോഭങ്ങളിൽ പെട്ട് അച്ഛനും അമ്മയും മരിച്ചു, രണ്ട് ഇളയ സഹോദരങ്ങളെയും കൂട്ടി അവൾക്ക് ഈ ക്യാംപിലേക്ക് പോരേണ്ടി വന്നു. അവർക്ക് പൗരത്വമില്ല, ജോലി ചെയ്യാനും ജീവിക്കാനും പരിമിതികളുണ്ട് എന്നിട്ടും അവളെ കൊണ്ടാകാവുന്ന ജോലി കൾ ചെ‌യ്ത് ഇളയ കുഞ്ഞുങ്ങളെയും നോക്കി, ക്യാംപിലെ മറ്റുള്ളവരെ സഹായിച്ച്, അവർക്കൊക്കെ പ്രചോദനം പകര്‍ന്ന്... ഇരുളിലെ വെളിച്ചമായി ആ മുഖം! തോറ്റുകൊടുക്കാൻ നൂറുനൂറു കാര്യങ്ങളുണ്ടായിട്ടും തലയുയർത്തി നിൽക്കുന്ന അവളെ പോലെ എത്രയോ പേർ...
ദുരിതബാധിത പ്രദേശങ്ങളിൽ ചൂഷണങ്ങൾ നടക്കാനുള്ള സാധ്യതകൾ കൂടുതലാണ്. ഇത്തരക്കാരുടെ നീതി ഉറപ്പുവരുത്തുകയാണ് ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍  ശ്രദ്ധിക്കുന്നത്. അവഗണിക്കപ്പെടുന്നവരുടെ ശബ്ദം ഞങ്ങളിലൂടെ ലോകത്തെ ഉറക്കെ കേൾപ്പിക്കുക, അതാണ് ഈ ജോലിയുടെ ഏറ്റവും വലിയ മേൻമ.

കേരളത്തിനു വേണ്ടത്


ഞാൻ ആദ്യമേ പറയട്ടേ, ഇനി ഞാന്‍ പറയുന്നത് അർപിത എന്ന വ്യക്തിയുടെ അഭിപ്രായമാണ്, െഎക്യരാഷ്ട്രസഭയുടേതല്ല. നമ്മുെട നാട്ടില്‍ പ്രധാനമായും വേണ്ടത് അവബോധമാണ്. ഇവിടെ കുട്ടികളോടുള്ള അതിക്രമങ്ങളുണ്ട്, വീട്ടിനുള്ളിലും പുറത്തും ആരും അറിയാത്ത എത്രയോ പീഡനങ്ങൾ നടക്കുന്നു. മനുഷ്യക്കടത്ത് ഇവിടെ നടക്കുന്നില്ല എന്നൊക്കെ പറയുന്നവരുണ്ട്. ജോലി തരാം, മികച്ച ജീവിത സാഹചര്യങ്ങ ൾ തരാം എന്നു പറഞ്ഞ് മോഹിപ്പിച്ച് നാടുവിടാൻ പ്രേരിപ്പിക്കുന്നതും നാടുകടത്തുന്നതും  പിന്നീട് ചൂഷണം ചെയ്യുന്നതും  മ നുഷ്യക്കടത്ത് തന്നെ. കേരളം ശരിക്കും  പല നാടുകളിലേക്ക് ആളുകളെ കടത്താനുള്ളൊരു ട്രാൻസിറ്റ് പോയിന്റാണ്. പല എൻ.ജി.ഒ.യിലെ ആളുകളോടും  പൊലീസിനോടും  സംസാരിക്കുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണു േകള്‍ക്കുന്നത്.
െെലംഗിക വിദ്യാഭ്യാസം, പെൺകൂട്ടായ്മകൾ വഴിയുള്ള സ്ത്രീ ശാക്തീകരണം... തുടങ്ങി പല പ്രവർത്തനങ്ങളും പ ദ്ധതികളും ഇവിടെയുണ്ട്, അവ ഫലപ്രദമായി നടപ്പാക്കാൻ ഓരോരുത്തരും ശ്രമിക്കണം. ലിംഗസമത്വത്തിന്റെ കാര്യങ്ങള്‍ പെൺകുട്ടികളോെടന്ന പോെല ആൺകുട്ടികളെയും പഠിപ്പിക്കണം. പെണ്ണിനെ അടക്കി നിർത്തിയാലേ ആണാകൂ എന്ന ധാരണ മാറ്റേണ്ടതാണ്. എന്റെ ജോലിയോട് ചേർത്തു പറഞ്ഞാൽ ഇതൊരു അറ്റം കാണാത്ത മല കയറ്റമാണ്. എന്നുകരുതി കയറാതിരിക്കുന്നത് വിഡ്ഢിത്തമല്ലേ...? എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുക. മാറ്റം നമ്മൾ ഓരോരുത്തരിൽ നിന്നും തുടങ്ങേണ്ടതാണെന്നു മറക്കരുത്.

03 ഫോട്ടോ: സരിൻ രാംദാസ്



അൽപം കുടുംബകാര്യം

കൊച്ചിയിലാണ് വീട്. അച്ഛൻ ബാബു വർഗീസ് ഹൈക്കോടതിയിലെ മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറലായിരുന്നു. അമ്മ സൂസി വർഗീസ് ഐ.ആർ.എസ്സിൽ നിന്ന് ചീഫ് ക മ്മിഷനറായി വിരമിച്ചു. ചേട്ടൻ ആദർശ് വർഗീസ്. ന്യൂയോർക്കിൽ നിയമ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ചേട്ടനാണ് മിക്ക കാര്യങ്ങളിലും എന്റെ റോൾ മോഡൽ. ചേട്ടന്റെ ഭാര്യ ആര്യ കെപിഎംജിയിൽ ജോലി ചെയ്യുന്നു. പിന്നെ, മുത്തശ്ശിമാർ, സുധചേച്ചി... ഇവരൊക്കെ െചരുന്നതാണ് എന്‍റെ കുടുംബം. ഞാൻ ജനിച്ചതും പത്ത് വരെ പഠിച്ചതും കേരളത്തിലാണ്. പുണെയിൽ പ്ലസ് വൺ പ്ലസ് ടു പഠനം. ബി.എ അമേരിക്കയിലെ ഡ്യൂക് യൂണിവേഴ്സിറ്റിയിൽ നിന്നാണ്. രണ്ട് മേജേഴ്സ് ഉ ണ്ടായിരുന്നു. ഇൻർനാഷനൽ സ്റ്റഡീസും ഫിലോസഫിയും. ഓക്സ്ഫഡിൽ നിന്ന് മാസ്റ്റേഴ്സ് ഇൻ ഗ്ലോബൽ ഗവേണൻസ് ആൻഡ് ഡിപ്ലോമസി പൂർത്തിയാക്കിയ ശേഷമാണ് യുഎന്നിൽ ചേർന്നത്.

ഏതു ജോലി ചെയ്താലും കുറച്ചു നാള്‍ കഴിയുമ്പോഴേക്കും നമ്മൾ സ്ലോ ഡൗൺ ആകാം. അപ്പോൾ ചെയ്യാവുന്നൊരു കാര്യമുണ്ട്. എന്തിനാണ് ഞാൻ ഇത് തിരഞ്ഞെടുത്തതെന്ന് സ്വയം ചോദിക്കുക. ചെയ്യുന്ന ജോലി എത്ര പേർക്ക് ഉപകാരപ്പെടുന്നു, എത്രത്തോളം മാറ്റം ഇതു കൊണ്ട് സമൂഹത്തിനും വ്യക്തിയെന്ന നിലയിലും വന്നിട്ടുണ്ട് എന്നും ഓർക്കാം. വഴിമുട്ടി നിൽക്കുന്നിടത്തു നിന്നു പോലും  ഇത്തരം  ആത്മപരിശോധനകൾ നമ്മെ മുന്നോട്ട് നയിക്കും.

ആശങ്ക മാറ്റൂ, സ്വപ്നം നേടൂ


ജോലിക്കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ പലരും പ റയുന്നൊരു കാര്യമാണ് ‘അതിന് എനിക്കവിടെ ആരെയും പരിചയമില്ലല്ലോ... ശുപാർശ ചെയ്യാൻ പോലും ആളില്ല. അതുെകാണ്ട് േജാലി കിട്ടുമെന്ന് ഉറപ്പില്ല...’എന്നൊക്കെ. ആശങ്ക മാറ്റി വച്ചാൽ പലർക്കും എളുപ്പത്തിൽ അവരുടെ സ്വപ്നം നേടാൻ കഴിയും.
 എനിക്ക് യുഎന്നിൽ ജോലി കിട്ടിയത്  ഓൺലൈൻ അപേക്ഷ വഴിയാണ്. ഇന്റേൺഷിപ്പിനായാണ് അപേക്ഷ അയച്ചത്. രണ്ട് സെറ്റ് ഇന്റർവ്യൂ ഉണ്ടായിരുന്നു. അതിൽ സെലക്റ്റായി. ആറു മാസം അവിടെ ഇന്റേണായി. അവരുടെ പ്രവർത്തനങ്ങൾ നേരിൽ മനസ്സിലാക്കാൻ  പറ്റി. കുറച്ചുനാൾ കഴിഞ്ഞ് അവിടെ ജോലി ഒഴിവ് വന്നപ്പോള്‍ വീണ്ടും അപേക്ഷിച്ചു. അങ്ങനെ നാലു വര്‍ഷം മുന്‍പ് ന്യൂയോർക്കിലെ ഓഫിസിൽ ജോയിൻ ചെയ്തു.




Tags:
  • Spotlight
  • Inspirational Story