Wednesday 28 September 2022 02:41 PM IST : By സ്വന്തം ലേഖകൻ

‘അപ്രതീക്ഷിതമായി അങ്ങനൊരു വിഡിയോ കണ്ടപ്പോൾ മരവിച്ചു പോയി’: അശ്ലീല സന്ദേശം: തന്റേടത്തോടെ നേരിട്ട് ആതിര

athira-avanthika-fb

യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം സാക്ഷര കേരളത്തിനൊകെ നാണക്കേടാകുകയാണ്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് മാളിലെത്തിയപ്പോഴാണ് താരങ്ങൾക്ക് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുമ്പോൾ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ആതിര അവന്തിക. സോഷ്യൽ മീഡിയയിലൂടെ അശ്ലീലം അയച്ച വ്യക്തിയെ നിയമപരമായി നേരിട്ട സംഭവം വിവരിച്ചു കൊണ്ടാണ് ആതിരയുടെ കുറിപ്പ്. എന്തു മോശം പെരുമാറ്റം കണ്ടാലും സഹിക്കുന്നതും ക്ഷമിക്കുന്നതും പുതിയ കാലത്തെ പെണ്ണുങ്ങൾ നിർത്തിയെന്ന് ഓർമിപ്പിച്ചു കൊണ്ടാണ് ആതിരയുടെ കുറിപ്പ് അവസാനിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്നലെ സിനിമാപ്രമോഷന്റെ ഭാഗമായി ഒരിടത്തു ചെന്നപ്പോൾ രണ്ടു artists നു ഉണ്ടായ ദുരനുഭവം വായിച്ചു. ഇത്രയ്ക്കും frustration മനസ്സിൽ കൊണ്ട് നടക്കുന്നവർ ആദ്യം പോയി മാനസികരോഗത്തിനു ചികിത്സ തേടണം. അതല്ലാതെ, മനസ്സിലെ വൈകൃതം മറ്റുള്ളവരുടെയടുത്തു തീർക്കുവാൻ വന്നാൽ ഏതേലും ഇരുമ്പഴിക്കുള്ളിൽ ഒടുങ്ങണം.

ഈ കഴിഞ്ഞ ദിവസം എനിക്ക് ഉണ്ടായ ഒരു അനുഭവം പറയട്ടെ..

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കഴിഞ്ഞ പത്തു വർഷ കാലയളവിൽ പല തരത്തിലുള്ള മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. "Ignore and block" എന്നതായിരുന്നു ഏതു കൊടിയ വിഷപ്പാമ്പുകളുടെയും അടുത്ത് ഇതുവരെയും എടുത്തിരുന്നു നയം. എന്നാൽ, കാലം കഴിയും തോറും നമ്മുടെ വിചാരങ്ങൾക്ക് മാറ്റം വരുമല്ലോ. ഇപ്പോഴിപ്പോൾ ആരുടേയും പെരുമാറ്റദൂഷ്യങ്ങൾ സഹിക്കേണ്ട കാര്യം എനിക്കില്ല എന്ന atitude ലേക്ക് ഞാനും എത്തിയിട്ടുണ്ട്..

കഴിഞ്ഞ 2-3 വർഷങ്ങളായി കാര്യമായി വാട്സാപ്പ് ഉപയോഗിക്കാത്ത ഒരാൾ ആണ് ഞാൻ. കുഞ്ഞൂടെ school group, family, ചില എഴുത്തു-besties ഗ്രൂപ്പ്‌ അങ്ങനെ വിരലിൽ എണ്ണാവുന്ന കാര്യങ്ങൾക്കെ വാട്സ്ആപ് കോണ്ടാക്റ്റ് ഉള്ളു.

ഒരു ദിവസം രാവിലെ 5 മണിക്ക് എഴുന്നേറ്റ് നോക്കുമ്പോൾ അറിയാത്ത ഏതോ നമ്പറിൽ നിന്നും 4.15 തൊട്ട് 'Hi hello' എന്നുള്ള watsap messages, കൂടെ, watsap misscal ഉം. 'Hi, who's this?' എന്റെ മറു ചോദ്യത്തിന് അപ്പുറം അസഭ്യമായിട്ടുള്ള video/ഫോട്ടോകൾ ആണ് പിന്നീട് വന്നത്. Back to back calls and messages. അപ്രതീക്ഷിതമായി അങ്ങനൊരു വീഡിയോ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ freeze ആയിപ്പോയി എന്നത് സത്യം. എന്നാൽ block ചെയ്തു ഇയാളെ വെറുതെയങ്ങു വിടണ്ട എന്നു മനസ്സിൽ ഉറപ്പിച്ചു. ഫോൺ അവിടെ തന്നെ വച്ചു കുഞ്ഞൂനെ സ്കൂളിൽ വിടാനുള്ള കാര്യങ്ങൾക്കായി പോയി. കൊച്ച് പോയതിന് ശേഷം ഫോൺ എടുത്തപ്പോൾ messages പിന്നെയും ഒരുപാട് ഉണ്ട്. സന്ദീപേട്ടനെ കാണിച്ചു കൊടുത്തു, 'block ചെയ്യാമായിരുന്നില്ലേ' എന്ന് ആള് ചോദിച്ചു. 'ഇല്ല, പരാതി കൊടുക്കുവാൻ ആണ് തീരുമാനം' എന്ന് ഞാനും പറഞ്ഞു. 'എന്നാൽ പിന്നെ അങ്ങനെന്നെ' എന്ന് സന്ദീപേട്ടനും ശരിവച്ചു.

Indian number ഇൽ നിന്നാണ് message വന്നിരിക്കുന്നത്. അതുകൊണ്ട് ഗൂഗിളിൽ നിന്നും നാട്ടിലെ cyberdrome ന്റെ നമ്പർ കണ്ടുപിടിച്ചു കാര്യം പറഞ്ഞു watsap ചെയ്തു. നാട്ടിലെ 9 മണിയാകുവാൻ, അവിടെ ഓഫിസ് തുറന്നു അവരെന്റെ, message കാണുവാൻ കാത്തിരുന്നു. കൃത്യം 9 കഴിഞ്ഞപ്പോൾ അവരെന്റെ message view ചെയ്തെങ്കിലും മറുപടി ഒന്നുമേ ലഭിച്ചില്ല. എങ്കിലും ഉച്ചവരെ കാത്തിരുന്നു.

ഇതിനിടയിൽ ആ നമ്പർ ഗൂഗിൾ ചെയ്ത് നോക്കിയപ്പോൾ uae-oman border എവിടെയോ ആണ് അയാളുടെ location എന്ന് മനസ്സിലായി. പിന്നെ താമസിച്ചില്ല, നേരെ Dubai police ന്റെ e-crime website പോയി message screenshot അടക്കം വിശദമായി complaint ചെയ്തു. അര-മുക്കാൽ മണിക്കൂറിനുള്ളിൽ എനിക്ക് തിരിച്ചു പോലീസിന്റെ കാൾ വന്നു. അത്രയും സൗമ്യമായി വിശദമായി എന്നോട് അദ്ദേഹം കാര്യങ്ങൾ ചോദിച്ചു. അടുത്ത ദിവസം SPS (Smart Police Service) പോയി ഒരു statement പറ്റുമെങ്കിൽ കൊടുക്കൂ എന്നും പറഞ്ഞു.

അന്ന് രാത്രി, 'അടുത്തുള്ള police station പോയ്‌ complaint നൽകൂ' എന്നുള്ള ഒരു reply cyberdrome നിന്ന് ലഭിച്ചിരുന്നു.

Game on ആയി എന്ന official confirmation കിട്ടിയപ്പോൾ മനസ്സിലായി, ആ മനുഷ്യൻ UAE-Gulf ഇൽ എവിടെയെങ്കിലും ഉള്ളയാൾ ആണെങ്കിൽ ഇനിയൊരിക്കലും അവൻ ഈ പ്രവർത്തി ചെയ്യാത്ത തരത്തിലേക്ക് കാര്യങ്ങൾ എത്തുമെന്ന്. അല്ലെങ്കിലും, ഇത്തരത്തിൽ ഉള്ളയൊരുത്തൻ എന്ത് അനുകമ്പ അർഹിക്കുന്നു!!

അടുത്ത ദിവസം SPS പോയി, video വഴി ഒരു പോലീസ് ലേഡിയോട് കാര്യങ്ങൾ സംസാരിച്ചു. ഇന്നേവരെ പോലീസ് സ്റ്റേഷന്റെ പടി കണ്ടിട്ടില്ലാത്ത എനിക്കു അത്രയും സൗഹൃദപരമായ ഒരു അന്തരീക്ഷമാണ് അവിടെ നിന്ന് ലഭിച്ചത്. ഒരു തരത്തിലുള്ള ഭയത്തിനും ഒരു തരിമ്പ് ഇടമില്ലാതെ.

ഇപ്പോൾ, case under investigation ആണ്. അയാളെ കണ്ടുകിട്ടുമോ എന്നോ, അയാൾക് ശിക്ഷ ലഭിക്കുമോ എന്നോ എനിക്കറിയില്ല. പക്ഷെ 'Enough is enough', എന്ന് തീരുമാനിച്ച ആ നിമിഷത്തെ എന്നെക്കുറിച്ചോർത്ത് എനിക്കു സന്തോഷമുണ്ട്.

അതുകൊണ്ട്, ഇനി എന്തെങ്കിലും കുത്സിതപ്രവർത്തി ചെയ്യുവാൻ പോവുന്നതിനു മുൻപ് മാന്യമഹാജനങ്ങൾ ഒന്നോർക്കുന്നത് നന്നാവും. 'സഹിക്കലും വിട്ടുകളയലും' ഒക്കെ നമ്മളിൽ പലരും നിർത്തി. ഇനിയിപ്പോൾ reaction എന്ത് തന്നെയായാലും അത് നേരിടുവാൻ കൂടി തയ്യാറായി വേണം നിങ്ങടെയൊക്കെ അസുഖങ്ങൾ പുറത്തെടുക്കുവാൻ.

// ആതിര