Monday 23 May 2022 02:47 PM IST : By സ്വന്തം ലേഖകൻ

‘നീയൊന്നും പെണ്ണല്ലല്ലോ, നിനക്കൊക്കെ ഒരു കുട്ടിക്ക് ജന്മം നൽകാൻ സാധിക്കുമോ’: ഒത്തിരി അനുഭവിച്ചു: ഒടുവിൽ‌ ഡിവോഴ്സ്

Avanthika-divorved

വേദനകളും വിഷമതകളും മാത്രം നിറഞ്ഞ ജീവിതം വിവാഹമോചനത്തിൽ അവസാനിച്ച അനുഭവം തുറന്നെഴുതുകയാണ് ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റും പൊതുപ്രവർത്തകയുമായ അവന്തിക. സ്ത്രീധനത്തിന്റെ പേരിലും, ട്രാൻസ് വുമൺ ആയതിന്റെ പേരിലും അമ്മായിയമ്മയും ഭർത്താവും ശാരീരികമായും മാനിസകമായും ഉപദ്രവിച്ചുവെന്ന് അവന്തിക വേദനയോടെ പറയുന്നു. ഇത് സമൂഹത്തിൽ അറിയിച്ചു പിന്മാറാൻ ശ്രമിച്ചപ്പോഴൊക്കെ ആസിഡ് ഒഴിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും അവന്തിക പറയുന്നു. താൻകടന്നു പോയ ഹൃദയഭേദകമായ സാഹചര്യങ്ങളെക്കുറിച്ച് ഫെയ്സ്ബുക്കിലാണ് അവന്തിക തുറന്നെഴുതുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

Yes am Divorced

ശാരീരികമായും മാനസികമായും സ്ത്രീധനത്തിന്റെ പേരിലും ട്രാൻസ് വുമൺ ആയതിന്റെ പേരിലും അമ്മായിയമ്മയും ഭർത്താവും ഉപദ്രവിക്കുകയും, ഇത് സമൂഹത്തിൽ അറിയിച്ചു ഞാൻ പിന്മാറാൻ ശ്രമിച്ചപ്പോഴൊക്കെ ആസിഡ് ഒഴിക്കുമെന്നു ഭീഷണിപ്പെടുത്തി , എന്നെ മാത്രമല്ല എന്റെ കുടുംബത്തിൽ ഉള്ളവരെ ഉപദ്രവിക്കുമെന്നും ഞാനുമായി ബന്ധപെട്ട് നിൽക്കുന്ന എല്ലാവ്യക്തികൾക്കും ബുദ്ദിമുട്ടു ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇത്രയും നാൾ കൂടെ നിർത്തി.

transwomen ആയതിന്റെ പേരിൽ വിവാഹ സമയത്തു എന്റെ കയ്യിൽ നിന്നും ഇയാളുടെ അമ്മ സ്ത്രീധനമായി ആദ്യമേ എന്നിൽ നിന്നും കൈപ്പറ്റിയിട്ടുണ്ട്. പിന്നീട് എന്റെ സ്വർണ്ണാഭരങ്ങൾ പണയം വെച്ച് പലപ്പോഴായി ഇയാളും ഇയാളുടെ അമ്മയും പണം വാങ്ങിയിട്ടുണ്ട് . കല്യാണം കഴിച്ചു 2 ആഴ്ചക്കുള്ളിൽ തന്നെ സ്വർണ്ണം ആവശ്യപ്പെട്ടപ്പോൾ കൊടുക്കാത്തതിന്റെ പേരിൽ എന്നെ ഉപദ്രവിക്കുകയും എന്റെ വലതു കൈ തിരിച്ചു ഒടിക്കുകയും അതേത്തുടർന്ന് ഞാൻ നിലവിളച്ചപ്പോൾ അയാളുടെ അമ്മ മൃഗീയമായി എന്റെ വായിൽ ബെഡ്ഷീറ്റ് തിരുകി കയറ്റുകയും ഉണ്ടായി . പുറം ലോകം ഇതറിഞ്ഞാൽ എന്നെ വെച്ചേക്കില്ല എന്ന് ഭീഷിണിപ്പെടുത്തിയിരുന്നു. പല ദിവസങ്ങളിലും ഭക്ഷണം പോലും കിട്ടാതെ ആ വീട്ടിൽ പട്ടിണി കിടന്ന ദിവസങ്ങളുണ്ട്. ഇതൊക്കെ പുറത്തറിഞ്ഞാൽ ജീവനോടെ ഇവിടുന്നു പുറത്തേക്കു വിടില്ല എന്ന് എന്നെ ഭീക്ഷിണിപ്പെടുത്തി കൂടെ നിർത്തി .

ഇനിയും അയാളുടെ മാനസികശാരീരിക ഉപദ്രവങ്ങൾ സഹിച്ചു മുന്നോട്ടുപോകുവാൻ സാധ്യമല്ല .

പലരുമായി ബന്ധപ്പെട്ടു ഒരു അനുനയത്തിനു അയാൾ ശ്രമിച്ചു പക്ഷേ എന്നെ കൊണ്ട് ഇനി സാധ്യമല്ല എന്ത് ആസിഡ് ആക്രമണം ഉണ്ടായാലും ഇനി അയാളുടെ കൂടെ ഒന്നിച്ചു മുന്നോട്ടു പോകുവാൻ സാധിക്കില്ല .ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ച സന്ദഭങ്ങളിൽ കൂടെ നിന്ന് ശക്തി പകർന്നത് ബന്ധുക്കളും സുഹൃത്തുക്കളുമാണ്.

Transwomen ആയതിന്റെ പേരിൽ നീയൊക്കെ ആർട്ടിഫിഷ്യൽ അല്ലേ നീയൊന്നും ജന്മനാ പെണ്ണൊന്നും അല്ലല്ലോ, നിനക്കൊക്കെ ഒരു കുട്ടിക്ക് ജന്മം നൽകാൻ സാധിക്കുമോ എന്നുള്ള കുത്തുവാക്കുകൾ കേട്ടപ്പോൾ ജീവിതം ഇവിടെ അവസാനിപ്പിച്ചാലോ എന്നുവരെ ആലോചിച്ച സന്ദർഭങ്ങളാണ്.

വിവാഹത്തിന് ശേഷമാണു സ്വന്തം ഭർത്താവ് കൊലപാതക കുറ്റത്തിന് 6 വർഷം ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണെന്നും , ജയിലിൽ കിടന്നു ബ്ലേഡ് വിഴുങ്ങി മെന്റൽഹോസ്പിറ്റലിൽ കിടന്നിട്ടുള്ള വ്യക്തി ആണെന്നും ഉള്ള സത്യം ഞാൻ തിരിച്ചറിയുന്നത് . മറ്റുള്ളവർക്ക് ഞാൻ കാരണം ഒരു നാണക്കേട് ഉണ്ടാക്കേണ്ട എന്ന് കരുതി എല്ലാം സഹിച്ചും പൊറുത്തും ജീവിച്ചു പോന്നു .

ഇപ്പോഴും മാനസികമായി സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പടെ എന്നെ ഉപദ്രവിക്കുകയും ജീവിക്കാൻ സമ്മതിക്കില്ല എന്ന നിലപാടിലുമാണ് അയാൾ. നിയമപരമായി വിവാഹം റജിസ്റ്റർ ചെയ്യാത്തതിനാൽ മറ്റുള്ള കാര്യങ്ങൾ പറഞ്ഞു തീർക്കുന്നതിനായി കോടതിയിൽ ഞാൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്നുമുള്ള ആക്രമണത്തിന് സംരക്ഷണം തേടിയും ഞാൻ കോടതിയെ സമീപിച്ചിട്ടുണ്ട്.

വിവാഹം അല്ല ഒന്നിന്റെയും അവസാനം എന്ന തിരിച്ചറിവ് ഞാൻ മനസ്സിലാക്കി.