Wednesday 20 April 2022 04:32 PM IST

‘ആ വാക്കുകൾ വേദനിപ്പിച്ചു, മനസ്സിൽ പതിഞ്ഞുപോയ തെറ്റുകളാണ് അവരെക്കൊണ്ടിങ്ങനെ ചിന്തിപ്പിക്കുന്നത്’

Shyama

Sub Editor

lukman-luku

ഏതു റേഷൻ കടയിൽ നിന്നാണാവോ അരി വാങ്ങുന്നേ...?’

‘ഇരുട്ടത്ത് നടക്കാതെ... നിന്റെ പല്ല് മാത്രമേ കാണൂ...’

‘മുറുകെ പിടിച്ചോ, കാറ്റു വന്നാൽ പറന്നു പോകും...’

‘േദഹം മുഴുവനും എത്ര രോമമാണ്, മനുഷ്യനോ കരടിയോ?’ ഇത്തരം പ്രയോഗങ്ങളൊക്കെ ഒരു കാലത്തു ‘തമാശ’ ആയിരുന്നു. പിന്നെപ്പിന്നെ പ ലർക്കും ഇത് ബോഡി ഷെയ്മിങ് ആ ണെന്നും ഒരാളുടെ നിറത്തെയോ രൂപത്തെയോ കളിയാക്കുന്നത് തമാശയല്ലെന്നും മനസ്സിലായി.

ഇത്തരം ‘തമാശകൾ’ ഇന്ന് ചിരി ഉണര്‍ത്തുന്നില്ല. പകരം, ‘എങ്ങനെ ഇ ങ്ങനെ പറയാന്‍ തോന്നി?’ എന്നു ചിന്തിക്കാനും മാത്രം നമ്മൾ മാറി. പ്രിയ നടി പാർവതിയുടെ ചിത്രത്തിനടിയിൽ മോശം കമന്റ് ചെയ്തവരെ എ തിർത്ത് ഒരുപാടുപേർ രംഗത്ത് വന്നതും നമ്മൾ ഈയിടെ കണ്ടു.

പക്ഷേ, കാലം മാറുന്നതറിയാതെ നിൽക്കുന്നവരുമുണ്ട്. ‘ഇതൊക്കെ ചിരിച്ചു തള്ളിയാൽ പോരേ’ എന്നു ചോദിച്ച് സ്വയം അപഹാസ്യരാകുന്നവര്‍.

ശരീരത്തിനു േനരെയുണ്ടാകുന്ന ‘വാക്കാക്രമണം’ നേരിടുന്നവരുെട മാനസികാവസ്ഥയെക്കുറിച്ച് ഇവര്‍ ചിന്തിക്കുന്നില്ല. േബാഡിഷെയ്മിങ്ങിന് ഇരയാകാത്തതു മൂലമോ കാലങ്ങളായുള്ള കണ്ടീഷനിങ് കൊണ്ടോ അതിന്‍റെ േവദനയും അറിയുന്നില്ല.

lukman-new

ലുക്മാൻ ലുക്കു, സിനിമാതാരം

വിവാഹ ഫോട്ടോയുമായി ബന്ധപ്പെട്ടാണ് ലുക്മാന് നിറത്തിന്റെ പേരിലുള്ള അധിക്ഷേപം നേരിടേണ്ടി വന്നത്.

‘‘വളരെ ചെറിയൊരു ശതമാനം ആളുകളാണ് മോശം കമന്റുമായി വന്നത്. ബാക്കിയുള്ളവരൊക്കെ പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. അത്തരം മോശം ചിന്താഗതിയുള്ളവരോട് മനഃപൂർവമാണ് പ്രതികരിക്കാതിരുന്നത്. കാരണം അവരൊന്നും പ്രതികരണം പോലും അർഹിക്കുന്നില്ല. മാത്രമല്ല പ്രതികരിച്ചാൽ ആ ആളുകൾക്ക് കൂടുതൽ വിസിബിലിറ്റി കിട്ടും.

കല്യാണം കഴിഞ്ഞ് അടുത്ത ദിവസംതന്നെ ‘തല്ലുമാല’ എന്ന ചിത്രത്തിന്റെ ഷൂട്ടിൽ തിരക്കിലായി. അതുകൊണ്ട് ഇങ്ങനൊരു സംഭവത്തെ കുറിച്ച് അറിയാൻ വൈകി.

വേദനിപ്പിക്കുന്ന കാര്യമാണ് ബോഡി ഷെയ്മിങ്. ആളുകളുടെ മനസ്സിൽ പതിഞ്ഞു പോയ തെറ്റുകളാണ് അവരെക്കൊണ്ടിങ്ങനെ ചിന്തിപ്പിക്കുന്നത്. അത് മാറാൻ സമയമെടുക്കും. ഞാനും പണ്ട് ഇങ്ങനെ കളിയാക്കുകയും ചിരിക്കുകയും ചെയ്തിട്ടുണ്ടാകും. പക്ഷേ, ഇപ്പോൾ അതൊക്കെ തെറ്റാണെന്ന് അറിയാം. തലമുറമാറ്റം അറിയാത്ത ആളുകളോട് തൽക്കാലം പ്രതികരിക്കാൻ സമയമില്ല.’’