Tuesday 30 November 2021 04:09 PM IST : By സ്വന്തം ലേഖകൻ

വ്യത്യസ്തം ഈ ബൗ ബൗ ഫെസ്റ്റ്: തെരുവു നായ പ്രശ്നം പരിഹരിക്കാൻ കോഴിക്കോട് കോർപറേഷന്റെ പുതുമയുള്ള പരീക്ഷണം

Dog-Adoption-Cover കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന ബൗ ബൗ ഫെസ്റ്റിൽ നിന്ന്... Photo: M. T. Vidhuraj

കൊന്നൊടുക്കാതെ വളർത്താന്‍ കൊടുത്തു ഒരു പരീക്ഷണം. തെരുവു നായ്ക്കളുടെ കുഞ്ഞുങ്ങളെ വഴിയിൽ അലയാതെ സംരക്ഷിക്കാൻ കോഴിക്കോട് കോർപറേഷനാണ് പുതുമയുള്ള ദത്തെടുക്കൽ ഫെസ്റ്റ് സംഘടിപ്പിച്ചത്. കോർപറേഷൻ സംഘടിപ്പിച്ച ബൗ ബൗ ഫെസ്റ്റിൽ 39 നായക്കുട്ടികൾ പുതിയ സംരക്ഷകരുടെ വീടുകളിലേക്കു യാത്രയായി. തങ്ങളുടെ അച്ഛനമ്മമാരെപ്പോലെ തെരുവിൽ അലയേണ്ട ഗതികേട് ഇവയ്ക്കില്ല. വീടുകളിൽ എല്ലാ സൗകര്യങ്ങളോടും കൂടി ലാളനയേറ്റു വളരാം. മോഷ്ടാക്കൾ പെരുകുന്ന കാലത്ത് വീട്ടു കാവലിന് ഒരു നായ എന്ന രീതിയിൽ കേരളമാകെ പരീക്ഷിക്കാവുന്ന ഒരു സംരംഭത്തിന്റെ തുടക്കമാകാം ഈ ബൗ ബൗ ഫെസ്റ്റ്.

തെരുവു നായകളുടെ എണ്ണം കുറയ്ക്കാനായി കോഴിക്കോട് കോർപറേഷന്റെ നേതൃത്വത്തിൽ അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, തെരുവു നായകളുടെ എണ്ണത്തിൽ കാര്യമായ കുറവു വരുത്താൻ ഇതു മാത്രം പോരെന്ന വിലയിരുത്തലിലാണു പരീക്ഷണാടിസ്ഥാനത്തിൽ നായക്കുട്ടികളെ ദത്തു നൽകുന്ന പരിപാടി ആവിഷ്കരിച്ചത്. കെയർ, പീപ്പിൾ ഫോർ അനിമൽ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണു ഫെസ്റ്റ് സംഘടിപ്പിച്ചത്. പേ വിഷബാധയ്ക്കെതിരെയുള്ള കുത്തിവെപ്പ് നൽകിയ 2 മാസം പ്രായമുള്ള കുട്ടികളെയാണു നൽകിയത്. 59 നായക്കുട്ടികളെയാണു ദത്തു നൽകാനായി എത്തിച്ചത്. അതിൽ 39 എണ്ണം വീട്ടുകാർ വാങ്ങിക്കൊണ്ടു പോയി.

Dog-Adoption

ബാക്കി വന്ന നായക്കുട്ടികളെ സന്നദ്ധ സംഘടനകൾ പരിപാലിച്ച് അടുത്ത ഫെസ്റ്റിൽ ആവശ്യക്കാർക്കു നൽകും. 26 മുൻകൂട്ടി റജിസ്റ്റർ ചെയ്തിരുന്നു. അതിൽ കുറച്ചു പേർ എത്തിയില്ല. ബാക്കിയുള്ളവർ നവംബർ 29ന് ടഗോർ ഹാളിലെത്തി റജിസ്റ്റർ ചെയ്താണു നായക്കുട്ടികളെ ഏറ്റുവാങ്ങിയത്.