Saturday 09 April 2022 04:57 PM IST

‘ഇല്ല, എന്റെ വീട്ടിൽ സമ്മതിക്കില്ല’: ആ നിമിഷം സ്വപ്നം പൊടിഞ്ഞു പോകുന്ന വേദന അനുഭവിച്ചു, ഒടുവിൽ...

Tency Jacob

Sub Editor

chef-nila-arangil

അമ്മ പാചകം ചെയ്യുമ്പോൾ ഞാനും ചേച്ചിയും അടുത്തു നിൽക്കണമെന്നത് നിർബന്ധമായിരുന്നു. കല്യാണം കഴിഞ്ഞു പോകേണ്ടതല്ലേ, പാചകത്തിന്റെ അടിസ്ഥാന പാഠങ്ങൾ പഠിച്ചോട്ടെ എന്നു വിചാരിച്ചായിരുന്നു ആ മുൻകരുതൽ. ഞാനിത് ഗൗരവമായി എടുക്കുമെന്നു വീട്ടിലാരും കരുതിയിരുന്നില്ല.’’ ഖത്തറിൽ ഹെറാട്ടി ലക്‌ഷ്വറി റസ്റ്ററന്റിൽ ഹെഡ് പേസ്ട്രി ഷെഫ് നിള അരങ്ങിൽ അടുക്കള പരിചയിച്ചതിന്റെ ഓർമ പറഞ്ഞു തുടങ്ങി.

‘‘വീട്ടിൽ അതിഥികൾ വരുമ്പോൾ ഡിസേർട്ട് ഉണ്ടാക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്. പുതിയത് എന്തുണ്ടാക്കാം, എങ്ങനെ ഭംഗിയാക്കാം എന്നൊക്കെ ഞാനും ചേച്ചിയും തമ്മിൽ വലിയ ‘ഗൂഡാലോചന’ നടത്തും. എനിക്ക് ചിത്രം വരയ്ക്കാൻ ഇഷ്ടമാണ്. നിറങ്ങൾ എങ്ങനെ ചേർക്കണം എന്നൊക്കെ ഒരു ധാരണയുണ്ട്. പേസ്ട്രി ഉണ്ടാക്കുന്നതും ഒരു കലയാണ്. ഉള്ളിലെ പാചകറാണിയേയും കലാകാരിയേയും ഒരുപോലെ തൃപ്തിപ്പെടുത്താൻ പറ്റും. അ ങ്ങനെയാണ് ഞാനൊരു പേസ്ട്രി ഷെഫായത്.’’

സ്വപ്നം പൊടിഞ്ഞു പോയില്ല

‘‘അച്ഛൻ അഡ്വ. ശിവദാസ് അരങ്ങിൽ, കോഴിക്കോട് സിറ്റി കോപറേറ്റീവ് ബാങ്കിന്റെ ലീഗൽ അഡ്വൈസറാണ്.അമ്മ ലത. കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളജിലായിരുന്നു ബികോം ചെയ്തത്. ആ സമയത്തു ഞാനും ചേച്ചി സിലയും കൂടി ‘ഫ്രോസ്റ്റി കാസിൽ’ എന്ന പേരിൽ ഹോം ബേക്കിങ് തുടങ്ങിയിരുന്നു.

അന്നു ഹോം ബേക്കിങ് ഇതുപോലെ സാധാരണമായിരുന്നില്ല. എംകോം കഴിഞ്ഞു ബാങ്കർ ആകണമെന്നായിരുന്നു വീട്ടിലെ തീരുമാനം. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് ചെയ്ത് തിരിച്ചു വന്നു ഹോം ബേക്കിങ് ബിസിനസാക്കി മാറ്റാം എന്നായിരുന്നു എന്റെ ചിന്ത. ഒരുപാടു കരഞ്ഞിട്ടാണ് എനിക്കു ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ അനുവാദം ലഭിച്ചത്.

പഠനശേഷം കൊച്ചി മാരിയറ്റിലായിരുന്നു മൂന്നു മാസത്തെ ട്രെയിനിങ്. അത് അവസാനിക്കുന്ന ദിവസം എന്റെ പിറന്നാളായിരുന്നു. പേസ്ട്രി ഷെഫ് എനിക്കു സമ്മാനമായി തന്നത് ആ ഹോട്ടലിലേക്കുള്ള ഓഫർ ലെറ്ററായിരുന്നു.

ഞാൻ വളരെ സങ്കടത്തോടെ അതു നിരസിച്ചു. ‘ഇല്ല, എന്റെ വീട്ടിൽ സമ്മതിക്കില്ല.’ ആ നിമിഷം സ്വപ്നം പൊടിഞ്ഞു പോകുന്ന വേദന അനുഭവിച്ചു. എനിക്ക് ഈ ജോലി എത്രത്തോളം ആഗ്രഹമുണ്ടെന്ന് അവിടെയുള്ളവർക്കെല്ലാം അറിയാമായിരുന്നു. അവർ അച്ഛനെയും അമ്മയെയും മാരിയറ്റ് ഹോട്ടലിലേക്കു ക്ഷണിച്ചു. അവിടെ വന്നു കണ്ടപ്പോൾ അവരുടെ ചിന്തകൾ മാറി. ജോലിയിൽ കയറി ഒരു വർഷമായപ്പോൾ ഒമാൻ മാരിയറ്റിൽ നിന്നു വിളിച്ചു.

ഏതൊരു ഹോട്ടലിൽ പോയാലും പേസ്ട്രി ഷെഫാണ് എന്നറിയുന്ന സമയത്തു നൽകുന്ന ബഹുമാനം കാണുമ്പോൾ സന്തോഷം നുരഞ്ഞു വരും. പാഷനാണെങ്കിൽ മാത്രം പിടിച്ചു നിൽക്കാൻ കഴിയുന്ന പ്രഫഷനാണ് ഇത്. അല്ലാത്തവർ സമ്മർദം കാരണം നിർത്തിയിട്ടു പോകും. ക്രിസ്മസ്, ന്യൂ ഇയർ സമയങ്ങളിൽ ദിവസം മുഴുവനും ജോലി ചെയ്യേണ്ടി വരും. ഇഷ്ടപ്പെട്ട ജോലിയായതു കൊണ്ടാകണം തളർച്ച തോന്നാറേയില്ല.’’