Saturday 04 April 2020 01:38 PM IST

വീട്ടിൽ ഹാർഡ് ബോർഡ് പെട്ടിയും ചാർട്ട് പേപ്പറും ഉണ്ടോ? അധോലോകത്തെ ജിസ്മോൻ പറഞ്ഞു തരും കുട്ടികൾക്കായി ഉഗ്രൻ കളികൾ (വിഡിയോ)

Ammu Joas

Sub Editor

kutti_1

'അധോലോക'ത്തിനും ലോക്ഡൗൺ വീണു. മൂന്നു ആഴ്ച്ചത്തേക്കു പൂട്ടി താക്കോലുമായി ജിസ്മോൻ വീട്ടിലുമെത്തി.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീട്ടിലാകെ ഡാർക്ക് സീൻ.

'അച്ഛാ, എനിച്ച് പാർക്കിൽ പോണം...

വാ, വണ്ടിയിൽ കേറി ടാറ്റാ പോകാം...

കളിച്ചാൻ പുതിയ ടോയ്സ് മേച്ച് തായോ...'

വെട്ടിച്ചിറ ഡൈമണെ മുതൽ ഡാഡി ഗിരിജയെ വരെ ഐസ് ക്രീം കപ്പിലൊതുക്കുന്ന അച്ഛൻ ജിസ്മോന് വീട്ടിലെ മൂന്നു കുറുമ്പുകളെ വീഴ്ത്താനാണോ പ്രയാസം. ഒപ്പം ഭാര്യ ദിവ്യയും കൂടിയതോടെ പ്ലാനും സ്കെച്ചും പക്ക.

'അധോലോകം, ഒരു കട്ട ലോക്കൽ ഐസ് ക്രീം കട' നടത്തുകയാണ് ജിസ്മോൻ. വിഭവങ്ങൾക്ക് മലയാളത്തിലെ വില്ലന്മാരുടെ പേര് നൽകിയ ഐസ് ക്രീം പാർലർ ചാലക്കുടിയിലും കൊടകരയിലും ഇരിഞ്ഞാലക്കുടയിലും മാത്രമല്ല, നാടാകെ ഫേമസ് ആണ്. ഇപ്പോഴിതാ മക്കൾക്കായി ഒരുക്കുന്ന ഗെയിമുകളും.

kutti_2

പഴയ കളികൾ പൊടി തട്ടി എടുക്കാനോ, പുത്തൻ ഗെയിംസ് ഡൗൺലോഡ് ചെയ്യാനോ ശ്രമിക്കുക അല്ല. ഏതു വീട്ടിലും ഉണ്ടാകുന്ന ഹാർഡ് ബോർഡ് പെട്ടിയും പേപ്പറും പഴയ പൈപ്പുമോക്കെ വച്ച് ക്രിയേറ്റീവ് ഗെയിംസ് ഒരുകുക്കയാണിവർ.

" അടുത്ത വീട്ടിലേക്ക് പോലും പോകാതെ വീട്ടിൽ തന്നെ ഇരിക്കുമ്പോൾ പിള്ളേർക്ക് വാശിയും ദേഷ്യവും കൂടും. ചെറിയ കാര്യത്തിന് പോലും കരച്ചിലാകും പിന്നെ. പുറത്ത് കളിക്കാൻ വിടാമെന്ന് വച്ചാൽ വെയിലൊന്ന് താഴണ്ടേ. അങ്ങനെയാണ് ഓരോ കളികൾ കണ്ടുപിടിച്ചത്. ഗൂഗിൾ ഗുരുവും സഹായിച്ചു കേട്ടോ..." ദിവ്യ പറയുന്നു.

മൂന്നു വയസ്സുകാരൻ ജോവാക്കിമും ഒന്നര വയസ്സുകാരികൾ റോസന്നയും ഹോസന്നയും ഇപ്പോൾ ഫുൾ ബിസിയാ. ചാർട്ട് പേപ്പറിൽ വെട്ടിയുണ്ടാക്കിയ ആനയുടെ തുമ്പിക്കൈയിൽ ശ്രദ്ധയോടെ പേപ്പർ വളയങ്ങൾ ഇട്ടും, ഹാർഡ് ബോർഡ് പെട്ടിയിൽ വരച്ച മുയലച്ചന്റെ വായിൽ പന്ത് ഉരുട്ടിവിട്ടും ഉല്ലസിച്ചു കളിക്കുന്നു.

"ഇന്നത്തെ ഗെയിമെന്താ എന്നു ചോദിച്ചാണ് മക്കൾ ഇപ്പോ എണീക്കുന്നത് തന്നെ. ചെറിയ കുട്ടികളായതുകൊണ്ട് ഒപ്പം ഇരുന്നാലെ കളിയെങ്ങനെ എന്ന് അവർക്ക് പിടി കിട്ടൂ. ഇവർക്ക് വേണ്ടിയുള്ള ഗെയിം ആലോചിച്ചും ഒപ്പം കളിച്ചും സമയം പോണത് അറിയുന്നേയില്ല." ജിസ്മോൻ ചിരിക്കുന്നു.

കൊച്ചു ടിവിയും കാർട്ടൂൺ നെറ്റ്‌വർക്കും മാറി മാറി കണ്ട് ടൈം കളയാൻ ഈ കുട്ടികളെ കിട്ടില്ല. മൊബൈൽ ഫോണോ ടാബോ നൽകി മക്കളെ സുഖിപ്പിക്കാൻ അവരുടെ അച്ഛനും അമ്മയും ഒരുക്കവുമല്ല. ആർക്കും പരീക്ഷിക്കാം ഇവരുടെ ഗെയിംസ്. വീഡിയോ കാണൂ.