Thursday 24 September 2020 02:46 PM IST : By സ്വന്തം ലേഖകൻ

മാസ്‌ക് ചിരിയെ മറയ്ക്കുന്ന കാലത്ത് കണ്ണുകള്‍ കൊണ്ട് സംസാരിക്കാന്‍ പഠിക്കണം; കോവിഡ് കാലത്ത് കണ്ണുകളാണ് താരം; കുറിപ്പ്

mask-face

സൗഹൃദങ്ങളും പരിചയം പുതുക്കലുകളും ഒരുചിരിയില്‍ നിന്നാണ് തുടങ്ങുന്നത്. പക്ഷേ പുഞ്ചിരിക്കുന്ന മുഖത്തെ മാസ്‌ക് കവര്‍ന്നതോടെ ചിരി തിരശീലയ്ക്കുള്ളിലായി. മാസ്‌കില്‍ പൊതിഞ്ഞ പരിചയം പുതുക്കലുകളുടെ കാലത്ത് കണ്ണുകളാണ് താരമെന്ന് പറയുകയാണ് ഡോ. സുല്‍ഫി നൂഹു. മുഖത്തെ മാംസപേശികളും പല്ലുകളും ചുണ്ടുകളിലുമൊക്കെ കാണിക്കുന്ന  ആ സൗഹൃദം കണ്ണുകളിലൂടെ ഇനി വരും മാസങ്ങളില്‍ ചിലപ്പോള്‍ ഒരു കൊല്ലത്തിലേറെ നമുക്ക് കാണിക്കേണ്ടി വരും. മാസ്‌ക് ഊരുന്നതുവരെ. സാമൂഹിക അകലം കുറയ്ക്കാന്‍ കഴിയുന്നതുവരെ കണ്ണുകള്‍ തന്നെയാണ് താരമെന്നും ഡോ. സുല്‍ഫി കുറിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ഡോക്ടറുടെ കുറിപ്പ്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

കോവിഡ്_ 19 "കണ്ണാണ് സൂപ്പർസ്റ്റാർ"

===============================

മാസ്കുകൾ കൊണ്ട് മൂടിയ മുഖത്ത് കണ്ണ് തന്നെയാണ് താരം.

കുറഞ്ഞത് മാസ്കില്ലാതെ ജീവിക്കാൻ കഴിയുന്നതു വരെയെങ്കിലും.

"തിരക്ക് കൂടിയതുകൊണ്ടാകും ഇപ്പോ വലിയ ഗൗരവമാണ്"

ഇത് എൻറെ സ്ഥിരം രോഗിയായ വല്യമ്മച്ചി പറഞ്ഞ കമൻറ്.

വല്യമ്മച്ചിയുടെ ചെറുമകന്റെ പരിശോധനയെല്ലാം കഴിഞ്ഞ് മരുന്നു കുറിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു എടുത്തടിച്ച പോലെ ഇങ്ങനെ പറഞ്ഞത്.

പത്തിരുപത് കൊല്ലമായി ഇടക്കൊക്കെ കാണുന്ന വല്യമ്മച്ചിയുടെ മുഖം മാസ്ക് കൊണ്ടു മൂടിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞതെയില്ല

വല്യമ്മച്ചിയെ കാണുമ്പോ വലിയ ഒരു ചിരി സമ്മാനിച്ച് തൊളിൽ തട്ടി ,വീട്ടു വിശേഷങ്ങളൊക്കെ ചോദിച്ച് ഏറെ സംസാരിക്കുന്ന ഞാൻ അവരെ തിരിച്ചറിഞ്ഞപോലുമില്ല

എൻറെ കണ്ണുകൾ സംസാരിക്കേണ്ടതായിരുന്നു.

തെറ്റ് തിരുത്തണമെന്നുറച്ചു ഞാൻ.

ഇനിയുള്ള ഏതാനും മാസങൾ ,ചിലപ്പോൾ ഇനിയും ഒരു കൊല്ലത്തിലേറെ കണ്ണുകൾ തന്നെയാവണം താരം.

എല്ലാവരോടും

എല്ലാവരും

അങ്ങനെ തന്നെ വേണം

രോഗികളോട് മാത്രമല്ല കണ്ണുകൊണ്ട് സംസാരിക്കേണ്ടത്.

ഓഫീസിൽ

സ്കൂളിൽ

സുഹൃത്തുക്കളോട്

പൊതുസ്ഥലങ്ങളിൽ

ബന്ധുക്കളെ കാണുമ്പോൾ അങ്ങനെയൊക്കെ.

അതെ ഒന്നുകൂടി പറയാം

മുഖത്തെ മാംസപേശികളും ചുണ്ടുകളും പല്ലുകളും കാണിക്കാത്ത സ്നേഹവും വാത്സല്യവും സൗഹൃദവുമൊക്കെ കണ്ണുകൾകൊണ്ട് കാണിക്കണം.

അത് പ്രയാസം പിടിച്ച പണിയാണെന്ന് കരുതുന്നവർക്ക് തെറ്റി

ദേഷ്യം വരുമ്പോഴും സന്തോഷം വരുമ്പോഴും ദുഃഖം വരുമ്പോഴും വെറുതെ കണ്ണാടിയിൽ പോയി നോക്കൂ.

കണ്ണുകൾ വലിയ വലിയ കഥകൾ പറയും.

സത്യം പറയുമ്പോഴും

കള്ളം പറയുമ്പോഴും

മറ്റുള്ളവർ പറയുന്നത് വിശ്വസിക്കുമ്പോഴും

അവിശ്വസിക്കുമ്പോഴും നമ്മുടെ കണ്ണുകളിൽ വ്യതിയാനങ്ങൾ ഉണ്ടാകും

ഇതെല്ലാം നാമറിയാതെ എല്ലാദിവസവും ചെയ്തു പോകുന്ന കാര്യങ്ങളാണ്.

അത് ഏതൊക്കെയാണ് എന്ന് സ്വയം വിലയിരുത്തി സ്നേഹവും സന്തോഷവും സൗഹൃദവും കാണിക്കുന്ന കണ്ണുകളുടെ ഭാഷ പഠിക്കണം.

ചുണ്ടുകൾക്കും പല്ലുകൾക്കും കാണിക്കാൻ പറ്റാത്ത അത്ഭുതങ്ങൾ കണ്ണുകൾ കൊണ്ട് മാത്രം കാണിക്കേണ്ടി വരും ഇനി കുറച്ചു നാൾ.

കണ്ണുകളുടെ ശരീര ഭാഷ

ശാസ്ത്രം ആകണമെന്നില്ല.

വെറും ഒബ്സർവേഷൻ മാത്രം

നിരീക്ഷണങ്ങൾ.

നിരീക്ഷണങ്ങൾ ഇങ്ങനെ പോകുന്നു

കഴിവതും കണ്ണുകളിൽ നോക്കി സംസാരിക്കുന്നത് ആത്മാർത്ഥതയുടെയും സത്യസന്ധതയുടെയും ലക്ഷണമെന്ന് നിഗമനം

മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും ചിരിക്കുമ്പോൾ നമ്മുടെ കണ്ണുകൾ അറിയാതെയൊന്നു തിളങ്ങും .

ആ ചിരി കണ്ണുകളിൽ ഉണ്ടാകും

ആത്മവിശ്വാസത്തോടെ കാര്യങ്ങൾ പറയുമ്പോൾ അത് കണ്ണുകളിൽ പ്രതിഫലിക്കും.

പഴയ കാര്യങ്ങൾ ആലോചിക്കുമ്പോൾ കണ്ണുകൾ ഇടത്തോട്ടും അത്ഭുതം തോന്നുമ്പോൾ കണ്ണുകൾ മുകളിലോട്ടും അങ്ങനെ തുടങ്ങി വിവിധ വികാരങ്ങൾ കണ്ണുകളുടെ ചലനങ്ങളിലൂടെയും പുരികങ്ങളുടെ ചലനങ്ങളിലൂടെയുംയെന്ന് പറയപ്പെടുന്നു.

അതിവിദഗ്ധർ അതെല്ലാം മറച്ചു വെയ്ക്കുമായിരിക്കും

അതിനെ കണക്കിലെടുക്കേണ്ട.

അതുകൊണ്ട് തന്നെ ഒന്നുകൂടി അടിവരയിട്ട് പറയാം.

മുഖത്തെ മാംസപേശികളും പല്ലുകളും ചുണ്ടുകളിലുമൊക്കെ കാണിക്കുന്ന ആ സൗഹൃദം കണ്ണുകളിലൂടെ ഇനി വരും മാസങ്ങളിൽ ചിലപ്പോൾ ഒരു കൊല്ലത്തിലേറെ നമുക്ക് കാണിക്കേണ്ടി വരും.

മാസ്ക് ഊരുന്നതുവരെ.

സാമൂഹിക അകലം കുറയ്ക്കാൻ കഴിയുന്നതുവരെ.

കണ്ണുകൾ തന്നെയാണ് താരം.

ഡോ സുൽഫി നൂഹു