Friday 28 February 2020 04:34 PM IST : By സ്വന്തം ലേഖകൻ

ശ്വാസകോശത്തിലും വയറ്റിലും ചെളി; ദേവനന്ദയുടേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കണ്ടെത്തലുകൾ

deva-postmortem

കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ ദേവനന്ദയുടേതു മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡി. കോളജില്‍ പൂര്‍ത്തിയായി. ഇന്നലെ ഉച്ചയ്ക്ക് മുമ്പ് തന്നെ ദേവനന്ദയുടെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിയിച്ചു. മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് മരണം സംഭവിക്കുന്നത്. രാവിലെ 10 മണിയോടെയാണ് ദേവ നന്ദയെ കാണാതാകുന്നത്.

ഉപദ്രവിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. കാലുതെറ്റി വെള്ളത്തില്‍ വീണതാകാന്‍ സാധ്യതയെന്നും നിഗമനം. ദേവനന്ദയുടെ ശരീരത്തിൽ മുറിവും ചതവുകളുമില്ലെന്ന് പ്രാഥമിക വിവരം. പരിശോധനയില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്ക് ശേഷമേ അന്തിമ നിഗമനത്തിലേക്ക് പോകൂ.

രാത്രി വൈകിയും നടന്ന തിരച്ചിലിനൊടുവിൽ രാവിലെ 7.35ഓടെയാണ് ദേവനന്ദയുടെ മരണവാർത്ത സ്ഥിരീകരിക്കുന്നത്. ഇത്തിക്കരയാറ്റിൽ നിന്നും ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോസ്റ്റല്‍ പൊലീസിന്റെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് ദേവനന്ദയുടെ കണ്ടെത്തിയത്. കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതേദഹം.

ദേവനന്ദയുടെ വീട്ടില്‍ നിന്ന് എഴുന്നൂറു മീറ്റര്‍ അകലെ റബര്‍തോട്ടം കഴിഞ്ഞ് പുഴയിലാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം കിടന്നിരുന്ന അതേസ്ഥലത്തു നിന്നു തന്നെ കുട്ടി കഴുത്തിൽ ധരിച്ചിരുന്ന ഷാൾ കണ്ടെത്തിയിരുന്നു.

കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കുട്ടി തനിച്ച് എങ്ങനെയാണ് ഈ സ്ഥലത്ത് എത്തിയതെന്നും കൂടുതൽ അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. എന്നാൽ സംഭവത്തിൽ ദുരൂഹത കാണുന്നില്ലെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി പ്രതികരിച്ചു.